ജോലിയല്ല, നിലപാടാണ് പ്രശ്നം … മനോരമയോട് ഗുഡ് ബൈ പറഞ്ഞ് അനിൽ ഇമ്മാനുവൽ

തിരുവനന്തപുരം: കേരളത്തിലെ ദൃശ്യമാധ്യമ ചരിത്രത്തിൽ ഏറ്റവും കൂടുൽ എക്സ്ക്ലൂസീവ് വാർത്തകൾ റിപ്പോർട്ട് ചെയ്ത അനിൽ ഇമ്മാനുവൽ ഒടുവിൽ മനോരമയോട് ഗുഡ്ബൈ പറഞ്ഞു. അടിവസ്ത്ര തിരിമറി കേസില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരായ വാർത്ത മനോരമ ചാനൽ റിപ്പോർട്ട് ചെയ്യാൻ വിമുഖത കാണിച്ചതാണ് രാജിക്കു കാരണമെന്നാണ് ലഭിക്കുന്ന സൂചന.

മനോരമ ചാനൽ വാർത്ത നൽകാൻ വിമുഖത കാണിച്ചതിനെ തുടർന്ന്, മനോരമ ന്യൂസിലെ പ്രിൻസിപ്പൽ കറസ്പോണ്ടന്റു കൂടിയായ അനിൽ ഇമ്മാനുവൽ തന്റെ ഫെയ്സ്ബുക്കിലൂടെ മന്ത്രിക്കെതിരായ രേഖകൾ പുറത്തു വിടുകയാണ് ഉണ്ടായത്. തുടർന്ന് കൈരളിയും മനോരമയും ഒഴികെ മറ്റു എല്ലാ വാർത്താ ചാനലുകളും വിഷയം ഏറ്റെടുത്ത് റിപ്പോർട്ട് ചെയ്യുകയുണ്ടായി. മനോരമ മാനേജ്മെന്റിനെ സംബന്ധിച്ച് ഇത് വലിയ ഒരു തിരിച്ചടിയായിരുന്നു. എക്സ്ക്ലൂസീവായി നൽകാൻ കഴിയുമായിരുന്ന ഇത്രയും പ്രധാനപ്പെട്ട ഒരു വാർത്ത നൽകാതിരുന്നതിന് സ്വന്തം ചാനലിലെ ജീവനക്കാരുടെ ചോദ്യത്തിനു പോലും മനോരമ മാനേജ്മെന്റിന് മറുപടി ഉണ്ടായിരുന്നില്ല. വാർത്ത നൽകാതിരുന്നതിന് സോഷ്യൽ മീഡിയകളിലും മനോരമക്കെതിരെ നിരവധി പേരാണ് പ്രതികരിച്ചിരുന്നത്. എല്ലാക്കാലത്തും ഇടതുപക്ഷ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ചാനൽ, ഇത്തവണ ആ മന്ത്രിസഭയിലെ അംഗത്തിനെതിരായ ആരോപണം കണ്ടില്ലന്ന് നടിച്ചതിൽ രാഷ്ട്രിയ നിരീക്ഷകരും അമ്പരന്നിരിക്കുകയാണ്.

മനോരമ ന്യൂസിലെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍, താന്‍ സ്ഥാപനത്തില്‍ നിന്നും പടിയിറങ്ങുകയാണെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസമാണ് അനിൽ ഇമ്മാനുവൽ കുറിപ്പിട്ടിരുന്നത്.

മന്ത്രി ആന്റണി രാജു തൊണ്ടിമുതലായ അടിവസ്ത്രം കോടതിയില്‍ നിന്ന് എടുത്ത് കൃത്രിമം കാട്ടിയ കേസിലെ തെളിവുകൾ അനിലിനാണ് ആദ്യം ലഭിച്ചിരുന്നത്. ദീര്‍ഘകാലത്തെ അന്വേഷണത്തിനൊടുവിലാണ് അദേഹം ഇക്കാര്യങ്ങള്‍ എല്ലാം ശേഖരിച്ചിരുന്നത്.

