ഫോണിലെ ക്യാമറ, മൈക്ക്, ജിപിഎസ് പൊലീസിനു ഓൺ ചെയ്യാം; വിവാദ നിയമം പാസാക്കി ഫ്രാന്‍സ്

പൗരസ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്നവരെ ഞെട്ടിച്ച് ഇന്റര്‍നെറ്റ് ചരിത്രത്തിലെ ഏറ്റവും വിവാദമായേക്കാവുന്ന നിയമങ്ങളിലൊന്ന് പാസാക്കിയിരിക്കുകയാണ് ഫ്രാന്‍സ്. നിയമപാലകര്‍ക്കും അധികാരികള്‍ക്കും മുമ്പൊരിക്കലും ലഭ്യമല്ലാതിരുന്ന നിയന്ത്രണശക്തിയായിരിക്കും പുതിയ നിയമം നല്‍കുക. പൊലിസിനു സംശയം തോന്നുന്ന ആളുകളുടെ ഫോണുകളുടെയും മറ്റ് ഉപകരണങ്ങളുടെയും ക്യാമറകളും, മൈക്രോഫോണുകളും, ജിപിഎസ് ലൊക്കേഷനും റിമോട്ടായി ഓണ്‍ ചെയ്യാന്‍ അനുവദിക്കുന്നതാണ് ഇപ്പോള്‍ പാസാക്കിയ ബില്‍. ഇതിന് ഒരു ജഡ്ജിയുടെ അനുമതി ലഭിക്കണം. ജേണലിസ്റ്റുകള്‍, നിയമജ്ഞര്‍ തുടങ്ങി ‘സെന്‍സിറ്റിവ്’ ആയ ജോലിചെയ്യുന്നവരെ മാത്രം ഇതിന്റെ പരിധിയില്‍ നിന്ന് അടുത്ത കാലത്തു നടത്തിയ ഭേദഗതിയിലൂടെ ഒഴിവാക്കിയെന്നും ചില മാധ്യമങ്ങൾ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഗൗരവമുള്ള കേസുകളിലാണ് ക്യാമറയും മൈക്രോഫോണും ഓണ്‍ ചെയ്യാനുളള അനുമതി ലഭിക്കുക. അനുമതി ആറു മാസത്തേക്കായിരിക്കും. കൂടാതെ, അഞ്ചു വര്‍ഷം വരെ തടവു ലഭിക്കാവുന്ന കേസുകളില്‍ പെടുന്നവരുടെ ജിയോ ലൊക്കേഷന്‍ ട്രാക്കു ചെയ്യാനുമാണ് അനുമതി. ഇതെല്ലാം അനുവദിച്ചുകൊണ്ടുള്ള ബില്ലിന് സെനറ്റ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ഇപ്പോള്‍ ദേശീയ അസംബ്ലിയിലും അതു പാസാക്കി. പുതിയ നിയമം പൗരാവകാശത്തിനായി നിലകൊള്ളുന്നവര്‍ക്ക് ഞെട്ടലായി. ഡിജിറ്റല്‍ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന സംഘടനയായ ലാ ക്വാഡ്രാചുര്‍ ഡു നെറ്റ് (La Quadraturedu Net) ഈ നിയമം ദുരുപയോഗം ചെയ്യാനുളള സാധ്യത നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു.

ഇപ്പോള്‍ പാസാക്കിയ നിയമത്തില്‍ ‘ഗൗരവമുളള കുറ്റം ചെയ്തവര്‍ക്കെതിരെ’ ആണ് ഇത് പ്രയോഗിക്കുക എന്നു പറഞ്ഞിട്ടുണ്ടെങ്കിലും, അത്തരം കുറ്റങ്ങള്‍ നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും പറയുന്നു. ഈ നിയമം പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങി ഗൗരവമുള്ള കുറ്റങ്ങള്‍ ചെയ്യാത്തവര്‍ക്കെതിരെ പ്രയോഗിക്കപ്പെടാം എന്ന ഭീതിയും ഉണ്ട്. ഭാവിയില്‍ നിയമത്തിന്റെ പരിധിയിലേക്ക് ഗൗരവമില്ലാത്ത കുറ്റങ്ങളെയും ഉള്‍പ്പെടുത്താനുള്ള സാധ്യതയും ഉണ്ട്. ഫ്രാന്‍സില്‍ ജെനറ്റിക് രജിസ്‌ട്രേഷന്‍ തുടക്കത്തില്‍ ലൈംഗിക കുറ്റവാളികള്‍ക്കെതിരെ മാത്രമായിരുന്നു. ഇപ്പോള്‍ അത് എല്ലാ കുറ്റവാളികള്‍ക്കും ബാധകമാക്കിയെന്നും സംഘടന പറയുന്നു.

ഇത്തരം ഒരു നിയമം വന്നുകഴിഞ്ഞാല്‍ പൊലിസ് ഫോണുകളുടെ സുരക്ഷ ഭേദിക്കുകയായിരിക്കും ചെയ്യുക. അതിനു ശേഷം ഫോണുകള്‍ക്ക് സുരക്ഷാവിഴ്ചയുണ്ടായാല്‍ അത് അവ നിര്‍മിച്ചു കമ്പനികളെ അറിയിച്ചേക്കില്ല എന്ന ഭീതിയും വളരുന്നു. അതേസമയം, ഈ നിയമം ഒരു വര്‍ഷത്തില്‍ ഏതാനും ഡസന്‍ കേസുകളില്‍ മാത്രമായിരിക്കും ഉപയോഗിക്കുക എന്ന് ജസ്റ്റിസ് മന്ത്രി എറിക് ഡുപോണ്‍-മൊറെറ്റി (Éric Dupond-Moretti) പറഞ്ഞു.

ലോകമെമ്പാടുമുള്ള ഗവണ്‍മെന്റുകള്‍ പൊതുജനങ്ങളുടെ ഫോണുകളും മറ്റും നിരീക്ഷിക്കുന്നത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഫ്രാന്‍സില്‍ പുതിയ ബില്‍ പാസായിരിക്കുന്നത്. ഇസ്രായേലി ഹാക്കര്‍ ഗ്രൂപ്പായ എന്‍എസ്ഓയുടെ സഹായത്തോടെയായിരുന്നു ഐഫോണിലേക്കുംമറ്റും പല ഗവണ്‍മെന്റുകളും കടന്നുകയറിയിരുന്നത്. അതിനെതരെ പല രാജ്യങ്ങളിലും രോഷമുയരുകയും ചെയ്തിരുന്നു. സ്വന്തം പാര്‍ട്ടിയിലെ വിമതര്‍, രാഷ്ട്രീയ എതിരാളകള്‍, പത്രപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് എതിരെ പോലും ഇത് ഉപയോഗിച്ചിട്ടുണ്ട്.

Top