ചന്ദ്രയാന്‍ ദൗത്യത്തില്‍ പങ്കാളികളായ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി ബെംഗളൂരുവിലെത്തി

ബെംഗളൂരു: ചന്ദ്രയാന്‍ ദൗത്യത്തില്‍ പങ്കാളികളായ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാന്‍ ബെംഗളൂരുവില്‍ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിന്റെ ഓരോ കോണും ഇന്ത്യയുടെ ശാസ്ത്രനേട്ടത്തില്‍ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം ബെംഗളൂരു വിമാനത്താവളത്തിന് സമീപം സജ്ജീകരിച്ച പ്രത്യേക വേദിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു.

ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിഗ്യാന്‍, ജയ് അനുസന്ധാന്‍ മുദ്രാവാക്യം മുഴക്കിയ പ്രധനമന്ത്രി , ഇസ്രോ ശാസ്ത്രജ്ഞരെ കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്നും അറിയിച്ചു. വിദേശപര്യടനത്തിലായതിനാല്‍ ചന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിംഗ് വേളയില്‍ എത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ തിരിച്ച് ആദ്യം ബെംഗളുരുവിലെത്തി ശാസ്ത്രജ്ഞരെ നേരിട്ട് കണ്ട് അഭിനന്ദിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കൊച്ചുകുട്ടികള്‍ പോലും ഇവിടെ എത്തിച്ചേര്‍ന്നത് സന്തോഷകരമാണ്. അവരാണ് രാജ്യത്തിന്റെ ഭാവിയെന്നും പ്രധാനമന്ത്രി പറഞ്ഞു. വിമാനത്താവളത്തിന് പുറത്ത് സജ്ജീകരിച്ച പ്രത്യേക വേദിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തതിന് ശേഷമാണ് അദ്ദേഹം ശാസ്ത്രജ്ഞരെ കാണാനായി ഐഎസ്ആര്‍ഒ ആസ്ഥാനത്തേക്ക് പുറപ്പെട്ടത്.

Top