കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ച മൂന്ന് പേരുടെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ച മൂന്ന് പേരുടെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. തൊടുപുഴ സ്വദേശി കുമാരിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംഭവസ്ഥലത്ത് കൊല്ലപ്പെട്ട ലയോണയുടെ മൃതദേഹം ഡിഎന്‍എ ഫലം വന്നതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മരിച്ച ലിബിനയുടെ അമ്മയും സഹോദരനും ഉള്‍പ്പടെ നാലുപേര്‍ വെന്റിലേറ്ററിലാണ്. 12 പേര്‍ ഐസിയുവില്‍ തുടരുകയാണ്.

ഞായറാഴ്ച രാവിലെ 9.40-ഓടെയാണ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്ഫോടനങ്ങളുണ്ടായത്. സംഭവത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് ഡോമിനിക് മാര്‍ട്ടിന്‍ പൊലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങി. ഇയാള്‍ തന്നെയാണ് സ്‌ഫോടനം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ കളമശ്ശേരിയില്‍ സ്ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലെത്തി. ഡി.ജി.പി. അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ട്. മന്ത്രിമാരായ കെ. രാജനും റോഷി അഗസ്റ്റിനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Top