ബി.ജെ.പിയുടെ പ്രവര്‍ത്തനം രാഷ്ട്രീയത്തിന് വേണ്ടിയല്ല, രാഷ്ട്രത്തിന് വേണ്ടിയാണ്: നരേന്ദ്രമോദി

ഡല്‍ഹി: വികസിത ഭാരതമെന്ന സ്വപ്നത്തിലേക്കുള്ള യാത്രയില്‍ അടുത്ത അഞ്ച് വര്‍ഷം പ്രധാന പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത അഞ്ച് വര്‍ഷത്തിനിടെ നമുക്ക് ഒരു കുതിച്ചുചാട്ടം നടത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.

ബി.ജെ.പി പ്രവര്‍ത്തകര്‍ രാജ്യസേവനത്തിനായി 24 മണിക്കൂറും എന്തെങ്കിലും ചെയ്യുന്നു. എന്നാല്‍, അടുത്ത 100 ദിവസം പുത്തന്‍ ഊര്‍ജ്ജത്തോടെയും വിശ്വാസത്തോടെയും പ്രവര്‍ത്തിക്കണം. ഇക്കാലയളവില്‍ നാം ഓരോ പുതിയ വോട്ടര്‍മാരിലേക്കും എത്തേണ്ടതുണ്ട്. എല്ലാവരുടേയും വിശ്വാസം ഉറപ്പുവരുത്തണം. എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ തിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം സീറ്റ് ബി.ജെ.പിക്ക് ലഭിക്കും. ഇന്ന് ഫെബ്രുവരി 18-ാം തീയതിയാണ്. 18 വയസ്സ് കഴിഞ്ഞവര്‍ 18-ാം ലോക്സഭയെ തിരഞ്ഞെടുക്കാന്‍ പോകുന്നു.

എന്‍.ഡി.എ. 400 സീറ്റിലേക്കെത്തുമെന്ന കാര്യം പ്രതിപക്ഷം പോലും അംഗീകരിക്കുന്നു. അതിനായി ബി.ജെ.പി 370 എന്ന മാജിക്കല്‍ നമ്പര്‍ കടക്കണം. രാജ്യത്ത് വികസനത്തിന്റെ കുതിപ്പ് തുടരാന്‍ ബി.ജെ.പി അധികാരത്തില്‍ മടങ്ങിയെത്തും. ബി.ജെ.പിയുടെ പ്രവര്‍ത്തനം രാഷ്ട്രീയത്തിന് വേണ്ടിയല്ല, രാഷ്ട്രത്തിന് വേണ്ടിയാണ്. അധികാരം ആസ്വദിക്കാനല്ല താന്‍ മൂന്നാമൂഴം ആവശ്യപ്പെടുന്നത്. ‘എന്റെ വീടിനെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കില്‍ കോടിക്കണക്കിന് പാവപ്പെട്ടവര്‍ക്ക് ഞാന്‍ വീട് നിര്‍മിച്ച് നല്‍കില്ലായിരുന്നു. പാവപ്പെട്ട കുട്ടികളുടെ മികച്ച ഭാവിക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Top