ഭിന്നിപ്പിന്റെ രാഷ്ട്രീയം വൻ ഭീഷണി, വയലാർ അന്നു നൽകിയ മുന്നറിയിപ്പ് !

നുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കു വച്ചു – മനസ്സു പങ്കു വച്ചു

ഹിന്ദുവായി മുസല്‍മാനായി ക്രിസ്ത്യാനിയായി
നമ്മളെ കണ്ടാലറിയാതായി
ലോകം ഭ്രാന്താലയമായി
ആയിരമായിരം മാനവഹൃദയങ്ങൾ
ആയുധപ്പുരകളായി
ദൈവം തെരുവിൽ മരിക്കുന്നു
ചെകുത്താൻ ചിരിക്കുന്നു . . .”

അനശ്വര കവി വയലാർ രാമവർമ്മ അരനൂറ്റാണ്ട് മുൻപ് എഴുതിയ കവിതയിലെ വരികളാണിത്. ഈ കവിതയിൽ മത വിശ്വാസത്തിന്റെ മാനുഷികതലങ്ങള്‍ സുവ്യക്തമായാണ് കവി വ്യാഖ്യാനിച്ചിരിക്കുന്നത്. മത വിശ്വാസത്തിന്റെ ദൈവീകാരാധനയുടെ മാനുഷിക സങ്കല്പം ഇതിനേക്കാള്‍ മിഴിവിലും പൂര്‍ണതയിലും, മറ്റാരും തന്നെ ഇതുവരെ പറഞ്ഞിട്ടില്ലന്നതും ഒരു യാഥാർത്ഥ്യമാണ്. അതിനു വയലാറിന് സാധിച്ചത് തന്നെ മാർക്‌സിസം നൽകിയ വെളിച്ചം മൂലമാണ്.

മണ്ണും മനസ്സുമെല്ലാം മതങ്ങളാല്‍ പങ്കിട്ടുപോയവരുടെ ദുരന്ത ദുരിതങ്ങള്‍, ഈ പുതിയ കാലത്തും ലോകം മുഴുവൻ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. നമ്മുടെ ഇന്ത്യയിൽ എന്തിനേറെ ദൈവത്തിൻ്റെ സ്വന്തം നാടായി അറിയപ്പെടുന്ന കേരളത്തിൽ ഉൾപ്പെടെ സമകാലികമായി അതിന്റെ ചൂടും തീഷ്ണതയും ഏറെ വർദ്ധിച്ചിട്ടുണ്ട്. മുൻപ് അയോദ്ധ്യ വിഷയവും പൗരത്വ നിയമ ഭേദഗതിയും ഉൾപ്പെടെയാണ് ‘കത്തി’ പടർന്നതെങ്കിൽ ഏറ്റവും ഒടുവിൽ ഇപ്പോൾ ബി.ജെ.പി നേതാക്കൾ പ്രവാചകനിന്ദ നടത്തിയ സംഭവത്തിലാണ് രാജ്യം ചുട്ടുപൊള്ളുന്നത്. ഈ വിഷയത്തിൽ അറബ് രാജ്യങ്ങളിൽ മിക്കതും ഇന്ത്യ മാപ്പു പറയണമെന്നു ആവശ്യപ്പെടുന്ന അസാധാരണ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. വിവാദ പ്രസ്താവന നടത്തിയ ബിജെപി നേതാക്കളെ അറസ്‌റ്റ്‌ ചെയ്യണമെന്നാവശ്യപ്പട്ട്‌ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധവും ശക്തമാണ്. ജാർഖണ്ഡ്‌ തലസ്ഥാനമായ റാഞ്ചിയിൽ നടന്ന വെടിവയ്പ്പിൽ രണ്ടു പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. യു.പിയില്‍ പ്രതിഷേധത്തിനിറങ്ങിയവരുടെ വീടുകൾ ഉൾപ്പെടെ ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് ഭരണകൂടം തകര്‍ത്തിരിക്കുന്നത്. ഇതെല്ലാം തന്നെ ‘എരിതീയിൽ’ എണ്ണ ഒഴിക്കുന്നതിനു തുല്യമായ നടപടികളാണ്.

രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഉന്നത നേതാക്കൾ പാലിക്കേണ്ട ജാഗ്രത വിവാദ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അതു കൊണ്ടു മാത്രമാണ് ഈ സ്ഥിതിവിശേഷം രാജ്യത്തിനു നേരിടേണ്ടി വന്നിരിക്കുന്നത്. വിവാദ പരാമർശങ്ങൾക്ക് ‘തീ’ പകർന്ന് സ്ഥിതി വഷളാക്കുന്നതിൽ മറുപക്ഷത്തെ തീവ്ര നിലപാടുകാരും, വലിയ പങ്കാണ് വഹിച്ചിരിക്കുന്നത്.

കേരളത്തിൽ ഈ പ്രതിഷേധം വലിയ പൊട്ടിത്തെറിയിൽ കലാശിക്കാതിരിക്കുന്നത്, ഇവിടെ മതേതര പ്രസ്ഥാനങ്ങൾ ശക്തമായതു കൊണ്ടു മാത്രമാണ്. എങ്കിലും ഇവിടെയും അസ്വസ്ഥത പടർത്താൻ സംഘടിതമായ ശ്രമങ്ങളാണ് നടന്നു വരുന്നത്. അടുത്തയിടെ ആലപ്പുഴയിലും പാലക്കാട്ടും നടന്ന കൊലപാതകങ്ങൾക്ക് രാഷ്ട്രീയ നിറങ്ങൾക്കുപ്പുറം മറ്റു പല നിറങ്ങളും ചാർത്തി നൽകാനാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. ഇതിനായി സോഷ്യൽ മീഡിയകളെയും വ്യാപകമായാണ് ദുരുപയോഗം ചെയ്യുന്നത്.

ആർ.എസ്.എസ് – സി.പി.എം സംഘർഷം സ്വിച്ചിട്ടതു പോലെ നിർത്താൻ രാഷ്ട്രീയ നേതൃത്വങ്ങൾ വിചാരിച്ചാൽ തീർച്ചയായും സാധിക്കും. ചോര വീണു ചുവന്ന കണ്ണൂർ തന്നെ അതിനു ഒന്നാന്തരം ഒരു ഉദാഹരണമാണ്. എന്നാൽ, മതത്തിൻ്റെ സംരക്ഷകർ ചമയാൻ ശ്രമിക്കുന്ന പോപ്പുലർ ഫ്രണ്ടും എസ്.ഡി.പി.ഐയും, ആർ.എസ്.എസിനുമെതിരെ വന്നാൽ ആ സംഘർഷം നിയന്ത്രണം വിട്ടാണ് പടരുക. അതു തന്നെയാണ് പൊലീസിൻ്റെയും ഉറക്കം കെടുത്തുന്നത്. വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. പകരത്തിനു പകരം എന്നത് പ്രഖ്യാപിത ലക്ഷ്യമാക്കിയാണ് പോപ്പുലർ ഫ്രണ്ട് മുന്നോട്ടു പോകുന്നത്. അവരെ സംബന്ധിച്ച് പകരം വീട്ടാൻ ആരെ കിട്ടിയാലും മതി എന്ന അവസ്ഥയാണുള്ളത്. അനവധി വർഷത്തെ പ്രവർത്തന പരിചയമുള്ള ആർ.എസ്.എസിനെയാണ് ഇന്നലെ പൊട്ടിവീണ പോപ്പുലർ ഫ്രണ്ടിന്റെ കൊച്ചു കുട്ടികൾ പോലും പരസ്യമായി വെല്ലുവിളിക്കുന്നത്. സമാനമായ ‘പക’ സംഘപരിവാറിലെ പുതിയ തലമുറയും വച്ചു പുലർത്തുന്നുണ്ട് എന്നതും നാം കാണാതിരുന്നു കൂടാ. കേരളത്തെ ഭീതിയിൽ ആഴ്ത്തുന്ന കാഴ്ചകൾ തന്നെയാണിത്.

