തോട്ടിപ്പണി സമ്പ്രദായം പൂര്‍ണ്ണമായി അവസാനിപ്പിക്കണം; സുപ്രീം കോടതി

ഡല്‍ഹി: തോട്ടിപ്പണി നിരോധിക്കുന്നതില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും കര്‍ശന നിര്‍ദ്ദേശങ്ങളുമായി സുപ്രീം കോടതി. മനുഷ്യന്റെ അന്തസ് നിലനിര്‍ത്താനാണ് നടപടിയെന്ന് ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് വ്യക്തമാക്കി. തോട്ടിപ്പണി നിരോധനം, ഇതിലുള്‍പ്പെട്ടവരുടെ പുനരധിവാസം എന്നിവയ്ക്കുള്ള ചട്ടങ്ങളില്‍ പതിനാല് നിര്‍ദ്ദേശങ്ങള്‍ നല്‍കി കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടല്‍. തോട്ടിപ്പണി സമ്പ്രദായം ഉന്മൂലനം ചെയ്യാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു.

രാജ്യത്ത് നിലനില്‍ക്കുന്ന ഈ സമ്പ്രദായം പൂര്‍ണ്ണമായി അവസാനിപ്പിക്കണം. ഇതിന് സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് അടിയന്തരമായ ഇടപെടല്‍ ആവശ്യമാണ്. ആധുനിക കാലത്തും രാജ്യത്ത് ഈ തൊഴില്‍രീതി തുടരുന്നത് അപമാനകരമാണ്. കടുത്ത വേദന ഈക്കാര്യത്തില്‍ രേഖപ്പെടുത്തുവെന്നും ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജ. അരിവന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

അഴുക്കുചാലുകളുടെയും മാന്‍ ഹോളുകളുടെയും ശുചീകരണത്തിനിടെ മരണം സംഭവിക്കുന്നവര്‍ക്ക് സഹായധനം മുപ്പത് ലക്ഷമാക്കി ഉയര്‍ത്താന്‍ കോടതി ഉത്തരവിട്ടു, ജോലിക്കിടെ സ്ഥിര അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് ഇരുപത് ലക്ഷവും മറ്റ് അപകടങ്ങള്‍ക്കുള്ള സഹായം ധനം പത്തു ലക്ഷമായും കൂട്ടണമെന്നും കോടതി നിദ്ദേശിച്ചു. തൊഴില്‍ അവസാനിപ്പിക്കുന്നവരുടെ പുനരധിവാസം ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു.

Top