കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ജമ്മു കശ്മീരിലെ എട്ട് രാഷ്ട്രീയ പാര്‍ട്ടിയില്‍നിന്നായി 14 നേതാക്കളെയാണ് കേന്ദ്രം ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. ജമ്മു കശ്മീരില്‍ തുടങ്ങിവച്ച മണ്ഡല പുനര്‍നിര്‍ണയമാണ് മുഖ്യചര്‍ച്ചാ വിഷയം. സംസ്ഥാന പദവി പുനഃസ്ഥാപിക്കല്‍, നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളും ഉയര്‍ന്നുവരും. പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിക്കുമെന്ന് ഗുപ്കാര്‍ സഖ്യം പാര്‍ടികള്‍ അറിയിച്ചിരുന്നു. എന്നാല്‍, പ്രത്യേക പദവി വിഷയം കോണ്‍ഗ്രസ് ഉന്നയിക്കില്ല.

യോഗം മുന്‍നിര്‍ത്തി ജമ്മു കശ്മീരില്‍ 48 മണിക്കൂര്‍ ജാഗ്രത പ്രഖ്യാപിച്ചു. താഴ്‌വാരയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വ്യാഴാഴ്ച വിലക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ നേതാക്കള്‍ ഡല്‍ഹിയില്‍ എത്തി. ജമ്മു കശ്മീരിലെ മണ്ഡല പുനര്‍നിര്‍ണയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പുകമീഷന്‍ ബുധനാഴ്ച പ്രത്യേക യോഗം ചേര്‍ന്നു. ജമ്മു കശ്മീരില്‍നിന്നുള്ള 20 ഡെപ്യൂട്ടി കമീഷണര്‍മാര്‍ പങ്കെടുത്തു.

ഗുപ്കാര്‍ സഖ്യത്തെ പ്രതിനിധാനംചെയ്ത് നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസില്‍നിന്ന് ഗുലാംനബി ആസാദ്, പിസിസി അധ്യക്ഷന്‍ ജി എ മിര്‍, താരാചന്ദ് എന്നിവരും ബിജെപിയുടെ രവീന്ദര്‍ റെയ്‌ന, കവീന്ദര്‍ ഗുപ്ത, നിര്‍മല്‍ സിങ് എന്നിവരും പങ്കെടുക്കും. പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ സജാദ് ലോണ്‍, മുസഫര്‍ ഹുസൈന്‍ ബെയ്ഗ് അപ്നി പാര്‍ടിയുടെ അല്‍ത്താഫ് ബുഖാരി, പാന്തേഴ്‌സ് പാര്‍ടിയുടെ ഭീം സിങ് എന്നിവര്‍ക്കും ക്ഷണമുണ്ട്.

Top