കെ.എം ഷാജിക്കെതിരായ അന്വേഷണ സംഘത്തെ വിപുലീകരിക്കും

കോഴിക്കോട്: കെ.എം ഷാജി എംഎല്‍എക്കെതിരായ അനധികൃത സ്വത്തുസമ്പാദന കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ വിപുലീകരിക്കും. ഷാജിയുടെ പത്തു വര്‍ഷത്തെ സമ്പാദ്യവും ചിലവും പരിശോധിക്കേണ്ടതിനാലാണ് നടപടി. 2011ല്‍ നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടതു മുതലുളള കെ.എം ഷാജിയുടെ എല്ലാ വരവു ചെലവു കണക്കുകളുമാണ് വിജിലന്‍സ് പരിശോധിക്കുന്നത്.

ഷാജിയുടെ രണ്ടു വീടുകളുടെ മൂല്യവും വിജിലന്‍സ് കണക്കാക്കും. ഇതിനോടകം ഹാജരാക്കിയ തെളിവുകള്‍ വിട്ടുകിട്ടാനായി അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കോടതിയില്‍ നിന്ന് രേഖകള്‍ കിട്ടിയാല്‍ ഷാജിയെ വീണ്ടും ചോദ്യം ചെയ്യും.

കഴിഞ്ഞ ദിവസം നാലു മണിക്കൂറോളം കെ.എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. കണ്ണൂരിലെ വീട്ടില്‍ നിന്ന് കിട്ടിയ പണം സംബന്ധിച്ചായിരുന്നു പ്രധാനമായും ചോദിച്ചത്. അത് തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന വിശദീകരണമാണ് കെ.എം ഷാജി നല്‍കിയത്.

Top