ടാറ്റാ കാറുകളുടെ വില വീണ്ടും വര്‍ധിക്കുന്നു

ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇത് മൂന്നാംതവണയാണ് ടാറ്റ മോട്ടോര്‍സ് തങ്ങളുടെ മോഡല്‍ നിരയിലാകെ വില പരിഷ്‌ക്കരണം നടപ്പിലാക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അവശ്യവസ്തുക്കളുടെ സംഭരണചെലവുകള്‍ കുത്തനെ ഉയര്‍ന്നതോടെ ഇതിന്റെ ഫലമായുണ്ടായ സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിന് ടാറ്റ നിരവധി ചെലവ് ചുരുക്കല്‍ നീക്കങ്ങള്‍ക്കും തുടക്കമിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

പുതുക്കിയ നിരക്ക് അടുത്ത ആഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. മോഡലുകളുടെ എക്‌സ്‌ഷോറൂം വിലയില്‍ ഏകദേശം മൂന്ന് ശതമാനത്തോളം കൂട്ടാനാണ് കമ്പനിയുടെ നീക്കം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട് .സ്റ്റീല്‍, മറ്റ് വിലയേറിയ ലോഹങ്ങളുടെയും അസംസ്‌കൃത വസ്തുക്കളുടെയും വില വര്‍ധനവാണ് പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിയാഗോ, ടിഗോര്‍, നെക്‌സോണ്‍, നെക്‌സോണ്‍ ഇവി, ഹാരിയര്‍ തുടങ്ങിയ ജനപ്രിയ കാറുകളുടെയെല്ലാം വില ഉയരും.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിലയേറിയ ലോഹങ്ങളായ റോഡിയം, പല്ലേഡിയം എന്നിവയുടെ വില ഗണ്യമായി ഉയര്‍ന്നിരുന്നു. ഈ കാലയളവില്‍ സ്റ്റീല്‍ വിലയും കുത്തനെ ഉയര്‍ന്നിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചത് കാരണം ഈ മാസം ആദ്യം രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ഹാച്ച്ബാക്ക് സ്വിഫ്റ്റ്, സിഎന്‍ജി വേരിയന്റുകളുടെ വില 15,000 രൂപ വരെ ഉയര്‍ത്തിയിരുന്നു.

Top