പുതിയ സര്‍ക്കുലറിലെ വ്യവസ്ഥ തടസ്സം; സുരാജിന്റെ ലെസന്‍സ് സസ്പെന്റ് ചെയ്യുന്നതിനുള്ള നടപടി നീളും

തിരുവനന്തപുരം: നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്പെന്റ് ചെയ്യുന്നതിനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി നീളും. പൊലീസ് എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ മാത്രം നടപടി പാടില്ലെന്ന ഗതാഗത കമ്മീഷണറുടെ പുതുക്കിയ സര്‍ക്കുലറിനെ തുടര്‍ന്നാണ് തീരുമാനം. പുതിയ സര്‍ക്കുലറിനെ തുടര്‍ന്ന് സുരാജിനെതിരെയുള്ള പരാതി എംവിഡി ഉദ്യോഗസ്ഥന്‍ പ്രത്യേകം അന്വേഷിക്കും. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമായിരിക്കും നടപടി.

2023 ജൂലൈയില്‍ എറണാകുളം തമ്മനത്ത് വച്ച് സുരാജ് ഓടിച്ച കാര്‍ ഇടിച്ച് മട്ടാഞ്ചേരി സ്വദേശി ശരത്തിന് പരിക്കേറ്റിരുന്നു. അമിത വേഗത്തില്‍ ഓടിച്ച് അപകടം ഉണ്ടായതിനെ തുടര്‍ന്ന് പാലാരിവട്ടം പൊലീസാണ് സുരാജിനെതിരെ കേസെടുത്തത്. പൊലീസ് കേസ് എംവിഡിക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് തവണ സുരാജിന് നോട്ടീസ് നല്‍കിയെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അയച്ച നോട്ടീസും അവഗണിച്ചതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹനവകുപ്പ് സുരാജിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി ആരംഭിച്ചത്.റജിസ്റ്റേര്‍ഡ് ആയി അയ്യച്ച നോട്ടീസ് സുരാജ് വെഞ്ഞാറമൂട് കൈപറ്റിയതിന്റെ രസീത് മോട്ടോര്‍ വാഹനവകുപ്പിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള നീക്കവുമായി മുന്നോട്ടു പോകാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചത്.

Top