‘രാഷ്ട്രപതിയെ പേര് മാത്രം വിളിച്ചു; മാപ്പ് പറയണം’; സ്മൃതി ഇറാനിക്കെതിരെ കോണ്‍ഗ്രസ്

ഡൽഹി: കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ രാഷ്ട്രപത്നി പരമാര്‍ശം പാര്‍ലമെന്‍റില്‍ വലിയ വിവാദത്തിന് വഴിവച്ചരുന്നു. ഇപ്പോഴിതാ സ്മൃതി ഇറാനി നടത്തിയ പരാമര്‍ശങ്ങള്‍ , ഭരണപക്ഷത്തിനെതിരെ ആയുധമാക്കാന്‍ കോണ്‍ഗ്രസ് നീക്കം സജീവമാക്കി. ബഹുമാന പദങ്ങളുപയോഗിക്കാതെ രാഷ്ട്രപതിയെ പേര് മാത്രം വിളിച്ച മന്ത്രി സ്മൃതി ഇറാനിയുടെ വാക്കുകള്‍ സഭാ രേഖയില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് ഒരാവശ്യം. അത് മാത്രം പോര മന്ത്രി മാപ്പും പറയണമെന്ന് ഇന്ന് സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ അധിര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു.

സഭ തുടങ്ങിയ ഉടന്‍ രാഷ്ട്രപത്നി വിവാദം ചര്‍ച്ച ചെയ്യാന്‍ സ്മൃതി ഇറാനിക്ക് അവസരം നല്‍കിയതുപോലെ, ഗുജറാത്തിലെ ഗ്രാമ വികസനമന്ത്രി അര്‍ജുന്‍ സിംഗ് ചൗഹാന്‍ സ്ത്രീയെ തടവിലാക്കി ബലാത്സംഗം ചെയ്തെന്ന പരാതി ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ അനുവദിച്ചിരുന്നെങ്കില്‍, മോദിജിയോട് മാപ്പ് ആവശ്യപ്പെടാമായിരുന്നുവെന്ന് തൃണമൂല്‍ എംപി മൊഹുവ മൊയ്ത്ര പരിഹസിച്ചു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി നടത്തിയ പ്രസംഗവും, സോണിയാഗാന്ധിയും കോണ്‍ഗ്രസും മാപ്പ് പറയണമെന്ന ആവശ്യവും ഏറെ ചര്‍ച്ചയായിരുന്നു.അധിര്‍ രഞ്ജന്‍ ചൗധരി രേഖാ മൂലം രാഷ്ട്രപതിയോട് മാപ്പപേക്ഷിക്കുകയും ചെയ്തു.

Top