കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ അതിദയനീയം, വലിയ ഗതികേടാണിത്

ത്രയും വലിയ ഒരു ദാരിദ്രം കോണ്‍ഗ്രസ്സിന് ഉണ്ടായിരിക്കുന്നത് ലജ്ജിപ്പിക്കുന്നതാണ്. ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ്സിന് ഇപ്പോള്‍ പ്രശാന്ത് കിഷോര്‍ എന്ന രാഷ്ട്രീയ തന്ത്രജ്ഞനെ കൂട്ട് പിടിക്കേണ്ടി വരുന്നത് ആ പാര്‍ട്ടിയുടെ ഗതികേടാണ് സൂചിപ്പിക്കുന്നത്. നെഹറു കുടുംബവുമായി അതായത് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി ഇതിനോടകം തന്നെ നിരവധി തവണയാണ് പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ രാഹുല്‍ ഗാന്ധിയെ മാത്രം മൂന്നിലേറെ തവണ പ്രശാന്ത് കണ്ടുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏതെങ്കിലും ഒരു വ്യക്തിയുടെ ഉപദേശപ്രകാരം നീങ്ങിയാല്‍ കേന്ദ്ര ഭരണം പിടിച്ചു കളയാം എന്നത് കോണ്‍ഗ്രസ്സിന്റെ വെറും വ്യാമോഹം മാത്രമാണ്. ഒന്നാംമോദി സര്‍ക്കാറിന്റെ സൃഷ്ടാവായി ചിത്രീകരിക്കപ്പെടുന്നവന്‍ രാഹുലിനും കോണ്‍ഗ്രസ്സിനും വേണ്ടി ഇപ്പോള്‍ രംഗത്തിറങ്ങുന്നത് തന്നെ കേവലം കച്ചവട താല്‍പ്പര്യം മാത്രമായേ വിലയിരുത്താന്‍ കഴിയുകയൊള്ളു. യഥാര്‍ത്ഥത്തില്‍ ഇവിടെയും തന്ത്രപരമായ നിലപാട് സ്വീകരിച്ചിരിക്കുന്നത് പ്രശാന്ത് കിഷോര്‍ തന്നെയാണ്. മന്‍മോഹന്‍ സിംങ്ങിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി രണ്ടു തവണ അധികാരത്തില്‍ വന്ന യു.പി.എ സര്‍ക്കാര്‍ അഴിമതിയുടെ കൂടാരമായി മാറുകയും ആ സര്‍ക്കാറിനെതിരെ ജനവികാരം ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് ബി.ജെ.പിക്ക് കേന്ദ്ര ഭരണം പിടിക്കാന്‍ വഴി ഒരുങ്ങിയിരുന്നത്. കോണ്‍ഗ്രസ്സിന്റെ കയ്യിലിരിപ്പ് കൊണ്ട് മാത്രം ബി ജെ പി ക്ക് കിട്ടിയ ഭരണമായിരുന്നു അത്. അതല്ലാതെ ഒരു തന്ത്രജ്ഞന്റെയും മിടുക്ക് കൊണ്ടല്ലന്നതും നാം തിരിച്ചറിയണം.

