ഹൈദരാബാദ്: മാതാപിതാക്കളെയും സുഹൃത്തുക്കളെയും ഒരുനോക്കുകാണാന്‍ അനുവദിക്കാതെ രോഹിത്തിന്റെ മൃതദേഹം ദഹിപ്പിച്ചതായി ആരോപണം. ജന്‍മദേശമായ ഉപ്പലില്‍ ശവസംസ്‌കാരം നടത്തുമെന്ന് അറിയിച്ചശേഷം, ഹൈദരാബാദിലെ ശ്മശാനത്തില്‍ വച്ച് പോലീസ് രഹസ്യമായി സംസ്‌കാരം നടത്തിയെന്നാണ് സഹപാഠികള്‍ ആരോപിക്കുന്നത്.
ഹൈദരാബാദ് കോളേജ് ഹോസ്റ്റലില്‍ ജീവനൊടുക്കിയ രോഹിത്തിന്റെ മൃതദേഹവുമായി രാത്രി മുഴുവന്‍ വിദ്യാര്‍ഥികള്‍ ഉപരോധം നടത്തിയിരുന്നു. പിന്നീട് പോലീസെത്തി വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മൃതദേഹം വിട്ടുകൊടുത്തത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക്, തെലങ്കാനയിലെ ഉപ്പലില്‍ വച്ച് രോഹിത്തിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടക്കുമെന്നാണ് പോലീസ് വിദ്യാര്‍ഥികളെ അറിയിച്ചിരുന്നത്. സുഹൃത്തുക്കളും സഹപാഠികളും അവിടേയ്ക്ക് പുറപ്പെടാനിരിക്കെ, സമീപപ്രദേശമായ അമ്പര്‍പേട്ടില്‍ വച്ച് സംസ്‌കാരം നടത്തിയതായി വിവരം ലഭിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ശ്മശാനത്തിലേക്ക് എത്തിച്ചേര്‍ന്ന സഹപാഠികള്‍ അവിടുത്തെ ജീവനക്കാരനോട് കാര്യങ്ങള്‍ ചോദിച്ചു.
ജീവനക്കാര്‍ അവരെ രോഹിത്തിനെ ദഹിപ്പിച്ച സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയും പണമടച്ച രസീത് കാണിക്കുകയും ചെയ്തു. ശ്മശാനജീവനക്കാര്‍ തന്നെയാണ് രോഹിത്തിന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തതെന്നും അവര്‍ അറിയിച്ചതായാണ് ആരോപണം.
ചിതയുടെയും രസീതിന്റെയും ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പോലീസ് സുഹൃത്തുക്കളേയും മാധ്യമങ്ങളേയും അകറ്റിനിര്‍ത്തി എന്നാണ് സൂചന.


