കൊവിഡ് ഡ്യൂട്ടിക്കിടെ തലയ്ക്ക് പരിക്കേറ്റ പൊലീസുകാരന്‍ ആശുപത്രി വിട്ടു

ആലുവ: ലോക്ഡൗണ്‍ പരിശോധനയ്ക്കിടെ യുവാവിന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരന്‍ അജീഷ് പോള്‍ ആശുപത്രി വിട്ടു. നഷ്ടപ്പെട്ട സംസാരശേഷിയും ചലന ശേഷിയും മെച്ചപ്പെട്ട നിലയിലായെങ്കിലും സ്പീച്ച് തെറാപ്പി ഉള്‍പ്പടെ ചികിത്സ തുടരേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

ഇടുക്കി മറയൂര്‍ പൊലീസ് സ്‌റ്റേഷനിലെ സി പി ഓ അജീഷ് പോളിനാണ് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെയാണ് മര്‍ദ്ദനമേറ്റത്. ലോക്ഡൗണ്‍ പരിശോധനയ്ക്കിടെ, മാസ്‌ക്ക് ധരിക്കാത്തത് ചോദ്യം ചെയ്ത അജീഷ് പോളിനെ യുവാവ് കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അജീഷിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആലുവയിലെ സ്വകാര്യആശുപത്രിയില്‍ 24 ദിവസം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് അജീഷ് പോളിനെ ഡിസ്ചാര്‍ജ്ജ് ചെയ്തത്.

ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്ന വേളയില്‍ അജീഷ് പോളിനെ കാണാനായി മന്ത്രി പി രാജീവ് എത്തിയിരുന്നു. അജീഷിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സഹായിച്ച ഡോക്ടര്‍ സംഘത്തെ മന്ത്രി അഭിനന്ദിച്ചു. അജീഷ് പോളിന്റെ ചികിത്സാച്ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.

Top