പ്രശാന്ത് കിഷോര്‍ മോദിക്കൊപ്പം ഉണ്ടായാലും ഇല്ലായിരുന്നെങ്കിലും അതു തന്നെയായിരുന്നു സംഭവിക്കുമായിരുന്നത്. ഇതിനു ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ മിക്കതിലും പ്രശാന്ത് കിഷോര്‍ ഇടപ്പെട്ടതും വിജയ സാധ്യത മുന്‍ നിര്‍ത്തി തന്നെയാണ്. അദ്ദേഹം ഉപദേശം നല്‍കി വിജയിപ്പിച്ചു എന്ന് മാധ്യമങ്ങള്‍ അവകാശപ്പെടുന്ന സംസ്ഥാനങ്ങളിലെ സ്ഥിതികള്‍ പരിശോധിച്ചാല്‍ ഇക്കാര്യവും വ്യക്തമാകും. ഏറ്റവും ഒടുവില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോറിന്റെ ഉപദേശം തേടിയത് ആം ആദ്മി പാര്‍ട്ടി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ്, തൃണമൂല്‍ കോണ്‍ഗ്രസ്സ്, ഡി.എം.കെ എന്നീ പാര്‍ട്ടികളാണ്. ഡല്‍ഹിയിലെ കെജരിവാള്‍ സര്‍ക്കാറിന്റെ തുടര്‍ച്ചയ്ക്ക് പ്രധാന കാരണം ഭരണ നേട്ടം തന്നെയാണ്. പ്രശാന്ത് കിഷോറിന്റെ നിഴല്‍ പോലും പതിഞ്ഞില്ലെങ്കില്‍ പോലും ഇവിടെ ആം ആദ്മി പാര്‍ട്ടി തന്നെ വലിയ വിജയം നേടുമായിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ ആ ക്രഡിറ്റും മാധ്യമങ്ങള്‍ ചാര്‍ത്തി നല്‍കിയത് പ്രശാന്ത് കിഷോറിനാണ്.

ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി സര്‍ക്കാറിനെതിരെ ആന്ധ്രയില്‍ ഉയര്‍ന്ന ശക്തമായ പ്രതിഷേധമാണ് വൈ എസ് ആര്‍ കോണ്‍ഗ്രസ്സിനും ഭരണം പിടിക്കാന്‍ തുണയായിരുന്നത്. ജഗന്‍ മോഹന്‍ റെഡ്ഡി എന്ന ചെറുപ്പക്കാരനായ നേതാവിനോട് ആന്ധ്രയിലെ ജനങ്ങള്‍ക്കുണ്ടായിരുന്നത് വൈകാരികമായ ഒരടുപ്പമാണ്. അതാകട്ടെ അദ്ദേഹത്തിന്റെ പിതാവായ വൈ.എസ്. രാജശേഖര റെഡ്ഡിയോടുള്ള അടുപ്പവുമാണ്. സാധാരണക്കാരോട് അടക്കം ജഗമോഹന്‍ റെഡ്ഡി കാട്ടുന്ന എളിമ അദ്ദേഹത്തിന്റെ ജനപ്രീതി വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കും വഹിച്ചിട്ടുണ്ട്. ജഗന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം നിയമസഭയില്‍ മാത്രമല്ല, പുറത്തും ശക്തമായ വെല്ലുവിളിയാണ് ചന്ദ്രബാബു നായിഡു സര്‍ക്കാറിന് ഉയര്‍ത്തിയിരുന്നത്. ഇതെല്ലാം കൃത്യമായി മനസ്സിലാക്കി തന്നെയാണ് പ്രശാന്ത് കിഷോര്‍ ആന്ധ്രയില്‍ ലാന്‍ഡ് ചെയ്തിരുന്നത്.

വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് ഭരണം പിടിച്ചപ്പോള്‍ ഇവിടെയും ഹീറോ പ്രശാന്ത് കിഷോറായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരേസമയം പശ്ചിമ ബംഗാളിലും തമിഴ് നാട്ടിലുമാണ് പ്രശാന്ത് കിഷോര്‍ ഇടപെട്ടിരുന്നത്. ബംഗാളില്‍ ഭരണപക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ഓഫര്‍ അദ്ദേഹം ഏറ്റെടുത്തതും ബോധപൂര്‍വ്വമാണ്. ബി.ജെ.പി ഭരണം പിടിക്കുമെന്ന് ഉറപ്പിച്ച ബംഗാളില്‍ നിര്‍ണ്ണായക വോട്ടുബാങ്കായ ന്യൂനപക്ഷങ്ങള്‍ മമതക്കൊപ്പം നിലയുറപ്പിക്കുമെന്ന് ഈ രാഷ്ട്രീയ തന്ത്രജ്ഞന്‍ ഉറപ്പിച്ചിരുന്നു. മാത്രമല്ല ഭൂരിപക്ഷ സമുദായത്തെ കയ്യിലെടുക്കാന്‍ മമത പയറ്റുന്ന തന്ത്രങ്ങളിലും അദ്ദേഹത്തിന് വലിയ ആത്മവിശ്വാസമുണ്ടായിരുന്നു. ഈ ‘കളി’ തന്നെയാണ് ബംഗാളില്‍ മമതയെ വീണ്ടും തുണച്ചിരിക്കുന്നത്. പ്രശാന്ത് കിഷോര്‍ ഒപ്പമുണ്ടായിരുന്നില്ലങ്കിലും ഈ വിജയം മമതക്ക് സാധ്യമാകുമായിരുന്നു എന്നതു തന്നെയാണ് യാഥാര്‍ത്ഥ്യം. കാവി രാഷ്ട്രീയത്തിനെതിരായ വംഗനാടിന്റെ പരമ്പരാഗതമായ ബോധമാണ് മമത തനിക്ക് അനുകൂലമാക്കി മാറ്റിയിരിക്കുന്നത്. രാഷ്ട്രീയ ആശയങ്ങള്‍ക്കും അപ്പുറം വൈകാരികത പ്രകടമായ തിരഞ്ഞെടുപ്പ് കൂടിയാണ് ബംഗാളില്‍ ഇത്തവണ ദൃശ്യമായത്.

തമിഴ്‌നാട്ടിലെ ഡി.എം.കെയുടെ വിജയത്തിന് പിന്നിലും രാഷ്ട്രീയ തന്ത്രജ്ഞന്റെ ബുദ്ധിയാണെന്നാണ് ചില മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. വാസ്തവ വിരുദ്ധമായ നിലപാടാണിത്. ജയലളിതയുടെ ഭരണശേഷം അണ്ണാ ഡി.എം.കെക്ക് സംഭവിച്ച തകര്‍ച്ചയാണ് ഡി.എം.കെക്ക് ശരിക്കും നേട്ടമായിരിക്കുന്നത്. നീണ്ട പത്തു വര്‍ഷം തുടര്‍ന്ന ഭരണം മാറണമെന്ന് ഒരു വിഭാഗം ആഗ്രഹിച്ചതും ഭരണപക്ഷത്തിനാണ് തിരിച്ചടിയായത്. മുഖ്യമന്ത്രിയായിരുന്ന എടപ്പാടി പളനി സ്വാമി – ഉപമുഖ്യമന്ത്രിയായിരുന്ന ഒ പനീര്‍ശെല്‍വം എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് പാര്‍ട്ടികളെ പോലെയാണ് അണ്ണാ ഡി.എം.കെ പ്രവര്‍ത്തിച്ചിരുന്നത്. ജയില്‍വാസം കഴിഞ്ഞ് തിരിച്ചെത്തിയ ശശികലയും ടി.ടി.വി ദിനകരനും അണ്ണാ ഡി.എം.കെ വോട്ട് ബാങ്കില്‍ വലിയ വിള്ളലുകളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതെല്ലാം ഡി.എം.കെ മുന്നണിക്കാണ് ഗുണം ചെയ്തിരിക്കുന്നത്. അവസാന നിമിഷം രജനീകാന്ത് രാഷ്ട്രിയ പ്രവേശനം മാറ്റിവച്ചതും പ്രതിപക്ഷ ചേരിക്ക് തന്നെയാണ് ഗുണം ചെയ്തത്. അതല്ലായിരുന്നു എങ്കില്‍ പ്രതിപക്ഷ വോട്ടുകള്‍ വലിയ തോതില്‍ ഭിന്നിക്കുന്ന സാഹചര്യം വരെ ഉണ്ടാവുമായിരുന്നു.

