വാക്‌സിനെതിരായ പ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിന്‍ എടുക്കാന്‍ മടിച്ചു നില്‍ക്കരുതെന്നും വാക്സിനെതിരായ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. റേഡിയോ പ്രഭാഷണ പരമ്പരയായ മന്‍ കി ബാത്തിന്റെ 78ാമത് എഡിഷനില്‍ സംസാരിക്കുകയായിരുന്നു മോദി. 90ന് മുകളില്‍ പ്രായമുള്ള തന്റെ മാതാവ് പോലും വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു.

ശാസ്ത്രത്തെ വിശ്വസിക്കാന്‍ എല്ലാവരോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. നമ്മുടെ ശാസ്ത്രജ്ഞരെ വിശ്വസിക്കൂ. നിരവധി പേര്‍ വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞു. ഞാന്‍ രണ്ട് ഡോസ് വാക്സിനും എടുത്തു. എന്റെ മാതാവ് രണ്ട് ഡോസ് വാക്സിനെടുത്തു. വാക്സിനുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്. വാക്സിന്‍ എടുക്കുന്നതിലൂടെ മാത്രമേ ഒരാള്‍ക്ക് കോവിഡില്‍ നിന്ന് സുരക്ഷ നേടാനാകൂ.

വാക്സിനെതിരെ പ്രചാരണം നടത്തുന്നവര്‍ അത് ചെയ്തുകൊണ്ടേയിരിക്കട്ടെ. നമ്മള്‍ നമ്മുടെ ചുമതല നിറവേറ്റണം. എല്ലാവരും വാക്സിനെടുത്തുവെന്ന് ഉറപ്പാക്കണം. കോവിഡ് ഭീഷണി ഇനിയും അവസാനിച്ചിട്ടില്ല. വാക്സിനേഷനിലും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിലും നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം -മോദി പറഞ്ഞു.

Top