‘രാജ്യത്തിന്റെ സ്വീകാര്യത വർധിക്കുന്നു’; സ്വാതന്ത്ര്യ ദിന സന്ദേശം നൽകി രാഷ്ട്രപതി

ദില്ലി : ആഗോള തലത്തിൽ ഇന്ത്യ കുതിക്കുന്നുവെന്നും ലോക രാഷ്ട്രങ്ങൾക്കിടയിൽ രാജ്യത്തിന്റെ സ്വീകാര്യത വർധിക്കുന്നുവെന്നും രാഷ്ട്രപതി ദ്രൗപദി മുർമു. 76ാം സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയായിരുന്നു രാഷ്ട്രപതി. എല്ലാ പൗരന്മാർക്ക് സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്ന അവർ വൈദേശിക ആധിപത്യത്തെ ചെറുത്ത് തോൽപ്പിച്ച ദിനമാണ് സ്വാതന്ത്ര്യ ദിനമെന്നും പ്രസംഗത്തിൽ പറഞ്ഞു.

സ്കൂൾ പഠന കാലത്തെ തന്റെ ഓർമ്മകൾ ഓർത്തെടുത്തായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. 1947 ഓഗസ്റ്റ് 15 ഇന്ത്യക്ക് പുതിയ സൂര്യോദയമായിരുന്നുവെന്ന് അവർ പറഞ്ഞു. സ്വാതന്ത്ര്യത്തിന് പോരാടിയ എല്ലാവരെയും ഓർക്കുകയാണ്. രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെയും ഓർക്കുകയാണ്. സ്ത്രീകളുടെ മുന്നേറ്റമാണ് രാജ്യത്ത് കാണുന്നത്. സ്ത്രീ ശാക്തീകരമാണ് രാജ്യത്തിന് ആവശ്യം. ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന സ്വീകാര്യത വലുതാണ്. അന്താരാഷ്ട്ര വേദികൾക്ക് നമ്മൾ അതിഥേയത്വം വഹിക്കുന്നു. ജി 20 ഉച്ചകോടി വ്യാപാര രംഗത്തടക്കം രാജ്യത്തിന് പുതിയ വഴിതുറക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.

ഇന്ത്യ ലോകത്തിലെ മൂന്നാമത്ത സാമ്പത്തിക ശക്തിയാകാനുള്ള യാത്രയിലാണെന്ന് അവർ ചൂണ്ടിക്കാട്ടി. ചാന്ദ്രയാൻ മൂന്ന് ഇന്ത്യ വിക്ഷേപിച്ചത് രാജ്യത്തിന്റെ നേട്ടമായി പ്രസംഗത്തിൽ പ്രതിപാദിച്ച രാഷ്ട്രപതി ദൗത്യം വിജയത്തിലേക്ക് അടുക്കുന്നുവെന്ന സന്തോഷവും പങ്കുവച്ചു.

Top