‘പി.പി.ഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ’; കെ.കെ ശൈലജ

തിരുവനന്തപുരം: പിപിഇ കിറ്റ് അഴിമതിക്കെതിരെ ലോകായുക്തയുടെ നടപടിക്ക് പിന്നാലെ വിശദീകരണവുമായി മുൻ ആരോഗ്യ മന്ത്രി. 1,500 രൂപ നിരക്കിൽ പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയെന്ന് കെ.കെ ശൈലജ പറഞ്ഞു. അൻപതിനായിരം പി പി ഇ കിറ്റ് വാങ്ങാനായിരുന്നു സർക്കാർ തീരുമാനം . 15,000 വാങ്ങിയപ്പോഴേക്കും വിപണിയിൽ കിറ്റ് വില കുറഞ്ഞ് ലഭ്യമായി തുടങ്ങിയെന്നും കെ.കെ ശൈലജ കുവൈത്തിൽ പറഞ്ഞു. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഇടപാടിൽ ശൈലജക്കെതിരെ ലോകായുക്ത ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഹരജി ഫയലിൽ സ്വീകരിച്ച കോടതി ശൈലജ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

കോവിഡിന്റെ തുടക്ക കാലത്ത് പിപിഇ കിറ്റ് ഉൾപ്പെടെയുള്ള പ്രതിരോധ സാമഗ്രികൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആരോപണത്തിലാണ് മുൻമന്ത്രി കെ.കെ ശൈലജ ഉൾപ്പെടെയുള്ളവർക്കെതിരായ അന്വേഷണം. 450 രൂപ വിലയുള്ള പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയതിൽ കോടികളുടെ അഴിമതിയുണ്ടെന്നാണ് ആരോപണം.

പ്രാഥമികമായ പരിശോധനകൾക്ക് ശേഷമാണ് ലോകായുക്ത ഹരജി ഫയലിൽ സ്വീകരിച്ചത്. ശൈലജയെ കൂടാതെ ആരോഗ്യ സെക്രട്ടറിയായിരുന്ന രാജൻ ഘോബ്രഗഡേ, മെഡിക്കൽ സർവീസ് കോർപ്പറേഷൻ മുൻ എംഡിമാരായ ബാലമുരളി, നവജ്യോത് ഖോസ, അജയകുമാർ, മുൻ ജനറൽ മാനേജർ ഡോ. ദിലീപ് കുമാർ ഉൾപ്പെടെയുള്ളവർക്ക് ലോകായുക്ത നോട്ടീസ് അയച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായരുടെ ഹരജിയിലാണ് ലോകായുക്ത നടപടി.

 

Top