ഹാദിയയെ കാണാന്‍ എത്തിയ സോളിഡാരിറ്റി പ്രവര്‍ത്തകരെ പൊലീസും നാട്ടുകാരും തടഞ്ഞു

Hadiya case-the state government changed the lawyer

വൈക്കം: ഹാദിയയ്ക്ക് വൈദ്യസഹായം നല്‍കാന്‍ എത്തിയ സോളിഡാരിറ്റി പ്രവര്‍ത്തകരെ പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരിച്ചയച്ചു.

ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സോളിഡാരിറ്റി സംഘം ഹാദിയയുടെ വൈക്കത്തെ വീട്ടിലേക്ക് എത്തിയത്.

എന്നാല്‍ ഇവരെ പോലീസ് തടഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ അടക്കമുള്ളവര്‍ സംഘടിച്ചെത്തിയതോടെ പ്രദേശത്ത് സംഘര്‍ഷം ഉണ്ടാകാത്ത വിധത്തില്‍ പൊലീസ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയായിരുന്നു.

ഹാദിയയെ കാണാനും അവള്‍ക്ക് വൈദ്യസഹായം നല്‍കാനുമാണ് എത്തിയതെന്ന് സംഘത്തിലുള്ളവര്‍ പൊലീസിനോട് പറഞ്ഞെങ്കിലും കാണാന്‍ അനുവദിച്ചില്ല.

തുടര്‍ന്ന്, സംഘത്തിലുണ്ടായിരുന്നവര്‍ ഡിജിപി ലോകനാഥ് ബെഹ്‌റയെ ഫോണില്‍ വിളിച്ചു.

വീട്ടുകാരുടെ അനുമതിയുണ്ടെങ്കില്‍ കാണാമെന്ന് പറഞ്ഞ ബെഹ്‌റ ഹാദിയയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ തന്നെ വ്യക്തമാക്കിയ കാര്യവും ചൂണ്ടിക്കാട്ടി.

നവംബര്‍ 27ന് ഹാദിയയെ കോടതിയില്‍ ഹാജരാകുന്നുണ്ടെന്നും, അപ്പോള്‍ അവളെ കാണുന്നതില്‍ തടസമില്ലെന്നും ബെഹ്‌റ പ്രവര്‍ത്തകരെ അറിയിച്ചു.

ഇതോടെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എംവി ജയരാജനുമായും സോളിഡാരിറ്റി സംഘം ഫോണില്‍ വിളിച്ചു. ഇക്കാര്യത്തില്‍ പൊലീസ് നിലപാടിന് അപ്പുറത്തേക്കൊന്നും പറയാന്‍ ഇല്ലെന്നായിരുന്നു എം വി ജയരാജനും അഭിപ്രായപ്പെട്ടത്.

മകള്‍ക്ക് അസുഖമുണ്ടെങ്കില്‍ സ്വന്തം ചെലവില്‍ ആശുപത്രിയില്‍ കൊണ്ടുപൊയ്‌ക്കോളാമെന്ന് ഹാദിയയുടെ പിതാവ് അശോകനും സോളിഡാരിറ്റി പ്രവര്‍ത്തകരോട് തുറന്നടിച്ചു.

Top