കേരളത്തിൽ മുഴുവൻ സീറ്റും യു.ഡി.എഫിന് പ്രവചിച്ച സർവ്വേഫലത്തിന് പിന്നിലെ രാഷ്ട്രീയ ‘അജണ്ടയും’ വ്യക്തം

ര്‍വേകളുടെ ചരിത്രം പരിശോധിച്ചാല്‍ അതിനു പിന്നിലെ രാഷ്ട്രീയ അജണ്ടയും പകല്‍പോലെ വ്യക്തമാകുന്നതാണ്. സാമാന്യ യുക്തിക്ക് നിരക്കാത്ത സര്‍വേകളാണ് മിക്കവരും പടച്ചുവിടാറുള്ളത്. അത്തരമൊരു സര്‍വേ ആയി മാത്രമേ ഇപ്പോള്‍ പുറത്തുവന്ന എബിപി ന്യൂസ് സിവോട്ടര്‍ സര്‍വേയെയും വിലയിരുത്താന്‍ കഴിയുകയൊള്ളൂ.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുഴുവന്‍ സീറ്റുകളും യുഡിഎഫ് തൂത്തുവാരുമെന്നാണ് ഈ സര്‍വേയില്‍ അവകാശപ്പെടുന്നത്. സംസ്ഥാനത്ത് ആകെയുള്ള 20 സീറ്റുകളില്‍ ഒന്നുപോലും ഇടതുപക്ഷത്തിനോ എന്‍ഡിഎക്കോ നേടാനാകില്ലന്നതിന് അവര്‍ പറയുന്നതിനുള്ള പ്രധാന ന്യായീകരണം വയനാട്ടില്‍ ഇത്തവണയും മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം യുഡിഎഫിന് അനുകൂല തരംഗം സൃഷ്ടിക്കുമെന്നതാണ്.

സംസ്ഥാനത്തെ 44.5 ശതമാനം വോട്ടു വിഹിതം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് പിടിച്ചെടുക്കുമെന്നും ഇടതുപക്ഷം 31.4 ശതമാനത്തില്‍ ഒതുങ്ങുമെന്ന കണക്കുകളും സര്‍വേ ടീം പുറത്തുവിട്ടിട്ടുണ്ട്. എന്‍ഡിഎയ്ക്ക് 19.8 ശതമാനവും മറ്റു പാര്‍ട്ടികള്‍ക്ക് എല്ലാംകൂടി 4.3 ശതമാനവും വോട്ട് ഷെയറാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.  ഈ സര്‍വേക്ക് ആധാരമായ മാനദണ്ഡങ്ങള്‍ എന്താണെന്നതിന് സര്‍വേ നടത്തിയവരാണ് ഇനി മറുപടി പറയേണ്ടത്.  എത്ര മണ്ഡലങ്ങളില്‍ സര്‍വേ നടത്തി എന്നതിനും ഓരോ മണ്ഡലത്തിലും എത്രപേര്‍ വീതം സര്‍വേയില്‍ പങ്കെടുത്തു എന്നതിനും അവര്‍ ഏതൊക്കെ വിഭാഗത്തില്‍പ്പെട്ടവര്‍ എന്നതിനും കൃത്യമായ മറുപടി നല്‍കേണ്ടതുണ്ട്.  ഓരോ ലോകസഭ മണ്ഡലത്തിലും ലക്ഷക്കണക്കിന് ജനങ്ങള്‍ വോട്ട് ചെയ്യുന്ന തിരഞ്ഞെടുപ്പിനെ ഭാവനയിലെ കണക്കുകള്‍ നിരത്തി ‘ഹൈജാക്ക് ‘ചെയ്യാന്‍ ഏത് ഏജന്‍സി ശ്രമിച്ചാലും അത് ജനാധിപത്യത്തോടുള്ള വെല്ലുവിളി ആയി മാത്രമേ കാണാന്‍ സാധിക്കുകയൊള്ളൂ.

