ഫോണ്‍ ചോര്‍ത്തലിന്റെ രാഷ്ട്രീയവും അപകടകരം, ആശങ്കയോടെ രാജ്യം

ചാര സോഫ്റ്റ് വെയറായ പെഗാസസ് വഴി ജനാധിപത്യത്തിന്റെ നാല് സ്തംഭങ്ങളിലും പെടുന്നവരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ വാര്‍ത്ത ഞെട്ടിക്കുന്നതാണ്. എന്തു താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും ഇത് രാജ്യദ്രോഹമാണ്. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ സര്‍ക്കാര്‍ തന്നെയാണ് കാരണക്കാര്‍ ആയതെങ്കില്‍ സര്‍ക്കാര്‍ നടത്തുന്ന രാജ്യദ്രോഹമായേ ഇതിനെ വിലയിരുത്താന്‍ കഴിയുകയുള്ളൂ. ഫോണ്‍ ചോര്‍ത്തല്‍ നടന്നിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഈ വാദം മുഖവിലക്കെടുക്കുക പ്രയാസമാണ്. കാരണം സര്‍ക്കാറുകള്‍ ആവശ്യപ്പെടുന്നതനുസരിച്ച് മാത്രം നിര്‍മ്മിക്കുന്നതാണ് പെഗാസസ് സോഫ്റ്റ് വെയര്‍ എന്നാണ് അതിന്റെ നിര്‍മ്മാണ കമ്പനിയായ എന്‍.എസ്. ഒ വ്യക്തമാക്കിയിരിക്കുന്നത്.

ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സമഗ്രമായ ഒരു അന്വേഷണം തന്നെ അനിവാര്യമായിരിക്കുകയാണ്. മോദി സര്‍ക്കാറല്ലങ്കില്‍ പിന്നെ ഏത് സര്‍ക്കാറാണ് ചോര്‍ത്തല്‍ ആവശ്യപ്പെട്ടത് എന്നത് കണ്ടുപിടിച്ച് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് കേന്ദ്ര സര്‍ക്കാറിന്റെ കടമയാണ്. അതിന് അവര്‍ തയ്യാറായില്ലങ്കില്‍ കള്ളന്‍ കപ്പലില്‍ തന്നെയാണ് ഉണ്ടാവുക. അക്കാര്യത്തില്‍ ഒരു സംശയവും ഉണ്ടാവേണ്ടതില്ല. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും എം.പിമാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും എന്തിനേറെ സുപ്രീം കോടതി ജഡ്ജിമാരുടേത് വരെ സ്വകാര്യ വിവരങ്ങളാണ് ചോര്‍ത്തിയിരിക്കുന്നത്. ഇതിന് ക്വട്ടേഷന്‍ നല്‍കിയത് ഏത് ഉന്നത സംവിധാനം ആയാലും അത് കണ്ടുപിടിക്കുക തന്നെ വേണം.

സ്വന്തം നിഴലിനെ പോലും ഭയക്കുന്ന ഭരണാധികാരികളാണ് സ്വന്തം കൂട്ടത്തിലുള്ളവരുടെ ഫോണുകളും ചോര്‍ത്തുക. ദൗര്‍ഭാഗ്യവശാല്‍ അതും ഇവിടെ സംഭവിച്ചു കഴിഞ്ഞിട്ടുണ്ട്. പെഗാസസ് ചോര്‍ത്തലിന് ഇരയാക്കപ്പെട്ടവരില്‍ കേന്ദ്ര മന്ത്രിമാരായ അശ്വനി വൈഷ്ണവും പ്രഹ്ലാദ് പട്ടേലും ഉള്‍പ്പെട്ടെന്ന വെളിപ്പെടുത്തല്‍ സംഘപരിവാര്‍ നേതൃത്വത്തെയും ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. മോഡിയുടെയും അമിത് ഷായുടെയും ‘നിരീക്ഷണ’ത്തില്‍ നിന്ന് ഭരണകക്ഷി നേതാക്കള്‍ക്കു പോലും ഒഴിഞ്ഞുനില്‍ക്കാനാകില്ലെന്നതിന് തെളിവായാണ് ഒരു വിഭാഗം ഈ സംഭവത്തെ ചൂണ്ടിക്കാട്ടുന്നത്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോഡിയും അന്ന് ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത്ഷായും ഒരു സ്ത്രീയെ ദീര്‍ഘകാലം നിരീക്ഷണത്തില്‍ നിര്‍ത്തിയെന്ന വാര്‍ത്ത അക്കാലത്ത് വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമാണ്. ഇപ്പോഴത്തെ പെഗാസസ് വിവാദത്തോടെ അത്തരം പഴയകാല സംഭവങ്ങള്‍ വീണ്ടും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഒന്നിനു പുറകെ ഒന്നായി നിരവധി ആരോപണങ്ങളാണ് മോദിക്കും അമിത് ഷാക്കും എതിരെ നിലവില്‍ ഉയര്‍ന്നിരിക്കുന്നത്. ഒന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ബിജെപിയില്‍ അദ്ദേഹത്തിന്റെ എതിരാളിയായി വിലയിരുത്തപ്പെടുന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഔദ്യോഗിക വസതിയില്‍ ചോര്‍ത്തല്‍ ഉപകരണങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്ത പ്രതിപക്ഷത്തെ പോലും ഞെട്ടിപ്പിക്കുന്നതായിരുന്നു.