ജാതീയതയ്ക്കും മത തീവ്രവാദത്തിനുമെതിരെ പൊരുതി മുന്നേറിയ കേരളത്തിന്റെ മണ്ണിൽ വീണ്ടും അശാന്തിയുടെ വിത്തുകൾ മുളക്കുമ്പോൾ മതേതര കേരളമാണ് കൂടുതൽ ജാഗ്രത പാലിക്കേണ്ടത്. കൈവിട്ടു പോയാൽ ഇല്ലാതാകുക ഈ നാടു തന്നെയായിരിക്കും. അതും ഓർത്താൽ നന്ന്. ഇവിടെയാണ് 1972-ൽ പുറത്തിറങ്ങിയ, ‘അച്ചനും ബാപ്പയും’ എന്ന സിനിമക്കായി വയലാർ രാമവർമ്മ എഴുതിയ ഗാനത്തിന്റെ വരികൾ വീണ്ടും പ്രസക്തമാകുന്നത്.
………………….
ഹിന്ദുവായി മുസല്‍മാനായി ക്രിസ്ത്യാനിയായി
നമ്മളെ കണ്ടാലറിയാതായി
ലോകം ഭ്രാന്താലയമായി
ആയിരമായിരം മാനവഹൃദയങ്ങൾ
ആയുധപ്പുരകളായി
ദൈവം തെരുവിൽ മരിക്കുന്നു
ചെകുത്താൻ ചിരിക്കുന്നു . . .”
………………….

വയലാർ എഴുതിയ ഈ വരികൾ കേവലം ഭാവനമാത്രമല്ലന്നത് കാലം വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കവി ചൂണ്ടിക്കാണിച്ച പോലെ ഹിന്ദുവായും മുസല്‍മാനായും ക്രിസ്ത്യാനിയായുമൊക്കെ മനുഷ്യർ വേർതിരിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. നിലവിലെ സാഹചര്യത്തിൽ വിദ്വേഷം പകരുന്ന ഒരു വാക്കിനു പോലും നാടിനെ ഭ്രാന്താലയമാക്കി മാറ്റാനുള്ള ശക്തിയുണ്ട്. സ്നേഹം പകരേണ്ടേ മാനവഹൃദയങ്ങൾ ആയുധപ്പുരകളായി മാറുന്നു വെന്ന കവിയുടെ മുന്നറിയിപ്പും, അർത്ഥവത്താണ്. മനുഷ്യർ തെരുവിൽ പിടഞ്ഞു വീഴുമ്പോൾ ദൈവം തന്നെയാണ് കാവി ഭാവനയിൽ തെരുവിൽ മരിക്കുന്നത്.ആ സന്ദർഭത്തിൽ വർഗ്ഗീയ വാദികളായ ചെകുത്താൻമാർ ചിരിക്കുന്നതും സ്വാഭാവികം തന്നെയാണ്. ഇതു തന്നെയാണ് വയലാർ ഇപ്പോഴും ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുന്നത്.

ദൈവത്തേക്കൾ മനുഷ്യനെ സ്നേഹിച്ച കവിയും കമ്യൂണിസ്റ്റുമാണ് വയലാർ രാമവർമ്മ. ജീവിച്ചിരുന്നപ്പോഴും കഥാവശേഷനായിക്കഴിഞ്ഞും സദാ മനുഷ്യ പക്ഷത്തു തന്നെയാണ് അദ്ദേഹം ഇപ്പോഴും തുടരുന്നത്. കാലത്തിന് മുന്‍പേ ആയിരുന്നു എന്നും വയലാറിൻ്റെ സഞ്ചാരം. അതു കൊണ്ടു തന്നെ ഒരു ക്രാന്തദര്‍ശി എന്നാണ് വിമർശകർ പോലും അദ്ദേഹത്തെ വിലയിരുത്തുന്നത്. ജീവിച്ചിരിക്ക വയലാർ അക്ഷരങ്ങളിലൂടെ നൽകിയ മുന്നറിയിപ്പാണ് വർത്തമാനകാലത്ത് ഇപ്പോൾ രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത്. മനുഷ്യരെ, സാമുദായിക അടിസ്ഥാനത്തിൽ വിഭജിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നത്. ഇതിനെ ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കാൻ കഴിഞ്ഞില്ലങ്കിൽ വയലാർ പറഞ്ഞതുപോലെ ഈ നാട് തന്നെയാണ് ഭ്രാന്താലയമായി മാറുക. ഈ യാഥാർത്ഥ്യം, പുതിയ തലമുറയും തിരിച്ചറിയുക തന്നെ വേണം. കാലം ആവശ്യപ്പെടുന്നതും, അതു തന്നെയാണ് . . .

EXPRESS KERALA VIEW

Top