പോത്തന്‍കോട് ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ മാങ്ങ വാങ്ങി മുങ്ങിയ പൊലീസുകാരന് സ്ഥലം മാറ്റം

തിരുവനന്തപുരം: പോത്തന്‍കോട് മാമ്പഴം വാങ്ങിയ ശേഷം പണം നൽകാതെ മുങ്ങിയെന്ന പരാതില്‍ ആരോപണ വിധേയനായ പൊലീസുകാരന് സ്ഥലം മാറ്റം. തിരുവനന്തപുരം എ ആര്‍ ക്യാമ്പിലേക്ക് ഇയാളെ സ്ഥലം മാറ്റിയത്. ഉന്നത ഉദ്യോഗസ്ഥർക്കു കൊടുക്കാൻ എന്ന പേരിലാണ് പൊലീസുകാരൻ മാമ്പഴം വാങ്ങിയത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെയും പോത്തൻകോട് സിഐയുടെയും പേരില്‍ മാമ്പഴം വാങ്ങിയ ശേഷം പണം നല്‍കാതെ കബളിപ്പിച്ച പൊലീസുകാരനെതിരെ അന്വേഷണം നടക്കുകയാണ്.

പോത്തൻകോട് കരൂർ ക്ഷേത്രത്തിന് സമീപം എം എസ് സ്റ്റോഴ്സ് കടയുടമ ജി.മുരളീധരൻ നായരുടെ കടയിൽ നിന്നാണ് പൊലീസുകാരന്‍ കഴിഞ്ഞ മാസം 17-ന് 800 രൂപയ്ക്ക് അഞ്ചു കിലോ പഴുത്ത മാങ്ങ വാങ്ങി കടന്നു കളഞ്ഞത്. ഉന്നത ഉദ്യോഗസ്ഥര്‍ ഗൂഗിള്‍പേ വഴി പണം നല്‍കുമെന്ന് പറഞ്ഞായിരുന്നു രണ്ട് കവറിൽ മാങ്ങയുമായി പോയത്. പോത്തന്‍കോട് സിഐയും എസ്‌ഐയും കടയിൽ സ്ഥിരമായി വരുന്നതിനാൽ കടക്കാരന് സംശയവും തോന്നിയില്ല.

ഒരു മാസമായിട്ടും പണം ലഭിക്കാതായതോടെ കഴിഞ്ഞ ദിവസം കടയിലെത്തിയ സിഐയോട് കടയുടമ വിവരം പറഞ്ഞു. അപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം തിരിച്ചറിഞ്ഞത്. വിൽപനക്കാരന്റെ പരാതിയിൽ നടത്തിയ തിരിച്ചറിയൽ പരേഡിൽ പരാതിക്കാരൻ പൊലീസുകാരനെ തിരിച്ചറിയുകയായിരുന്നു. നെടുമങ്ങാട് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തില്‍ ആരോപണ വിധേനായ ഉദ്യോഗസ്ഥന് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.

സംഭവത്തിൽ ആക്ഷേപം ഉന്നയിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന് പങ്കില്ലെന്നും സംഭവസമയത്ത് പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിലായിരുന്നു എന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ട് എസ്.പി.ക്ക്‌ കൈമാറിയിട്ടുണ്ട്. എന്നാൽ ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനെ പോത്തൻകോട് സ്റ്റേഷനിൽ നിന്നും എ.ആർ.ക്യാമ്പിലേക്ക്‌ സ്ഥലം മാറ്റുകയും തുടർ അന്വേഷണത്തിന് എസ്.പി. ഉത്തരവിടുകയും ചെയ്യുകയായിരുന്നു.

Top