ജനപ്രിയ സ്‌കൂട്ടര്‍; വരുന്നൂ പുതിയ ഹോണ്ട ആക്ടിവ

ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ജനപ്രിയ സ്‌കൂട്ടര്‍ മോഡലാണ് ഹോണ്ടയുടെ ആക്ടിവ. ഇപ്പോഴിതാ പുത്തന്‍ ആക്ടിവ ഹോണ്ടയുടെ പണിപ്പുരയിലാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഹോണ്ട ആക്ടിവ 7G ഉടൻ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും സ്‍കൂട്ടറിന്‍റെ മുഴുവൻ രൂപഘടനയും വെളിപ്പെടുത്തുന്ന ടീസർ ചിത്രത്തിലൂടെ ഹോണ്ട മോട്ടോർസൈക്കിൾസ് ആൻഡ് സ്‌കൂട്ടർ ഇന്ത്യ ലിമിറ്റഡ് ടീസ് ചെയ്‍തതായും എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

2001-ൽ ആണ് ഹോണ്ട ആക്ടിവ സ്‌കൂട്ടർ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. അതിനുശേഷം സ്‌കൂട്ടർ ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ ആധിപത്യം സ്ഥാപിച്ചു. 110 സിസി വേരിയന്റുകൾക്ക് പുറമെ, ആക്ടിവ 125 മോഡലും ഓഫറിലുണ്ട്. പുതിയ സ്‍കൂട്ടർ നിലവിലെ മോഡലിന് സമാനമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും, പുതിയ മോഡലിൽ കോസ്‌മെറ്റിക്, ഫീച്ചർ അപ്‌ഡേറ്റുകളുടെ ഒരു ശ്രേണി പ്രതീക്ഷിക്കാം.

പുതിയ തലമുറ മോഡലായ ഹോണ്ട ആക്ടിവ 7G ആയി പുതിയ മോഡൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് വര്‍ഷം മുമ്പാണ് ആക്ടിവ 6G അവതരിപ്പിക്കുന്നത്. വളരെക്കാലമായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‍കൂട്ടറാണ് ഹോണ്ട ആക്ടിവ. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇന്ത്യൻ ഇരുചക്രവാഹനങ്ങളുടെ പട്ടികയിൽ ഹീറോ സ്‌പ്ലെൻഡറിനെ പിന്തള്ളി ഹോണ്ട ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ആക്ടിവയുടെ കരുത്തില്‍ ആയിരുന്നു.

 

Top