അയ്യപ്പന്മാരെ കൊള്ളയടിക്കുന്ന ഇതര സംസ്ഥാനക്കാരായ വന്‍ മോഷണ സംഘം പിടിയില്‍

sabarimala

പത്തനംതിട്ട: ശബരിമല പമ്പയില്‍ നിന്നും ഇതര സംസ്ഥാനക്കാരായ വന്‍ മോഷണ സംഘത്തെ പൊലീസ് പിടികൂടി.

ജില്ലാ പൊലീസ് മേധാവിയ്ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പമ്പ ത്രിവേണിയ്ക്കു സമീപത്തു നിന്നും മോഷണ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.

തമിഴ്‌നാട് കമ്പം സ്വദേശി അയ്യപ്പന്‍, ഡിണ്ടിഗല്‍ സ്വദേശി മണിമുരുകന്‍, അത്തൂര്‍ നടുത്തെരുവ് സ്വദേശി പളനിസ്വാമി, ആണ്ടിപ്പെട്ടി സ്വദേശി രവി, ആന്ധ്രാപ്രദേശ് നെല്ലൂര്‍ സ്വദേശി ബനാലകൈഫാ എന്നിവരാണ് പിടിയിലായത്.

അയ്യപ്പനാണ് സംഘ തലവന്‍. മുരുകന്‍, പളനിസ്വാമി എന്നിവര്‍ നൂറോളം മോഷണ കേസുകളില്‍ പ്രതിയാണ്.

കഴിഞ്ഞ 20 വര്‍ഷമായി മണ്ഡല-മകരവിളക്ക്, വിഷു, മാസപൂജ കാലയളവില്‍ മോഷണകേസുകളില്‍ ഉള്‍പ്പെട്ട് ജയില്‍വാസം അനുഭവിച്ചിട്ടുള്ളവരാണ് പിടിയിലായവര്‍.

മണ്ഡല-മകരവിളക്ക് സീസണില്‍ എത്തുന്ന തീര്‍ത്ഥാടകരുടെ ബാഗില്‍ നിന്നും പണവും വിലപിടിപ്പുള്ള വസ്തുക്കളും കവരുകയും വനപ്രദേശത്തേക്ക് കടക്കുകയും ചെയ്യുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

തീര്‍ത്ഥാടകരുടെ വേഷത്തില്‍ തിരക്കുള്ള സ്ഥലങ്ങളിലെത്തി അയ്യപ്പന്‍മാരുടെ തോള്‍ സഞ്ചി ബ്ലേഡ് ഉപയോഗിച്ച് കീറിയാണ് പണവും വിലപിടിപ്പുള്ള വസ്തുക്കളും ഇവര്‍ മോഷ്ടിച്ചിരുന്നത്.

മോഷണത്തിന് ശേഷം വനത്തില്‍ കയറി പണം വീതം വെച്ച് ഒഴിഞ്ഞ പേഴ്‌സുകളും മറ്റും ഉപേക്ഷിക്കും.

പിന്നീട് സംഘത്തില്‍ ഒരാള്‍ പണവുമായി മടങ്ങുകയും മറ്റുള്ളവര്‍ വനത്തില്‍ തന്നെ തങ്ങുകയുമാണ് ചെയ്യുന്നതെന്ന് പൊലീസ് വിശദീകരിച്ചു.

Top