എന്തിനാണ് യു.ഡി.എഫിന് കേരളത്തിലെ മുഴുവന്‍ സീറ്റും ജനങ്ങള്‍ നല്‍കേണ്ടത് എന്നതിന് സര്‍വേ ഫലം പുറത്ത് വിട്ടവരും അത് ആഘോഷമാക്കുന്നവരും മറുപടി പറയേണ്ടതുണ്ട്. 2019- ലെ തിരഞ്ഞെടുപ്പില്‍ 20-ല്‍ 19സീറ്റുകളിലും യു.ഡി.എഫിനു ലഭിക്കാന്‍ കാരണം രാഹുല്‍ഗാന്ധി ഇഫക്ടും ശബരിമല വിവാദവുമായിരുന്നു. എന്നാല്‍ നിലവില്‍ ഈ രണ്ട് കാര്യങ്ങളും പ്രസക്തമല്ല. ശബരിമല വിവാദം കെട്ടടങ്ങി കഴിഞ്ഞു.  രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷയും ഇപ്പോള്‍ രാഷ്ട്രീയ കേരളത്തിന്നില്ല. ഇന്ത്യാ സഖ്യത്തിന് അഥവാ ഭൂരിപക്ഷം ലഭിച്ചാല്‍ പോലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുക കോണ്‍ഗ്രസ്സിനു പുറത്തുള്ള മറ്റു പ്രതിപക്ഷ നേതാക്കളില്‍ ആരെങ്കിലും ആയിരിക്കും. അതാകട്ടെ വ്യക്തവുമാണ്.ഇതെല്ലാം കൃത്യമായി മനസ്സിലാക്കുന്ന ജനതയാണ് കേരളത്തിലുള്ളത്. 2019-ലെ കോണ്‍ഗ്രസ്സല്ല 2024 ലെ കോണ്‍ഗ്രസ്സ് എന്നതും തട്ടിക്കൂട്ട് സര്‍വേയിലൂടെ കോണ്‍ഗ്രസ്സിനു ജീവന്‍ നല്‍കാന്‍ ശ്രമിക്കുന്നവര്‍ മനസ്സിലാക്കുന്നത് നല്ലതാണ്.

ശരവേഗത്തിലാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് ഒഴുകുന്നത്. ഇതില്‍ മുന്‍ മുഖ്യമന്ത്രിമാരും എം.എല്‍.എമാരും ഉന്നത നേതാക്കളും ഉള്‍പ്പെടും.ഹിമാചല്‍ പ്രദേശില്‍ നിന്നും ബി.ജെ.പിക്കാരനെ രാജ്യസഭയിലേക്ക് വിജയിപ്പിച്ചതും കോണ്‍ഗ്രസ്സ് എം.എല്‍.എമാരാണ്. ഏറ്റവും ഒടുവില്‍ കേരള മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകള്‍ പതമജയും ബി.ജെ.പി പാളയത്തിലാണ് എത്തിയിരിക്കുന്നത്.മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണിയുടെ മകനു പിന്നാലെ കരുണാകരന്റെ മകളും കാവിയില്‍ രാഷ്ട്രീയഅഭയം തേടിയത് കോണ്‍ഗ്രസ്സിനേറ്റ കനത്ത പ്രഹരം തന്നെയാണ്. ഇന്നത്തെ കോണ്‍ഗ്രസ്സാണ് നാളത്തെ ബി.ജെ.പിയെന്ന് കേരളം ചര്‍ച്ച ചെയ്യുമ്പോള്‍ ആ കോണ്‍ഗ്രസ്സ് ഉള്‍പ്പെട്ട യു.ഡി.എഫ് സംവിധാനത്തിന് മുഴുവന്‍ സീറ്റുകളും പ്രഖ്യാപിച്ച സര്‍വേ റിപ്പോര്‍ട്ടിനെ തമാശയായി മാത്രമേ വിലയിരുത്താന്‍ കഴിയുകയൊള്ളു.

