വത്തിക്കാനില്‍ അഴിമതിയുണ്ട്; കുറ്റസമ്മതവുമായി പോപ്പ് ഫ്രാന്‍സിസ്

ത്തിക്കാനിലെ സാമ്പത്തിക അഴിമതി സത്യമാണെന്ന് പോപ്പ് ഫ്രാന്‍സിസ് സമ്മതിച്ചു. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കിയ പോപ്പ് ഫ്രാന്‍സിസ് ഇക്കാര്യങ്ങള്‍ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും കൂട്ടിച്ചേര്‍ത്തു. ‘സംഭവിച്ചത് സംഭവിച്ചു. ഇത് അഴിമതിയാണ്’, ജപ്പാനില്‍ നിന്നും വിമാനത്തില്‍ യാത്ര ചെയ്യവെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പോപ്പ് വ്യക്തമാക്കി.

വത്തിക്കാന്‍ ബാങ്കുമായി ബന്ധപ്പെട്ട അഴിമതികള്‍ക്ക് പുറമെ ലണ്ടനിലെ ചെല്‍സിയില്‍ ആഡംബര പദ്ധതികളില്‍ 200 മില്ല്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപം നടത്തിയെന്നാണ് ആരോപണം. ഈ പണത്തില്‍ വലിയൊരു ശതമാനം പോപ്പിന് നേരിട്ട് ലഭിക്കുന്ന സംഭാവനകളായ പീറ്റേഴ്‌സ് പെന്‍സില്‍ നിന്നും എടുത്താണ് ചെലവഴിച്ചതെന്ന് ഇറ്റാലിയന്‍ മാഗസിന്‍ എല്‍’എസ്‌പ്രെസോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലണ്ടനില്‍ രഹസ്യമായി നടത്തിയ ഇടപാടുകളില്‍ അന്വേഷണം പ്രഖ്യാപിച്ച വത്തിക്കാന്‍ മജിസ്‌ട്രേറ്റ് ഇറക്കിയ സേര്‍ച്ച് വാറണ്ട് ഉപയോഗിച്ച് വത്തിക്കാന്‍ പോലീസ് ചില ഓഫീസുകളില്‍ റെയ്ഡ് നടത്തിയിരുന്നു. സ്‌റ്റേറ്റ് സെക്രട്ടറിയേറ്റ് ഫസ്റ്റ് സെക്ഷനിലെയും, സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ ഇന്‍ഫൊര്‍മേഷന്‍ അതോറിറ്റിയുടെയും ചില ഓഫീസുകളിലാണ് ഈ റെയ്ഡ് നടന്നതെന്ന് വത്തിക്കാന്‍ പിന്നീട് സ്ഥിരീകരിച്ചിരുന്നു.

റെയ്ഡിന് പിന്നാലെ അഞ്ച് വത്തിക്കാന്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ തെളിവുള്ളതായി പോപ്പ് പറഞ്ഞു. ശരിയല്ലാത്ത കാര്യങ്ങളാണ് ഇവര്‍ ചെയ്തത്. ലണ്ടനില്‍ പദ്ധതികള്‍ വാങ്ങിച്ച നടപടി അഴിമതിയല്ലാതെ മറ്റൊന്നുമല്ല, പോപ്പ് കൂട്ടിച്ചേര്‍ത്തു.

Top