മന്ത്രിയെ പ്രതിരോധത്തിലാക്കുന്ന ഈ തെളിവുകള്‍ പുറത്ത് വന്നതോടെ കേസിന്റെ ഗതി തന്നെ ഇപ്പോൾ മാറിയിരിക്കുകയാണ്.

മന്ത്രി ആന്റണി രാജുവിനെതിരായ കേസിൽ തിരുവനന്തപുരം സിജെഎം കോടതി ഫയലുകൾ വിളിപ്പിക്കുന്ന അസാധാരണ സാഹചര്യവുമുണ്ടായി. നെടുമങ്ങാട് കോടതിയിൽ നിന്നാണ് കേസിനാസ്പദമായ ഫയലുകൾ വിളിപ്പിച്ചിരുന്നത്. 16 വർഷമായി വിചാരണ വൈകിയ കേസിൽ മാധ്യമവാർത്തകൾക്ക് പിന്നാലെയാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ ഉണ്ടായിരിക്കുന്നത്.

അനില്‍ ഇമ്മാനുവേല്‍ മനോരമ ന്യൂസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്

നേരിട്ടൊരു യാത്ര പറച്ചിലിന് അവസരമില്ല, പടിയിറങ്ങുകയാണ്. പിന്തുണച്ചവര്‍ക്കെല്ലാം നന്ദി.

വ്യക്തിപരമായി ഇഷ്ടാനിഷ്ടങ്ങള്‍ പലരോടും ഉണ്ടായിട്ടുണ്ടെങ്കിലും മനോരമ എന്ന വലിയ കുടുംബത്തോട് ഇഷ്ടം മാത്രമേയുള്ളു. അതുകൊണ്ട് തന്നെയാണ് കയ്യില്‍വന്ന തരക്കേടില്ലാത്ത ഒരു വാര്‍ത്ത ഇവിടെ കൊടുക്കാന്‍ കഴിയില്ലെന്ന് തീരുമാനം ഫൈനലായി എന്നെ അറിയിച്ചശേഷവും, അത് മറ്റൊരിടത്തും കൊണ്ടുപോയി കൊടുക്കേണ്ടെന്ന് തീരുമാനിച്ചത്; പലരും ആവശ്യപ്പെട്ടെങ്കിലും. 3,4 മാസത്തോളം അതിനായി കൂടെ നിന്നവരോടുള്ള മര്യാദയെക്കരുതിയാണ്, നശിപ്പിച്ച് കളയാതെ ഒടുവിലത് എനിക്ക് അവയ്‌ലബിള്‍ ആയ, എന്റെ തന്നെയൊരു പ്ലാറ്റ്‌ഫോമില്‍ ഇട്ടത്…. കുലംകുത്തിയായി ഇറങ്ങിപ്പോകേണ്ട സാഹചര്യമില്ലെന്ന് നല്ല ഉറപ്പുള്ളത് കൊണ്ടും, എന്നാലങ്ങനെ വരുത്തിത്തീര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നത് മനസിലാക്കുന്നത് കൊണ്ടും ചുരുക്കത്തില്‍ ഇത്രയും അറിയിച്ചെന്ന് മാത്രം. ഇനിയും സംശയമുള്ളവര്‍ ഉണ്ടെങ്കില്‍ എന്നെ വിളിക്കാം. തെളിവ് സഹിതം സംസാരിക്കാവുന്നതെയുള്ളൂ. 94970 81819 ആണ് പുതിയ നമ്പര്‍. ഒഫീഷ്യല്‍ ഫോണ്‍ മുന്നറിയിപ്പ് ഒന്നുമില്ലാതെ ഡിസ്‌കണക്ട് ആക്കിയിട്ടുണ്ട്.

അടുത്തത് എന്തെന്ന് തീരുമാനിച്ചിട്ടില്ല. ഈ ജോലി മാത്രമാണ് ഇതുവരെ ചെയ്തിട്ടുള്ളത്; ഇനിയും അങ്ങനെ തന്നെ ആയിരിക്കും. അന്തസ്സും ആത്മാഭിമാനവും അടിയറ വയ്ക്കാതെ നില്‍ക്കാന്‍ കഴിയണമെന്ന് മാത്രമാണ് നിര്‍ബന്ധമുള്ളത്.

Top