കരുണാനിധി കുടുംബവുമായുള്ള അടുപ്പം തന്നെയാണ് സൂപ്പര്‍സ്റ്റാറിനെ രാഷ്ട്രീയ പ്രവേശനത്തില്‍ നിന്നും പിന്തിരിപ്പിച്ചിരിക്കുന്നത്. അതല്ലാതെ രാഷ്ട്രിയ തന്ത്രജ്ഞന്റെ മിടുക്ക് കൊണ്ടല്ലന്നതും ഓര്‍ത്തു കൊള്ളണം. ഇങ്ങനെ വിജയിക്കുമെന്ന് ഉറപ്പുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ ബുദ്ധി കേന്ദ്രമായി അവതരിക്കുവാന്‍ ആര്‍ക്കും കഴിയും. ഈ അതിബുദ്ധി തിരിച്ചറിയാതെ അവര്‍ക്ക് അവസരം നല്‍കിയ രാഷ്ട്രീയ നേതൃത്വങ്ങളാണ് ശരിക്കും പമ്പര വിഡ്ഢികള്‍. നിങ്ങളുടെ കഴിവുകേട് കൂടിയാണ് ഇതോടെ തുറന്ന് കാട്ടപ്പെട്ടിരിക്കുന്നത്. ജനങ്ങളുടെ മനസ്സറിയാന്‍ അവരുടെ ആവശ്യങ്ങളറിയാന്‍ അവരിലൊരാളായി പ്രവര്‍ത്തിക്കുകയാണ് ആദ്യം വേണ്ടത്. അതിന് കോര്‍പ്പറേറ്റ് ബുദ്ധിയുടെ ഒരു സഹായത്തിന്റെയും ആവശ്യമില്ല. ക്രിത്രിമ സര്‍വേകള്‍ക്കും കെട്ടഴിച്ചു വിടുന്ന പ്രചരണങ്ങള്‍ക്കും സ്വാധീനിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ് ജനങ്ങളുടെ മനസ്സ്. കേരളത്തിലെ തിരഞ്ഞെടുപ്പ് തന്നെ അതിനു പ്രകടമായ ഉദാഹരണമാണ്.

സകല കുത്തക മാധ്യമങ്ങളും വളഞ്ഞിട്ട് ആക്രമിച്ചിട്ടും ചരിത്രം തിരുത്തി വീണ്ടും അധികാരത്തില്‍ വരാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞത് പ്രവര്‍ത്തന മികവ് ഒന്നു കൊണ്ട് മാത്രമാണ്. ജനമനസ്സ് തൊട്ടറിഞ്ഞ ജനകീയ പദ്ധതികളാണ് ഇവിടെ പിണറായി സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. ആ ഭരണ മികവിനുള്ള അംഗീകാരമാണ് ഇത്തവണ വീണ്ടും ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. ഒരു പ്രശാന്ത് കിഷോര്‍മാരും ഇവിടെ സൂപ്പര്‍ ഹീറോ ചമയാന്‍ എത്തിയിട്ടില്ല. അതിനായി പ്രബുദ്ധ കേരളമായിട്ട് അവസരം നല്‍കിയിട്ടുമില്ല. പഞ്ചാബിലെ കോണ്‍ഗ്രസ്സിന്റെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ച പ്രശാന്ത് കിഷോര്‍ എന്തു കൊണ്ട് കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ രക്ഷകനായി അവതരിച്ചില്ല എന്നതും പ്രസക്തമായ ചോദ്യമാണ്. പഞ്ചാബിലെ വിത്ത് കേരളത്തില്‍ ഇത്തവണ മുളക്കില്ലെന്നത് ശരിക്കും മനസ്സിലാക്കി തന്നെയായിരിക്കും അദ്ദേഹം ആ സാഹസത്തിന് മുതിരാതിരുന്നത് എന്ന് തന്നെ കരുതേണ്ടി വരും.

