വയോധികന്റെ മരണം കൊലപാതകമെന്നു പോലീസ് ; ഒപ്പം താമസിച്ച യുവതിയുടെ മകന്‍ അറസ്റ്റില്‍

മാവേലിക്കര:അസ്വാഭാവിക മരണമെന്നു നാട്ടുകാരും ബന്ധുക്കളും വിധിയെഴുതിയത് കൊലപാതകമെന്നു പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. പ്രതിയെ അറസ്റ്റുചെയ്തു. തെക്കേക്കര പറങ്ങോടി കോളനിയില്‍ യുവതിക്കൊപ്പം വാടകയ്ക്കുതാമസിച്ച ഓച്ചിറ സ്വദേശി ഭാസ്‌കരന്‍ നവംബര്‍ ഒന്നിനു വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണു മരിച്ചത്. സംഭവത്തില്‍ യുവതിയുടെ മകന്‍ മന്‍ദീപിനെ കുറത്തികാട് പോലീസ് അറസ്റ്റുചെയ്തു.

യുവതിക്കൊപ്പം ഭാസ്‌കരന്‍ താമസിക്കുന്നതിലുള്ള വിരോധം കാരണം ഒക്ടോബര്‍ 15-ന് യുവതിയുടെ വീട്ടില്‍വെച്ച് മന്‍ദീപ് ഭാസ്‌കരനെ ക്രൂരമായി മര്‍ദിച്ചതായും തല ഭിത്തിയില്‍ ഇടിപ്പിച്ചതായും പോലീസ് പറയുന്നു. തുടര്‍ന്നാണ് ഭാസ്‌കരനെ ആശുപത്രിയിലെത്തിച്ചത്. ഒളിവില്‍പ്പോയ മന്‍ദീപിനെ പേരൂര്‍ക്കടയിലെ മണ്ണാമൂലയില്‍നിന്നാണു പിടികൂടിയത്.

മരത്തില്‍നിന്നുവീണ് പരിക്കേറ്റെന്നുപറഞ്ഞ് ഒക്ടോബര്‍ 16 -നാണ് യുവതി ഭാസ്‌കരനെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. ഭാസ്‌കരന്റെ മരണശേഷം യുവതി കുറത്തികാട് പോലീസ് സ്റ്റേഷനിലെത്തി മൊഴിനല്‍കുകയും ചെയ്തു. ഇവരുടെ മൊഴിയിലെ വൈരുധ്യത്തില്‍ സംശയംതോന്നിയ പോലീസ് നടത്തിയ അന്വേഷണത്തില്‍ മരണം മരത്തില്‍നിന്നു വീണതല്ലെന്നു തിരിച്ചറിഞ്ഞു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുമായി ബന്ധപ്പെട്ട് വിവരം ചോദിച്ചറിയുകയും ശാസ്ത്രീയ പരിശോധനകളെ ആശ്രയിക്കുകയും ചെയ്തതോടെയാണ് മരണം കൊലപാതകമാണെന്നു പോലീസ് സ്ഥിരീകരിച്ചത്.

 

Top