രാജ്യസഭയിലേക്ക് പുതുതായി അഞ്ച് പേരെ നാമനിര്‍ദേശം ചെയ്ത് രാഷ്ട്രപതി

rajyasabha

ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് പുതുതായി അഞ്ച് പേരെ നാമനിര്‍ദേശം ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ദലിത് കര്‍ഷക നേതാവായ രാം ഷക്കാല്‍, എഴുത്തുകാരനും കോളമിസ്റ്റുമായ രാകേഷ് സിന്‍ഹ, ശില്‍പി രഘുനാഥ് മോഹാപാത്ര, നര്‍ത്തകി സോനാല്‍ മാന്‍സിങ് എന്നിവരെയാണ് നാമനിര്‍ദേശം ചെയ്തത്.

ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, നടി രേഖ, വ്യവസായി അനു അഗഹ, അഭിഭാഷകന്‍ കെ.പര്‍സാറന്‍ എന്നിവരുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് രാഷ്ട്രപതി പുതിയ പേരുകള്‍ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടനയിലെ 80(3) വകുപ്പ് പ്രകാരം വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 12 പേരെ രാഷ്ട്രപതിക്ക് നാമനിര്‍ദേശം ചെയ്യാം.

ഉത്തര്‍പ്രദശില്‍ നിന്നുള്ള ദലിത് നേതാവാണ് രാം ഷകാല്‍. കര്‍ഷകരുടെയും തൊഴിലാളികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്‌നങ്ങളില്‍ അദ്ദേഹം സജീവമായി ഇടപ്പെട്ടിരുന്നു. യു.പിയില്‍ നിന്ന് മൂന്ന് തവണ എം.പിയായിട്ടുണ്ട്. ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലെ മോത്തിലാല്‍ നെഹ്‌റു കോളജിലെ അധ്യാപകനാണ് രാകേഷ് സിന്‍ഹ. നിലവില്‍ ഇന്ത്യന്‍ സാമൂഹികപഠന കേന്ദ്രത്തില്‍ അംഗവുമാണ്

അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ശില്‍പികളിലൊരാളാണ് രഘുനാഥ് മൊഹാപാത്ര. പുരിയിലെ ജഗനാഥ ക്ഷേത്രത്തിലെ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഭാഗമായിട്ടുണ്ട്. ആറ് പതിറ്റാണ്ടായി ഭരതനാട്യം, ഒഡീസി നൃത്ത രംഗത്ത് സജീവമാണ് സോണാല്‍ മാന്‍സിങ്. ഡല്‍ഹിയിലെ സന്റെര്‍ ഫോര്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സിന് തുടക്കം കുറിച്ചത് സോണാലിയാണ്.

Top