ഒരു കാലത്ത് നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും പിന്നില്‍ നിന്നും പ്രവര്‍ത്തിച്ചവന്‍ 2024-ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു വേണ്ടി രംഗത്തിറങ്ങുന്നുണ്ടെങ്കില്‍ അതിനെയും സംശയത്തോടെ മാത്രമേ വീക്ഷിക്കാന്‍ കഴിയുകയൊള്ളൂ. കേന്ദ്രത്തില്‍ മൂന്നാം ഊഴം ലക്ഷ്യമിടുന്ന നരേന്ദ്ര മോദിക്കും അമിത് ഷാക്കും എതിരെ ഏതെങ്കിലും തന്ത്രജ്ഞന്‍ പ്രവര്‍ത്തിക്കുമെങ്കില്‍ അതിനു പിന്നിലും കാണും ചില തന്ത്രങ്ങള്‍… അത് കാവിപ്പടയുടെ തന്ത്രമാണെങ്കില്‍ വെട്ടിലാകാന്‍ പോകുന്നത് കോണ്‍ഗ്രസ്സ് മാത്രമല്ല പ്രതിപക്ഷ സ്വപ്നങ്ങള്‍ കൂടിയായിരിക്കും. ഇടതുപക്ഷവും കോണ്‍ഗ്രസ്സും ഒഴികെ മറ്റ് ഏത് പാര്‍ട്ടികളും എപ്പോള്‍ വേണമെങ്കിലും കാവി രാഷ്ട്രീയവുമായി സന്ധിയാകാന്‍ മനസ്സുള്ളവരാണ്. വീരശൂര പരാക്രമിയായ സാക്ഷാല്‍ മമത ബാനര്‍ജി പോലും ഒന്നാം എന്‍.ഡി.എ ഭരണകാലത്ത് അത് തെളിയിച്ചിട്ടുള്ളതുമാണ്. പാര്‍ലമെന്റില്‍ മോദി സര്‍ക്കാറിനെ പിന്തുണച്ച ചരിത്രം ടി.ആര്‍.എസ്, ബിജു ജനതാദള്‍, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ്, ബി.എസ്.പി, തുടങ്ങിയ പാര്‍ട്ടികള്‍ക്കുമുണ്ട്.

കോണ്‍ഗ്രസ്സിന് ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ കഴിയില്ലങ്കിലും ആ പാര്‍ട്ടിയിലെ ജനപ്രതിനിധികള്‍ക്ക് അതിന് ഒരു മടിയുമില്ല. അതും തെളിയിക്കപ്പെട്ട കാര്യമാണ്. കോണ്‍ഗ്രസ്സിന് ഭൂരിപക്ഷം കിട്ടിയ സംസ്ഥാനങ്ങള്‍ ഇന്ന് ബി.ജെ.പി ഭരിക്കുന്നത് ഖദറിന്റെ ഈ കാവി പ്രേമം കൊണ്ടു മാത്രമാണ്. അടുത്ത ലോകസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടിയില്ലങ്കില്‍ പോലും ആ പാര്‍ട്ടി തന്നെ രാജ്യം ഭരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നതും ഖദറിന്റെ ഈ ഉറപ്പില്ലാത്ത നിലപാടു മൂലമാണ്. ഇങ്ങനെയുള്ള ഒരു പാര്‍ട്ടിക്ക് തന്ത്രങ്ങള്‍ ഒരുക്കാന്‍ പ്രശാന്ത് കിഷോറല്ല, ആര് തന്നെ വന്നാലും ഒരു കാര്യവും ഉണ്ടാവുകയില്ല. ആദ്യം സ്വന്തം നേതാക്കള്‍ക്ക് സംഘടനാ ബോധം പകരുകയാണ് രാഹുല്‍ ഗാന്ധി ചെയ്യേണ്ടത്.

