ശ്രീദേവിയുടെ ആത്മഹത്യ:സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

വണ്ടിപ്പെരിയാര്‍: ഇടുക്കി വണ്ടിപ്പെരിയാര്‍ അയ്യപ്പന്‍കോവില്‍ സ്വദേശി അയ്യപ്പന്‍കോവില്‍ മനിലപുതുപ്പറമ്പില്‍ പ്രമോദ് വര്‍ഗീസാണ് പിടിയിലായത്. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ ജൂലൈ ഒന്നിനാണ് വണ്ടിപ്പെരിയാര്‍ അയ്യപ്പന്‍കോവില്‍ സ്വദേശിയായ ശ്രീദേവിയെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശ്രീദേവിയുടെ ഭര്‍ത്താവ് പ്രശാന്ത് വിദേശത്താണ് ജോലി ചെയ്യുന്നത്. പാലായില്‍ ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു ഇവരും രണ്ടു മക്കളും താമസിച്ചിരുന്നത്. സംഭവ ദിവസം ഉച്ചയോടെ തന്റെ വീട്ടിലെത്തിയാണ് ശ്രീദേവി ആത്മഹത്യ ചെയ്തത്. പൊലീസ് അന്വേഷണത്തില്‍ ഇവരുടെ ബാഗില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതില്‍ അയ്യപ്പന്‍ കോവില്‍ സ്വദേശിയും ശ്രീദേവിയുടെ സുഹൃത്തുമായ പ്രമോദ്, ഇയാളുടെ ഭാര്യ സ്മിത എന്നിവരുടെ മാനസിക പീഡനമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് കുറിച്ചിരുന്നു.

പ്രമോദിനെ ഇയാളുടെ വീടിനു സമീപത്തു നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യ സ്മിതയെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യാനുള്ള നടപടികള്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ശ്രീദേവിയുടെ ഫോണ്‍ പരിശോധനക്കായി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. അടുത്തദിവസം പ്രമോദിന്റെ ഫോണും പരിശോധനക്കായി കൈമാറും. ഇവയുടെ പരിശോധന റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കും.

Top