രണ്ടാം വന്ദേഭാരതിന്റെ ഫ്ളാഗ് ഓഫ് ഇന്ന് കാസര്‍കോട് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും

കാസര്‍കോട്: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഫ്ളാഗ് ഓഫ് ഇന്ന് കാസര്‍ഗോട്ട് നടക്കും. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ യാത്ര. ഇതുള്‍പ്പെടെ രാജ്യത്തെ വിവിധ സോണുകളിലായി അനുവദിച്ച ഒമ്പത് വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് നിര്‍വഹിക്കുക.

കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ രാവിലെ 11 മുതല്‍ ആഘോഷ പരിപാടികള്‍ ഉണ്ടാകും. കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, മന്ത്രി വി.അബ്ദുറഹിമാന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന യാത്രയില്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും അവസരമുണ്ടാവുക.

ചൊവ്വാഴ്ച്ച മുതല്‍ ട്രെയിനിന്റെ റെഗുലര്‍ സര്‍വീസുകള്‍ ആരംഭിക്കും. 26ാംതീയതി മുതലാണ് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാന്‍ കഴിയുക. കാസര്‍ഗോഡ് നിന്ന് ഏഴു മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ തിരുവനന്തപുരത്ത് 3.05 ന് എത്തും. രണ്ടാം വന്ദേ ഭാരതത്തിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. 8 കോച്ചുകളാണ് ഈ ട്രെയിനിന് ഉള്ളത്.

Top