മുന്‍ കേന്ദ് മന്ത്രി പ്രകാശ് ജാവദേക്കര്‍ വിദേശയാത്രയ്ക്കായി വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യവേ പിഎംഒയില്‍ നിന്ന് വസ്ത്രം മാറി പോകാന്‍ നിര്‍ദേശമെത്തിയ സംഭവവും വലിയ വാര്‍ത്താപ്രാധാന്യം നേടുകയുണ്ടായി. മധ്യപ്രദേശിലെ ദാമോഹില്‍ നിന്നുള്ള എംപിയായ പ്രഹ്ലാദ് പട്ടേല്‍ നിലവില്‍ ജല്‍ശക്തി സഹമന്ത്രിയാണ്. സാംസ്‌കാരികം– ടൂറിസം മന്ത്രാലയങ്ങളുടെ സ്വതന്ത്ര ചുമതലയുണ്ടായിരുന്ന പട്ടേലിന് അഴിച്ചുപണിയിലാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്. പട്ടേലിന് പുറമേ ഭാര്യയുടെയും പ്രൈവറ്റ് സെക്രട്ടറിമാരുടെയും മധ്യപ്രദേശിലെ പ്രധാന അനുയായികളുടെയും പാചകക്കാരന്റെയും തോട്ടക്കാരന്റെയുമടക്കം 11 പേരുടെ ഫോണുകളാണ് ചോര്‍ത്തല്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. പട്ടേല്‍ കേന്ദ്രമന്ത്രിയായതിന് പിന്നാലെ അദ്ദേഹത്തിന്റെ മകനും അനന്തരവനും വധശ്രമ കേസിലുള്‍പ്പെട്ടിരുന്നു.

ഈ ഘട്ടത്തിലാണ് അദ്ദേഹത്തിന്റെയും ഭാര്യയുടെയും മറ്റും ഫോണുകള്‍ പെഗാസസ് ലക്ഷ്യം വച്ചിരുന്നത്. മോഡി വിരുദ്ധ പക്ഷത്തുള്ള ഉമാഭാരതിയുടെ അടുത്ത അനുയായിയാണ് പട്ടേല്‍ അറിയപ്പെടുന്നത് എന്നതും നാം ഓര്‍ക്കണം. പരിവാറില്‍ മോഡിയുടെ കടുത്ത എതിരാളിയായ പ്രവീണ്‍ തൊഗാഡിയ ലക്ഷ്യം വയ്ക്കപ്പെട്ടത് 2018ലാണെങ്കില്‍ സ്മൃതി ഇറാനിയുടെ ഒഎസ്ഡി സഞ്ജയ് കച്ച്റുവിനെ ചോര്‍ത്തിയത് 2014–15 കാലയളവിലാണ്. കച്ച്റുവിന്റെ നിയമനത്തിന് കേന്ദ്രം അംഗീകാരം നല്‍കിയിരുന്നുമില്ല. സ്മൃതിക്ക് മാനവശേഷി മന്ത്രാലയം നഷ്ടപ്പെടുകയും അപ്രധാനമായ ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിലേക്ക് മാറേണ്ടി വന്നതും അപ്രതീക്ഷിതമായിരുന്നു. വസുന്ധരയുടെ പ്രൈവറ്റ് സെക്രട്ടറി പ്രദീപ് അവസ്തി ഇരയാക്കപ്പെട്ടത് 2018 തുടക്കത്തിലാണ്. കേന്ദ്രമന്ത്രിയെന്ന നിലയില്‍ ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്തകള്‍ ലോക്‌സഭയില്‍ ഔദ്യോഗികമായി നിഷേധിച്ചതിന് പിന്നാലെയാണ് ചോര്‍ത്തല്‍ പട്ടികയില്‍ അശ്വനി വൈഷ്ണവുമുണ്ടെന്ന വിവരം പുറത്തായിരിക്കുന്നത്.