നേതാക്കള്‍ക്ക് കമ്മിറ്റ്‌മെന്റ് വേണ്ടത് ജനങ്ങളോടും സ്വന്തം പാര്‍ട്ടിയോടുമായിരിക്കണം’ അതല്ലാതെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളോടാകരുത്. അധികാരം ഇല്ലാതെയും നിലനില്‍ക്കാന്‍ കഴിയുമെങ്കില്‍ അതു തന്നെയാണ് കെട്ടുറപ്പിനുള്ള പ്രധാന ഉദാഹരണം. അടുത്ത ലോകസഭ തിരഞ്ഞെടുപ്പില്‍ കൂടി പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ്സിന്റെ നിലനില്‍പ്പു തന്നെയാണ് അപകടത്തിലാകുക. ഇത് മുന്‍നിര്‍ത്തിയുള്ള തീരുമാനമാണ് കോണ്‍ഗ്രസ്സ് നേതൃത്വം ഉടന്‍ കൈകൊള്ളണ്ടത്. അതാകട്ടെ സംഘടനാപരമായി കൈകൊള്ളേണ്ട നടപടിയുമാണ്. അതല്ലാതെ ഏതെങ്കിലും തന്ത്രജ്ഞന്റെ ഉപദേശ പ്രകാരമല്ല നേതാക്കള്‍ നീങ്ങേണ്ടത്. അതിനു വേണ്ടി ചിലവഴിക്കുന്ന പണം കൂടി സംഘടന ശക്തമാക്കാനാണ് കോണ്‍ഗ്രസ്സ് നേതൃത്വം ഉപയോഗപ്പെടുത്തേണ്ടത്. കമ്യൂണിസ്റ്റു പാര്‍ട്ടികളെ പോലെ ഒരു കേഡര്‍ പാര്‍ട്ടിയാകാന്‍ ഒരിക്കലും കോണ്‍ഗ്രസ്സിനു കഴിയുകയില്ല.

പാര്‍ട്ടിയേക്കാള്‍ വ്യക്തിക്ക് പ്രാധാന്യം കൊടുക്കുന്ന പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്. തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ തല്‍ക്കാലം സെമി കേഡര്‍ പാര്‍ട്ടിയെങ്കിലും ആക്കുമെന്നാണ് രാഹുല്‍ ഗാന്ധിയും സുധാകരനും എല്ലാം നിലവില്‍ അവകാശപ്പെടുന്നത്. ഇതും പറയാന്‍ വളരെ എളുപ്പമാണ്, നടപ്പിലാക്കാനാണ് ബുദ്ധിമുട്ട്, ത്യാഗം സഹിക്കാന്‍ തയ്യാറാവുന്ന പ്രവര്‍ത്തകരും നേതാക്കളും ഉണ്ടെങ്കില്‍ മാത്രമേ അതുപോലും സാധ്യമാകുകയൊള്ളു. ദൗര്‍ഭാഗ്യവശാല്‍ അത്തരം ആളുകള്‍ വളരെ കുറവുള്ള പാര്‍ട്ടിയാണിപ്പോള്‍ കോണ്‍ഗ്രസ്സ്. നരേന്ദ്ര മോദിക്ക് ബദല്‍ ആര് എന്ന ചോദ്യത്തിനും കോണ്‍ഗ്രസ്സില്‍ രൂക്ഷമായ ഭിന്നതയാണുള്ളത്. നെഹറു കുടുംബത്തിന്റെ നേതൃത്വം അംഗീകരിക്കാന്‍ തയ്യാറാവാത്ത ഒരു വിഭാഗം കോണ്‍ഗ്രസ്സിലും ഇപ്പോള്‍ ശക്തിപ്പെടുകയാണ്. അടുത്തയിടെ ഡല്‍ഹിയില്‍ കണ്ട കാഴ്ചകളും വേറിട്ടതാണ്.

ഡല്‍ഹിയുടെ ഹൃദയഭാഗത്തുള്ള എട്ട്-തീന്‍ മൂര്‍ത്തി ലൈന്‍ ഒരിടവേളക്ക് ശേഷമാണ് വീണ്ടും ഉണര്‍ന്നിരിക്കുന്നത്. സിപിഎം നേതാവ് ഹര്‍കിഷന്‍ സിങ് സുര്‍ജിത് താമസിച്ചിരുന്ന ഇവിടുത്തെ വീട് ഒരു കാലത്ത് മൂന്നാം മുന്നണി രൂപീകരണത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു. ആഗസ്റ്റ് 9ന് രാത്രി കോണ്‍ഗ്രസ് നേതാവും നിലവില്‍ നെഹറു കുടുംബത്തിന്റെ ‘കണ്ണിലെ കരടുമായ’ കപില്‍ സിബലിന്റെ ക്ഷണപ്രകാരം ബിജെപി ഇതര പാര്‍ട്ടി നേതാക്കളാണ് ഇവിടെ ഒത്തു ചേര്‍ന്നിരിക്കുന്നത്. തന്റെ ജന്മദിനത്തിന്റെ ഭാഗമായിട്ടാണ് സിബല്‍ നേതാക്കളെ ക്ഷണിച്ചതെങ്കിലും യോഗത്തിന് ഒറ്റ അജണ്ട മാത്രമാണ് ഉണ്ടായിരുന്നത്. 2024-ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കൈകോര്‍ക്കേണ്ടതുണ്ടെന്നതായിരുന്നു ആ അജണ്ട.

എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ ഡെറിക് ഒബ്രിയാന്‍, കല്യാണ്‍ ചാറ്റര്‍ജി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ, ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്, ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി, ഡിഎംകെ നേതാവ് തൃച്ചി ശിവ, ബി.ജെ.ഡി നേതാവ് പിനാകി മിശ്ര, ശിവ്‌സേനാ നേതാവ് സഞ്ജയ് റാവത്ത്, അകാലിദള്‍ നേതാവ് നരേഷ് ഗുജ്‌റാള്‍ തുടങ്ങി തെലുങ്കുദേശം പാര്‍ട്ടിയുടേയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടികളുടേയും പ്രതിനിധികളും കപില്‍ സിബലിന്റെ ഈ അത്താഴ വിരുന്നില്‍ പങ്കെടുത്തിട്ടുണ്ട്. അതേസമയം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കാതിരുന്ന എ.എ.പി, ബിജെഡി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍ പാര്‍ട്ടി പ്രതിനിധികളും തിങ്കളാഴ്ചത്തെ പ്രതിപക്ഷ കൂട്ടായ്മയില്‍ പങ്കെടുത്തു എന്നത് നെഹറു കുടുംബത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.

അത്താഴ വിരുന്നില്‍ പങ്കെടുക്കാതിരുന്ന ബിജെപി ഇതര പ്രധാന പാര്‍ട്ടി മായാവതിയുടെ ബിഎസ്പി മാത്രമാണ്. അവരാകട്ടെ ഇപ്പോള്‍ ബി.ജെ.പിയുമായി കൂടുതല്‍ അടുത്തു കൊണ്ടിരിക്കുകയുമാണ്. കോണ്‍ഗ്രസില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 അംഗ ഗ്രൂപ്പിലെ ഒട്ടുമിക്ക അംഗങ്ങളും കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ പങ്കെടുത്തു എന്നതും ശ്രദ്ധേയമാണ്. കപില്‍ സിബല്‍, ഗുലാം നബി ആസാദ്, ഭൂപീന്ദര്‍ സിങ് ഹൂഡ, ശശി തരൂര്‍, മനീഷ് തിവാരി, പൃഥിരാജ് സിങ് ചൗഹാന്‍, ആനന്ദ് ശര്‍മ തുടങ്ങിയ നേതാക്കളാണ് ഈ ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പിന്റെ ഭാഗമല്ലെങ്കിലും പി.ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും ഈ കൂട്ടായ്മക്ക് എത്തുകയുണ്ടായി. അത്താഴ വിരുന്നിനിടെ സംസാരിച്ച മിക്കവാറും എല്ലാ നേതാക്കളും പ്രതിപക്ഷ ഐക്യത്തിന്റെ ആവശ്യകതയില്‍ ഊന്നി സംസാരിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പറഞ്ഞ വാക്കില്‍ സി.പി.എം ഉറച്ചു നില്‍ക്കുന്നതു പോലെ മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ഉറച്ചു നിന്നാല്‍ മാത്രമേ വിശാല പ്രതിപക്ഷ ഐക്യം സാധ്യമാകുകയൊള്ളൂ. അതല്ലെങ്കില്‍ നാടിന്റെ ഗതികേട് എന്നു പറഞ്ഞ് സഹതപിക്കുക മാത്രമേ നിവൃത്തിയൊള്ളൂ . . .

Top