ഇന്ത്യയുടെ വികസനത്തില്‍ സ്ത്രീ ശാക്തീകരണത്തിന്റെ പങ്ക് ഒഴിച്ചുകൂടാനാകാത്തതെന്ന് പ്രധാനമന്ത്രി

ഹൈദരാബാദ്: ഇന്ത്യയുടെ വികസനത്തില്‍ സ്ത്രീ ശാക്തീകരണം ഒഴിച്ചുകൂടാനാകാത്ത ഒന്നാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

എല്ലാ വികസനപദ്ധതികളിലും വനിതകളുടെ അതിരില്ലാത്ത സംഭാവനയുണ്ടെന്നും, നമ്മുടെ ബഹിരാകാശ പദ്ധതികള്‍ മുതല്‍ സര്‍ക്കാര്‍ മന്ത്രിമാരില്‍ വരെ വനിതകളുടെ സംഭാവനകള്‍ വലുതാണെന്നും, ഇവിടെ ജിഇഎസ് ഉച്ചകോടിയില്‍ എത്തിയിരിക്കുന്നവരില്‍ അന്‍പതു ശതമാനത്തിലധികം പേരും വനിതകളാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ മൂന്നു പരമ്പരാഗത ഹൈക്കോടതികളുടെ നേതൃസ്ഥാനം അലങ്കരിക്കുന്നതും സ്ത്രീകളാണെന്നും, ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിലും വനിതകളുടെ സംഭാവന വലുതായിരുന്നെന്നും, ഐഎസ്ആര്‍ഒയില്‍ മാത്രമല്ല, കല്‍പന ചൗളയും സുനിത വില്യംസും യുഎസ് ബഹിരാകാശ പദ്ധതികള്‍ക്കും വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

ഹൈദരാബാദില്‍ ആഗോള സംരംഭക ഉച്ചകോടി (ജിഇഎസ് 2017)യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ വ്യവസായങ്ങള്‍ എളുപ്പമാക്കുന്നതിനു സര്‍ക്കാരെടുത്ത നിര്‍ണായക തീരുമാനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി ഉച്ചകോടിയില്‍ വ്യക്തമാക്കി.

2018നകം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 580 മില്യണായി ഉയരുമെന്നും, ഇതു തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും, ഇന്ത്യയെ സ്റ്റാര്‍ട്ട് അപ്പ് ഹബ്ബാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും, ഇതിലൂടെ വനിത വ്യവസായികള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുമെന്നും മോദി ഉറപ്പ് നല്‍കി.

ദിവസവും 40 മില്യണ്‍ ഡിജിറ്റല്‍ ഇടപാടുകളാണു നടക്കുന്നതെന്നും, ഭീം ആപ്പുവഴി ദിവസേന 2,80,000 ഇടപാടുകള്‍ നടക്കുന്നുണ്ടെന്നും, 1.15 ബില്യണ്‍ ജനങ്ങളാണ് ആധാറിനു കീഴിലുള്ളത്. യുവ വ്യവസായികളാണ് ഇന്ത്യയുടെ സമ്പത്തെന്നും മോദി പറഞ്ഞു.

Top