പദ്മ പുരസ്കാരം രാഷ്ട്രപതി വിതരണം ചെയ്തു; അഭിമാനനേട്ടത്തിൽ 4 മലയാളികൾ

ദില്ലി: പദ്മ പുരസ്ക്കാരങ്ങളിൽ ഇക്കുറി മലയാളിത്തിളക്കം കൊത്തിവച്ച നാല് മലയാളികളും രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഏട്ട് പതിറ്റാണ്ടായി ഗാന്ധിയൻ ആശങ്ങളുടെ പ്രചാരകനായ കണ്ണൂർ ഗാന്ധി വി പി അപ്പുക്കുട്ടൻ പൊതുവാള്‍, ചരിത്രകാരൻ സി ഐ ഐസക്, കളരി ഗുരുക്കൾ എസ് ആർ ഡി പ്രസാദ്, വയനാട്ടിലെ കർഷകനും നെല്ല് വിത്ത് സംരക്ഷകനുമായ ചെറുവയൽ കെ രാമൻ എന്നീ മലയാളികൾക്കാണ് ഇത്തവണ പദ്മ പുരസ്കാരം ലഭിച്ചത്. സ്വാതന്ത്ര്യ സമര പോരാളിയായിരുന്ന വി പി അപ്പുക്കുട്ടൻ പൊതുവാൾ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിലടക്കം പങ്കെടുത്തിട്ടുണ്ട്. വയനാട്ടിൽ നിന്നുള്ള കർഷകനായ ചെറുവയൽ രാമന് സുസ്ഥിര കൃഷിക്കും ജൈവ വൈവിധ്യ സംരക്ഷണത്തിനും നൽകിയ സംഭാവനകൾക്കാണ് രാജ്യം പുരസ്കാരം നൽകി ആദരിച്ചത്. കളരിപ്പയറ്റ് പരിശീലകൻ എസ് ആർ ഡി പ്രസാദിന് കായിക മേഖലയിലെ സമ​ഗ്ര സംഭാവനയ്ക്കാണ് രാജ്യം പുരസ്കാരം നൽകി ആദരിച്ചത്. രാഷ്ട്രപതി ഭവനിൽ നടന്ന പദ്മ പുരസ്കാര സമർപ്പണ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് എല്ലാവ‍ർക്കും പുരസ്കാരം വിതരണം ചെയ്തത്. ഓസ്കാർ നേട്ടത്തിന്‍റെ ഖ്യാതിയിലെത്തിയ സംഗീത സംവിധായകൻ എം എം കീരവാണി, നടി രവീണാ ടണ്ഡൻ, രത്തൻ ചന്ദ്ര ഖർ, ഹിരാഭായ് ലോ, അന്തരിച്ച വ്യവസായി രാകേഷ് ജുൻജൂൻവാല എന്നിവരടക്കമുള്ളവർക്കാണ് ഇക്കുറി പദ്മശ്രീ പുരസ്കാരം ലഭിച്ചത്.

അതേസമയം സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നായി കർഷകർ മുതൽ വ്യവസായ പ്രമുഖർ വരെയടങ്ങുന്നതാണ് ഈ വർഷത്തെ പദ്മപുരസ്ക്കാര പട്ടിക. ആകെ 106 പേർക്കാണ് പുരസ്ക്കാരം ലഭിച്ചത്. 6 പേർക്ക് പദ്മ വിഭൂഷൺ ലഭിച്ചപ്പോൾ 9 പേർക്ക് പദ്മ ഭൂഷണും 91 പേർക്ക് പദ്മശ്രീയുമാണ് ലഭിച്ചത്. ഒ ആർ എസ് ലായനിയുടെ പ്രയോക്താവ് ദിലിപ് മഹലനോബിസ് ഉൾപ്പടെ 6 പേർക്കാണ് പദ്മവിഭൂഷൺ ലഭിച്ചത്. ആർക്കിടെക്റ്റ് ബാലകൃഷ്ണ ധോഷി, തബല വിദ്വാൻ സാക്കിർ ഹുസൈൻ, കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണ, ഇന്തോ–അമേരിക്കൻ ഗണിത ശാസ്ത്രജ്ഞൻ ശ്രിനിവാസ് വർധൻ, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവ് എന്നിവരാണ് പദ്മ വിഭൂഷൺ നേടിയ മറ്റുള്ളവർ. ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ ഭാര്യയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തി, ഗായിക വാണി ജയറാം, വ്യവസായ പ്രമുഖൻ കുമാർ മംഗളം ബിർള ഉൾപ്പെടെ 9 പേർക്കാണ് പത്മഭൂഷൻ.

Top