ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍; അബുദാബിയില്‍ നടക്കുന്ന ‘അഹ്ലാന്‍ മോദി’ പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും

ദുബായ്: അടുത്ത മാസം യുഎഇ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പുകള്‍ അന്തിമ ഘട്ടത്തില്‍.ബിജെപി അനുകൂല പ്രവാസ സംഘടനകള്‍ സംയുക്തമായാണ് അഹ്ലാന്‍ മോദി (ഹലോ മോദി) എന്ന പേരില്‍ സ്വീകരണം ഒരുക്കുന്നത്.ഫെബ്രുവരി 13ന് അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ നല്‍കുന്ന സ്വീകരണം മോദിയുടെ രാജ്യാന്തര തിരഞ്ഞെടുപ്പു കണ്‍വന്‍ഷനായി മാറും. അബുദാബിയിലെ ബാപ്‌സ് ഹിന്ദു മന്ദിറിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് എത്തുന്ന മോദി തലേന്ന് 20,000ല്‍ അധികം പേര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഫെബ്രുവരി 14ന് ആണ് ക്ഷേത്ര ഉദ്ഘാടനം. അക്ഷര്‍ധാം ക്ഷേത്ര മാതൃകയില്‍ യുഎഇയില്‍ നിര്‍മിക്കുന്ന ഏറ്റവും വലിയ ക്ഷേത്രമാണ് അബുദാബിയിലേത്.

അഹ്ലാന്‍ മോദിയില്‍ പങ്കെടുക്കുന്നവര്‍ക്ക് 7 എമിറേറ്റുകളില്‍ നിന്നും സൗജന്യ വാഹന സൗകര്യം ഏര്‍പ്പെടുത്തി. പങ്കെടുക്കുന്നവര്‍ അഹ്ലാന്‍ മോദി വെബ്‌സൈറ്റ് വഴി പേരുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. റജിസ്‌ട്രേഷന്‍ പൂര്‍ണമായും സൗജന്യമാണ്. 4 മുതല്‍ പരിപാടി തുടങ്ങും. രാത്രി 7ന് മോദി യോഗത്തെ അഭിസംബോധന ചെയ്യും.

Top