കേരള പദയാത്ര;സമാപന സമ്മേളനം തിരുവനന്തപുരത്ത് വച്ച് പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യും

കൊച്ചി: കേരള പദയാത്രയുടെ സമാപന സമ്മേളനം ഫെബ്രുവരി 27-ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് വച്ച് ഉദ്ഘാടനംചെയ്യും. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആണ് ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ നരേന്ദ്രമോദിക്കുള്ള അംഗീകാരം വര്‍ദ്ധിച്ചുവരുകയാണെന്നും ഇതാണ് കേരള പദയാത്രയുടെ വന്‍ വിജയത്തിന്റെ കാരണമെന്നും അദ്ദേഹം പറഞ്ഞു. കേരള പദയാത്രയുടെ ഭാഗമായി അങ്കമാലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലൈകോയിലെ അവശ്യസാധനങ്ങള്‍ക്ക് വിലവര്‍ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സപ്ലൈകോയില്‍ വിലകൂടിയാല്‍ എല്ലാ സാധനങ്ങള്‍ക്കും വിലകൂടും. വിലവര്‍ധനവ് ജനങ്ങളെ ബാധിക്കില്ലെന്ന് മന്ത്രി പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ സൗജന്യ അരി വിതരണം ചെയ്യുമ്പോഴാണ് സംസ്ഥാനം ജനവഞ്ചന നടത്തുന്നത്. സപ്ലൈകോയില്‍ നേരത്തെ തന്നെ സര്‍ക്കാര്‍ ഒരു സഹായവും ചെയ്തില്ല. ഇപ്പോള്‍ അത് പൂട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ആന്ധ്ര അരി ലോബിയെ സഹായിക്കാന്‍ വേണ്ടിയാണിത്. ഭാരത് അരിക്കെതിരെ പ്രചാരണം നടത്തുന്നതും അരിലോബിയെ സഹായിക്കാന്‍ വേണ്ടിയാണെന്നും ഇതുപോലെ ഒരു ജനവിരുദ്ധമായ സര്‍ക്കാര്‍ കേരള ചരിത്രത്തില്‍ വേറെയില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് കെ.എസ്.ഐ.ഡി.സി.യില്‍ ഉന്നത സ്ഥാനങ്ങളിലിരുന്നവര്‍ റിട്ടയര്‍മെന്റിന് ശേഷം ചില കമ്പനികളുടെ തലപ്പത്ത് വരുന്നതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. മാസപ്പടിയുടെ പ്രത്യുപകാരമാണോ ഇതെന്ന് സംശയമുണ്ട്. കെ.എസ്.ഐ.ഡി.സി. മുഖ്യമന്ത്രിയുടെ മകളുടെ ഷെല്‍ കമ്പനിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിക്കും മകള്‍ക്കും മാസപ്പടി വാങ്ങാന്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top