വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്‍ 2019 ലോക്‌സഭയില്‍ പാസ്സാക്കി

pregnant

ന്യൂഡല്‍ഹി: വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്‍ 2019 ലോക്‌സഭയില്‍ പാസാക്കി. വാണിജ്യാടിസ്ഥാനത്തിലുള്ള വാടക ഗര്‍ഭധാരണം നിരോധിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലാണ് ഇത്. ബില്‍ പ്രകാരം ദമ്പതികള്‍ക്ക് അടുത്ത ബന്ധുവിനെ മാത്രമേ വാടകഗര്‍ഭധാരണത്തിന് ഉപയോഗപ്പെടുത്താന്‍ സാധിക്കുകയുള്ളു.

നിയമപരമായി വിവാഹം കഴിച്ച്, അഞ്ച് വര്‍ഷമായി കുട്ടികളില്ലാത്ത ഇന്ത്യന്‍ ദമ്പതികള്‍ക്ക് മാത്രമേ വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ. ഗര്‍ഭം ധരിക്കുന്നത് ധാര്‍മികപരവും നിസ്വാര്‍ത്ഥവും ആയിരിക്കണമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. ദമ്പതികളില്‍ സ്ത്രീയുടെ പ്രായം 23നും 50നും മധ്യേയും പുരുഷന്റെ പ്രായം 23നും 55നും മധ്യേയും ആയിരിക്കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.

രാജ്യത്ത് നിയന്ത്രണ വിധേയമായേ വാടകഗര്‍ഭധാരണം നടക്കുന്നുള്ളു എന്ന കാര്യം ഉറപ്പാക്കുന്നതോടൊപ്പം വാണിജ്യാടിസ്ഥാനത്തിലുള്ള ഗര്‍ഭധാരണം വിലക്കണമെന്നും നിയമ കമ്മീഷന്റെ 228ാമത് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

വാണിജ്യാടിസ്ഥാനത്തിലുള്ള ഗര്‍ഭധാരണം നിരോധിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഏറെകുറെ എല്ലാ രാജ്യങ്ങളും അത് നിരോധിച്ചിട്ടുണ്ട്. രാജ്യത്ത് 2000 മുതല്‍ 3000വരെ നിയമവിരുദ്ധ വാടകഗര്‍ഭധാരണ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചില വിദേശ ദമ്പതികള്‍ രാജ്യത്തിനകത്ത് താമസിച്ച് വാടക ഗര്‍ഭ ധാരണം നടത്തുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം നിയന്ത്രണങ്ങളില്ലാതെ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.

Top