ഗ്രീഷ്മ കഷായത്തിൽ ചേർത്തത് കാപിക് എന്ന കീടനാശിനിയെന്ന് പോലീസ്

തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഗ്രീഷ്മ സമ്മതിച്ചതായി പൊലീസ്. ഒരു വർഷമായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും എഡിജിപി എം.ആർ അജിത് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാപിക് എന്ന കീടനാശിനിയാണ് കഷായത്തിൽ കലർത്തി നൽകിയത്. ഗ്രീഷ്മ തന്നെയാണ് കഷായം ഉണ്ടാക്കിയതെന്നും പൊലീസ് പറഞ്ഞു.

അന്ധവിശ്വാസ കൊലയെന്ന് പറയാനാവില്ലെന്നും എഡിജിപി പറഞ്ഞു. അത് ഷാരോണിനെ ഒഴിവാക്കാൻ വേണ്ടി പറഞ്ഞുനോക്കിയ കാരണമാണ്. കേസിൽ മാതാപിതാക്കളെ പ്രതി ചേർക്കാൻ മതിയായ തെളിവുകൾ ലഭിച്ചിട്ടില്ല. മുമ്പ് കൊലപാതകശ്രമം നടത്തിയതിനും തെളിവില്ല. ബ്രേക്ക് അപ് ആവാൻ ഷാരോണിന് താത്പര്യമില്ലായിരുന്നു. എന്നാൽ ഒഴിവാക്കണമെന്നതായിരുന്നു ഗ്രീഷ്മയുടെ ആവശ്യം. അമ്മക്ക് വേണ്ടി വങ്ങിവെച്ച കഷായപ്പൊടി ചേർത്താണ് ഗ്രീഷ്മ കഷായമുണ്ടാക്കിയത്. ഷാരോൺ ബാത്ത്‌റൂമിൽ പോയ തക്കത്തിന് വിഷം കലർത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കോപ്പർ സൾഫേറ്റാണ് ആണ് കൊലപാതകത്തിന് ഉപയോഗിച്ചത് എന്നായിരുന്നു ആദ്യ നിഗമനം. ലിവറിനെയും വൃക്കയേയും ബാധിക്കാവുന്ന കീടനാശിനികൾ വിലയിരുത്തി നോക്കിയെങ്കിലും പോലീസിന് മനസിലാക്കാനായില്ല. വിശദമായ ചോദ്യം ചെയ്യലിലാണ് കാപിക് ആണെന്ന് മനസ്സിലായത്. ഇതിന്റെ ബോട്ടിൽ കിട്ടിയിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു.

Top