2010ല്‍, ഐഎഎസ് കളഞ്ഞ് കോര്‍പറേറ്റ് ലോകത്തേക്ക് നീങ്ങിയ വൈഷ്ണവിന്റെ ഫോണ്‍ ആക്രമിക്കപ്പെടുന്നത് 2017ലാണ്. സ്വന്തമായി രണ്ട് വ്യവസായ സ്ഥാപനം തുടങ്ങിയ ഘട്ടമായിരുന്നു അത്. വൈഷ്ണവിന്റെ ഭാര്യയുടെ ഫോണും പെഗാസസ് ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചട്ടലംഘനം നടത്തിയെന്ന് നിലപാടെടുത്ത തെരഞ്ഞെടുപ്പ് കമീഷണറാണ് പെഗാസസ് ആക്രമണത്തിന് ഇരയായ അശോക് ലവാസ. 2019 ലെ പ്രചാരണഘട്ടത്തില്‍ മോഡിക്കും അമിത് ഷായ്ക്കുമെതിരായി നിരവധി പരാതികളാണ് കമീഷന് ലഭിച്ചിരുന്നത്. എന്നാല്‍ മൂന്നംഗ കമീഷന്‍ ഭൂരിപക്ഷാഭിപ്രായ പ്രകാരം പരാതികളെല്ലാം തള്ളിക്കളയുകയാണുണ്ടായത്. ലവാസയാകട്ടെ ഇത് ശരിയല്ലെന്ന നിലപാട് എടുത്ത് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.

ഇതിന്റെ തുടര്‍ച്ചയായി 2020 ഫെബ്രുവരിയില്‍ ലവാസയുടെ ഭാര്യക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയക്കുകയുണ്ടായി. പിന്നീട് ലവാസ കമീഷണര്‍ സ്ഥാനം രാജിവയ്ച്ചതും രാജ്യം കണ്ടതാണ്. ലവാസയ്ക്ക് പുറമെ തെരഞ്ഞെടുപ്പ് ഫലങ്ങളും മറ്റും വിലയിരുത്തുന്ന അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് തലവന്‍ ജഗ്ദീപ് ഛൊഖറും ചോര്‍ത്തലിന് ഇരയായ വ്യക്തിയാണ്. ഇസ്രയേല്‍ കമ്പനി എന്‍എസ്ഒയുടെ പെഗാസസ് ചാരസോഫ്റ്റ്വെയര്‍ ഉപയോഗിച്ച് വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ ചോര്‍ത്തിയത് അരലക്ഷത്തിലേറെ മൊബൈല്‍ഫോണ്‍ വിവരങ്ങളാണ്. 2017 പകുതി മുതലാണ് ഇന്ത്യയില്‍ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയത്. പ്രതിപക്ഷ നേതാക്കള്‍, കേന്ദ്ര മന്ത്രിമാര്‍, സുപ്രീംകോടതി ജഡ്ജി, മാധ്യമപ്രവര്‍ത്തകര്‍, ബിസിനസുകാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി ഇരുനൂറ് പേരുടെ ഫോണുകളാണ് ചോര്‍ത്തിയിരിക്കുന്നത്. എന്‍എസ്ഒ അവകാശപ്പെടുന്നത് ശരിയെങ്കില്‍ ചോര്‍ത്തിയതിന് പിന്നില്‍ കേന്ദ്രം തന്നെയാണുള്ളത്.

ലക്ഷ്യമിടുന്നവരുടെ മൊബൈലുകളിലേക്ക് എസ്എംഎസ് വഴിയാണ് പെഗാസസ് കൂടുതലായും സന്ദേശം അയക്കുന്നത്. ലിങ്ക് ഓപ്പണ്‍ ചെയ്യുമ്പോള്‍ ചാര സോഫ്റ്റ്വെയര്‍ ഫോണില്‍ ഇടംപിടിക്കും. മുഴുവന്‍ വിവരവും ഏജന്‍സിക്ക് ലഭ്യമാകുകയും ചെയ്യും. ക്യാമറ, മൈക്രോഫോണ്‍ എന്നിവയിലും ‘ചാരന്‍’ നുഴഞ്ഞുകയറും. വാട്‌സാപ്, ടെലഗ്രാം, സിഗ്നല്‍ തുടങ്ങി, നുഴഞ്ഞുകയറ്റം ബുദ്ധിമുട്ടായ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് മെസേജിങ് ആപ്പുകളിലെ വിവരങ്ങളടക്കം പെഗാസസിന് എളുപ്പത്തില്‍ ചോര്‍ത്തുവാന്‍ കഴിയും. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താല്‍ സോഫ്റ്റ്വെയറിന്റെ പ്രവര്‍ത്തനം നിലയ്ക്കുമെങ്കിലും സ്വിച്ച്ഓണ്‍ ചെയ്യുമ്പോള്‍ അത് വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങും. ഫോണ്‍ ഉപേക്ഷിക്കല്‍ മാത്രമാണ് രക്ഷപ്പെടാനുള്ള ഏകമാര്‍ഗം. പെഗാസസ് എന്ന ‘സൈബര്‍ ആയുധം’ അതിന്റെ നിര്‍മാതാക്കള്‍ സര്‍ക്കാരുകള്‍ക്കു മാത്രമാണു വില്‍ക്കുന്നതെന്നതിനാല്‍ കേന്ദ്ര സര്‍ക്കാരിന് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒരിക്കലും ഒഴിഞ്ഞുമാറാന്‍ കഴിയുകയില്ല. അതൊരു യാഥാര്‍ത്ഥ്യവുമാണ്.

Top