വ്യാപാര ബന്ധം മെച്ചപ്പെടുത്തും; ബൈഡനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

വാഷിംങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രത്തിലെ പുതിയ അധ്യായമാണിതെന്ന് ജോ ബൈഡന്‍ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരബന്ധം ശക്തിപ്പെടുത്തണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കി.

ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കുമെന്നാണ് കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് ബൈഡന്‍ പ്രതികരിച്ചത്. ബൈഡന്‍ കുടുംബത്തിലെ അഞ്ചു പേര്‍ ഇന്ത്യയിലുണ്ടെന്ന് അറിഞ്ഞതിനെ കുറിച്ച് ബൈഡന്‍ പറഞ്ഞു. സഹിഷ്ണുതയുടെ കാര്യത്തില്‍ മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു ജോ ബൈഡന്റെ പ്രതികരണം.

ഇന്ത്യയിലെ ബൈഡന്‍ കുടുംബങ്ങളെക്കുറിച്ച് ചില രേഖകള്‍ കൊണ്ടുവന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. കൊവിഡ് വ്യാപനത്തിലും കാലാവസ്ഥാ മാറ്റത്തിലും ബൈഡന്‍ ഭരണകൂടം സ്വീകരിച്ച നിലപാടുകളെ മോദി പ്രകീര്‍ത്തിച്ചു. ഇന്ന് എല്ലാ വിഷയങ്ങളും വിശദമായി പരിശോധിക്കാനാവുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. ജനാധിപത്യ മൂല്യങ്ങളില്‍ ഉറച്ച ബന്ധമാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ളത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര ബന്ധം ശക്തിപ്പെടുത്തണം. പരസ്പരവിശ്വാസം വളര്‍ത്താന്‍ മഹാത്മാഗാന്ധിയുടെ ആദര്‍ശം പ്രേരണയായെന്നും മോദി പറഞ്ഞു.

Top