കെ സുധാകരനെതിരായ കേസ് പൊലീസ് കെട്ടിച്ചമച്ചത്; കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി

തിരുവനന്തപുരം: കെ സുധാകരനെതിരായ കേസ് പൊലീസ് കെട്ടിച്ചമച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. കേസ് കോടതിയില്‍ എത്തുമ്പോള്‍ തള്ളിപ്പോകും. അന്ന് പിണറായിയും ഗോവിന്ദന്‍ മാഷും വല്ലാതെ കഷ്ടപ്പെടേണ്ടി വരുമെന്നും ആന്റണി പറഞ്ഞു. പൊലീസ് കേസെടുത്താല്‍ തീരുമാനമെടുക്കുന്നത് പൊലീസല്ല, കോടതിയാണ്. കേസ് പൊലീസിന്റെ ഭാഗം മാത്രമാണ്. എന്നാല്‍ കോടതിയില്‍ വരുമ്പോള്‍ രണ്ടു ഭാഗം വരും. ക്രോസ് വിസ്താരം നടക്കും. പൊലീസ് കെട്ടിച്ചമച്ച കേസ് കോടതിയില്‍ വരുമ്പോള്‍ തള്ളിപ്പോവും. അന്ന് ഗോവിന്ദന്‍ മാഷും പിണറായിയും വല്ലാതെ കഷ്ടപ്പെടേണ്ടി വരുമെന്നും എകെ ആന്റണി കൂട്ടിച്ചേര്‍ത്തു.

മോന്‍സനുമായി ബന്ധപ്പെട്ട വഞ്ചനക്കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട കെസുധാകരന് പൂര്‍ണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും മാറി നില്‍ക്കില്ല. സുധാകരന്‍ തയ്യാറായാലും പാര്‍ട്ടി അനുവദിക്കില്ല. ഇത് സംബന്ധിച്ച് ചര്‍ച്ച പാര്‍ട്ടിയില്‍ നടന്നിട്ടില്ല. നടക്കുന്നുമില്ല. സുധാകരനെ ചതിച്ച് ജയിലില്‍ അടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു കോണ്‍ഗ്രസുകാരനും പിന്നില്‍ നിന്നും കുത്തില്ല. ചങ്കു കൊടുത്തും കെപിസിസി പ്രസിഡന്റിനെ സംരക്ഷിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

 

Top