ഓയൂര്‍ കേസ്; പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ പൊലീസ്, നാളെ കോടതിയില്‍ അപേക്ഷ നല്‍കും

കൊല്ലം: ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ പൊലീസ്. നാളെ കൊട്ടാരക്കര കോടതിയില്‍ അപേക്ഷ നല്‍കും. മറ്റ് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്നാണ് പൊലീസ് സംഘത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. കൊല്ലം ഓയൂരില്‍ നിന്നും ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കേസന്വേഷണത്തിന് നിര്‍ണായകമായത് മൂന്ന് കാര്യങ്ങളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കണ്ണനല്ലൂരിലെ പ്രാദേശിക പൊതുപ്രവര്‍ത്തകന്‍ പങ്കുവച്ച ഒരു സംശയം, ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണ്‍, പിന്നെ ആറ് വയസുകാരിയും സഹോദരനും പറഞ്ഞ അടയാളങ്ങള്‍ വെച്ച് വരച്ച രേഖാചിത്രങ്ങളും പ്രതികളിലേക്ക് എത്താനുള്ള വഴിയായി. മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ശബ്ദരേഖ കേട്ടതിന് പിന്നാലെയാണ് സമദ്, തന്റെ സുഹൃത്തിന്റെ ഫോണില്‍ കടമായി പണം ആവശ്യപ്പെട്ട മറ്റൊരു സ്ത്രീ ശബ്ദം കേട്ടത്. കടം ചോദിച്ച ശബ്ദ സന്ദേശത്തിലെ അതേ ശബ്ദമാണ് കുട്ടിയെ വിടാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് വന്ന ഫോണ്‍ കോളിലുമെന്ന് സംശയം തോന്നിയ സമദ് സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥന് വിവരം കൈമാറി.

അങ്ങനെ കേസിലെ രണ്ടാം പ്രതിയായ അനിതയിലേക്കുള്ള വഴി പൊലീസിന് മുന്നില്‍ തെളിഞ്ഞു. അനിതയുടെ വീട് അന്വേഷിച്ചെത്തിയ പൊലീസിന് വീട്ടുമുറ്റത്ത് സ്വിഫ്റ്റ് കാറ് കൂടി കണ്ടതോടെ സംശയം ബലപ്പെട്ടു. തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്‍കുട്ടിയും സഹോദരനും നല്‍കിയ വിവരങ്ങളിലൂടെ വരച്ച രേഖാചിത്രങ്ങളുമായി സാമ്യമുള്ളവരാണ് വീട്ടില്‍ താമസിക്കുന്നതെന്ന് കൂടി തിരിച്ചറിഞ്ഞതോടെ പൊലീസ് പത്മകുമാറിനും കുടുംബത്തിനും പിന്നാലെയാണ് യാത്ര ആരംഭിക്കുകയായിരുന്നു.

Top