കഴിഞ്ഞ തവണ ലഭിച്ച ഒരു സീറ്റില്‍ നിന്നും ഇത്തവണ പത്തില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാനുള്ള രാഷ്ട്രീയ സാഹചര്യമാണ് നിലവില്‍ ഇടതുപക്ഷത്തിനുള്ളത്. ഏറ്റുവും ഒടുവിലായി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയും കേരളത്തില്‍ ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യാന്‍ പോകുന്നത്.  മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്‍മാരായി കണക്കാക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ അന്നും ഇന്നും ശക്തമായി പ്രതിഷേധിച്ചത് ഇടതുപക്ഷ കേരളമാണ്.ഈ നിയമം കേരളത്തില്‍ നടപ്പാക്കില്ലന്ന് പലവട്ടം പ്രഖ്യാപിച്ച പിണറായി സര്‍ക്കാര്‍ തന്നെയാണ് നിയമസഭയില്‍ ഇതുസംബന്ധമായ പ്രമേയവും അവതരിപ്പിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയ സംസ്ഥാനവും കേരളമാണ്.അതുപോലെ തന്നെ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് ഏറ്റവും അധികം ആളുകള്‍ പങ്കെടുത്ത പ്രക്ഷോഭം നടന്നതും കേരളത്തിലാണ്.ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡു മുതല്‍ കണ്ണൂര്‍വരെ തീര്‍ത്ത മനുഷ്യ മഹാശ്യംഖലയില്‍ 80ലക്ഷത്തോളം പേരാണ് പങ്കെടുത്തിരുന്നത്. മോദീ സര്‍ക്കാറിനെതിരായ ഈ സമരത്തില്‍ പങ്കെടുത്തതിന് സ്വന്തം നേതാവിനെ പുറത്താക്കിയ പാര്‍ട്ടിയാണ് മുസ്ലിംലീഗ് എന്നതും നാം മറന്നു പോകരുത്. ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും എതിര്‍പ്പുകള്‍ തള്ളി തന്നെയാണ് ഇടതുപക്ഷം മനുഷ്യശ്യംഖല നടത്തിയിരുന്നത്.

പിന്നീട്, ജനങ്ങള്‍ എതിരായപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ മനുഷ്യ ഭൂപടവുമായി യു.ഡി.എഫ് രംഗത്തിറങ്ങിയെങ്കിലും അത് വെറും പടമായി മാത്രമാണ് മാറിയിരുന്നത്.  വ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് നിയമം നടപ്പാക്കുന്നതില്‍ നിന്നും തല്‍ക്കാലം പിന്‍മാറിയ കേന്ദ്രസര്‍ക്കാര്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുന്‍പാണിപ്പോള്‍ പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ‘ഇത് ജനങ്ങളെ വിഭജിക്കാനും വര്‍ഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റില്‍ പറത്താനുമുള്ളതാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നടിച്ചിരിക്കുന്നത്. തുല്യ അവകാശങ്ങളുള്ള ഇന്ത്യന്‍ പൗരന്മാരെ പലതട്ടുകളാക്കാനുള്ള ഈ നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സി.പി.എമ്മും സി.പി.ഐയും ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ട്ടികളും അതിശക്തമായ നിലപാടാണ് സര്‍ക്കാറിനെതിരെ സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര വിജ്ഞാപനം വന്ന ഉടനെ തന്നെ കേരളത്തിന്റെ തെരുവുകളില്‍ പ്രതിഷേധവുമായി ആദ്യം രംഗത്തിറങ്ങിയത് സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ്.ദേശീയ തലത്തിലും ഇടതുപാര്‍ട്ടികള്‍ക്ക് ഇക്കാര്യത്തില്‍ ഒറ്റ നിലപാട് മാത്രമാണ് ഉള്ളത്. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീംകോടതിയെയും പിണറായി സര്‍ക്കാര്‍ സമീപിച്ചിട്ടുണ്ട്.എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്ന തെലങ്കാന കര്‍ണ്ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഒളിച്ചുകളി തുടരുകയാണ് ചെയ്യുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ എടുത്തത് പോലുള്ള ആര്‍ജവമുള്ള നിലപാട് എടുക്കാന്‍ ശേഷിയില്ലാത്ത കോണ്‍ഗ്രസ്സ് സര്‍ക്കാറുകളുടെ നിലപാടില്‍ എന്താണ് അഭിപ്രായമെന്നതിന് മുസ്ലിംലീഗ് നേതൃത്വവും മറുപടി പറയേണ്ടതുണ്ട്.

