പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതികളുടെ മൊഴി തള്ളി പൊലീസ്

ഡല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതികളുടെ മൊഴി തള്ളി പൊലീസ്. യാദൃശ്ചികമായ കൂടിച്ചേരലാണ് കൂട്ടായ്മയുടെ ഭാഗമായി ഉണ്ടായതെന്ന വാദം അംഗീകരിക്കാന്‍ ആകില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നില്‍ ദേശവിരുദ്ധ ശക്തികളുടെ ഇടപെടല്‍ ഉണ്ടെന്നും നിഗമനം. പ്രതികളുടെയും ബന്ധുക്കളുടെയും ചില സംഘടനകളുടെയും സാമ്പത്തിക ബന്ധങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.

കഴിഞ്ഞ ദിവസം കേസിലെ ആറാം പ്രതി മഹേഷ് കുവാത്തിനെ ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പാര്‍ലമെന്റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ലളിത് മോഹന്‍ ഝായാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് ശേഷം ലളിത് എത്തിയത് രാജസ്ഥാനിലെ മഹേഷിന്റെ ഒളിത്താവളത്തിലേക്കാണ്.

ആദ്യം അറസ്റ്റിലായ നാല് പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചതിലും മഹേഷിന് പങ്കുണ്ട്. പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചതിന് അറസ്റ്റിലായ നീലം ദേവിയുമായും അദ്ദേഹം നിരന്തരം ബന്ധപ്പെട്ടിരുന്നു. വെള്ളിയാഴ്ചയാണ് ലളിത് ഝായെ ഡല്‍ഹി കോടതി 7 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഗൂഢാലോചനയുടെ മുഴുവന്‍ വിവരങ്ങളും പുറത്തുകൊണ്ടുവരാന്‍ അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം പ്രത്യേക ജഡ്ജി അംഗീകരിക്കുകയായിരുന്നു.

Top