രണ്‍ബീറിന്റെ ആക്‌ഷൻ ത്രില്ലർ ‘ആനിമല്‍’; പ്രി–ടീസർ പുറത്ത്

ണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ആക്‌ഷൻ ത്രില്ലർ ‘ആനിമല്‍’ പ്രി–ടീസര്‍ ഇറങ്ങി. സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. തന്നെ അക്രമിക്കാനെത്തുന്ന ആളുകളെ മഴു കൊണ്ട് വെട്ടി വീഴ്ത്തുന്ന രണ്‍ബീറിനെ ടീസറില്‍ കാണാം. പഞ്ചാബി ഗാനവും പാശ്ചത്തലത്തില്‍ മുഴങ്ങുന്നുണ്ട്. രക്തം പുരണ്ട് കയ്യില്‍ ഒരു മഴുവുമായി നില്‍ക്കുന്ന രണ്‍ബീര്‍ കപൂറിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയിരിക്കുന്ന ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് നേരത്തെ പുറത്തുവിട്ടിരുന്നത്. അതേ രംഗങ്ങള്‍ തന്നെയാണ് ഇപ്പോള്‍ പുറത്തിറങ്ങിയ രംഗങ്ങളിലും.

‘അര്‍ജുൻ റെഡ്ഡി’, ‘കബീർ സിങ്’ എന്നീ ചിത്രങ്ങൾക്കു ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അമിത് റോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായിട്ടായിരിക്കും ‘ആനിമല്‍’ പ്രദര്‍ശനത്തിന് എത്തുന്നത്.

രണ്‍ബിര്‍ കപൂറിന്റെ നായികാ വേഷത്തില്‍ ചിത്രത്തില്‍ രശ്‍മിക മന്ദാനയാണ് എത്തുക. അനില്‍ കപൂറും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി ചിത്രത്തില്‍ അഭിനയിക്കുന്നു. ടീ സീരീസ്, ഭദ്രകാളി പിക്ചേഴ്‍സ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം.

Top