പൗരത്വ നിയമഭേദഗതി വിഷയത്തില്‍ കോണ്‍ഗ്രസ്സിന് രണ്ട് നിലപാടാണ് ഉള്ളത്. കേരള നേതാക്കളില്‍ ഒരു വിഭാഗം ഈ നിയമത്തെ എതിര്‍ക്കുമ്പോള്‍ ദേശീയ നേതാക്കളില്‍ ഭൂരിപക്ഷവും പ്രതികരിക്കേണ്ടതില്ല എന്ന നിലപാടിലാണ് ഉള്ളത്.അതായത് ഇടതുപക്ഷത്തെ പോലെ കൃത്യവും വ്യക്തവുമായ ഒരു നിലപാട് ഈ വിഷയത്തിലും അവര്‍ക്കില്ലന്നതു വ്യക്തം. ഒരോ സംസ്ഥാനത്തും വ്യത്യസ്ത നിലപാടാണ് പൗരത്വ നിയമ ഭേദഗതിയില്‍ കോണ്‍ഗ്രസ്സ് സ്വീകരിച്ചിരിക്കുന്നത്. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആശയകുഴപ്പത്തിന് സമാനമായ പ്രതിസന്ധിയാണിത്. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലന്ന് വൈകിയാന്നെങ്കിലും ഒടുവില്‍ സോണിയ ഗാന്ധിക്ക് തീരുമാനിക്കേണ്ടി വന്നതു തന്നെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂരി ക്ഷണം നിരസിച്ചതു കൊണ്ടുമാത്രമാണ്. രാമക്ഷേത്ര ഉദ്ഘാടനത്തെ പരിവാര്‍ ചടങ്ങാക്കിയതുകൊണ്ടു മാത്രമല്ല അവിടെ അതിനു മുന്‍പ് നിലനിന്നിരുന്നത് ഒരു മസ്ജിദ് ആയിരുന്നു എന്ന യാഥര്‍ത്ഥ്യവും സീതാറാം യെച്ചൂരിയുടെ തീരുമാനത്തിനു പിന്നിലുണ്ട്. മുസ്ലീംലീഗ് അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ഇല്ലാതെ പോയതും ഈ ബോധമാണ്. ഇതെല്ലാം തന്നെ കേരളത്തിലെ രാഷ്ട്രീയ ബോധമുള്ള ജനങ്ങള്‍ക്കും ബോധ്യമുള്ള കാര്യമാണ്.ഇങ്ങനെ എണ്ണിയെണ്ണി പറയാന്‍ നിരവധി കാര്യങ്ങള്‍ ഇനിയുമുണ്ട്.

ഈ വസ്തുതകള്‍ക്കു മേല്‍ പുകമറ സൃഷ്ടിക്കാന്‍ ഒരു സര്‍വേകള്‍ക്കും കഴിയുകയില്ല. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന നടക്കാത്ത സ്വപ്നം കണ്ട് ഇനിയും യു.ഡി.എഫിനു വോട്ട് ചെയ്യാന്‍ കേരളത്തിലെ മതേതര സമൂഹം വിഡ്ഢികളൊന്നുമല്ല. രാജ്യം ആര് ഭരിക്കുമെന്നതിനേക്കാള്‍ അവര്‍ക്കിപ്പോള്‍ പ്രധാനം സ്വന്തം മണ്ണില്‍ സുരക്ഷിതമായി കഴിയുക എന്നതാണ്. അതിന് ആവശ്യമായ സംഘടനാ കരുത്തും ആര്‍ജ്ജവവും ഇടതുപക്ഷത്തിനാണ് ഇവിടെയുള്ളത്. ‘എത്ര എം.പിമാര്‍ ലോകസഭയില്‍ ഉണ്ട് എന്നതിലല്ല ഉള്ളവര്‍ എവിടെ അടിയുറച്ച് നില്‍ക്കും’ എന്നതിലാണ് കാര്യം. അങ്ങനെ പരിശോധിക്കുകയാന്നെങ്കില്‍ ഇവിടെ വിശ്വസിക്കാന്‍ പറ്റുന്ന വിഭാഗം ഇടതുപക്ഷമാണ്. കമ്യൂണിസ്റ്റുപാര്‍ട്ടികളേക്കാള്‍ വിശ്വാസ്യതഒരു കാരണവശാലും കോണ്‍ഗ്രസിന് അവകാശപ്പെടാന്‍ കഴിയുകയില്ല. ഖദര്‍ കാവിയണിയുന്ന വേഗതയില്‍ തന്നെ അത് വ്യക്തവുമാണ്. ഇതെല്ലാം കണക്കിലെടുത്തുള്ള ഒരു വിധിയെഴുത്തിനാണ് കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.തട്ടിക്കൂട്ട് സര്‍വേകള്‍ക്കും മേലുള്ള ഒരു വിധിയെഴുത്തായിരിക്കും അത്. അതാകട്ടെ വ്യക്തവുമാണ്.

EXPRESS KERALA VIEW

Top