‘ആദിപുരുഷ്’ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാവണനായി സെയ്‍ഫ് അലി ഖാനും രാമനായി പ്രഭാസും ആണ് എത്തുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ ആദിപുരുഷിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹർജി തള്ളിയിരിക്കുകയാണ് ദില്ലി കോടതി. റിലീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ് ഗൗരവ് എന്ന അഭിഭാഷകനാണ് ഹർജി നൽകിയത്.

അഡീഷണൽ സീനിയർ സിവിൽ ജഡ്ജി അഭിഷേക് കുമാർ ശനിയാഴ്ചയാണ് ഹർജി പിൻവലിച്ചത്. സിനിമയുടെ റിലീസ് മാറ്റിവച്ചിരിക്കുകയാണെന്നും സിനിമയിൽ ചില മാറ്റങ്ങൾ വരുത്താൻ അണിയറപ്രവർത്തകർ ആലോചിക്കുന്നതായും അറിഞ്ഞതിനാൽ കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന് അഭിഭാഷകൻ രാജ് ഗൗരവ് ആവശ്യപ്പെട്ടു. ഈ ആവശ്യം പരി​ഗണിച്ച കോടതി, അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി തള്ളുക ആയിരുന്നു.

ആദിപുരുഷിൽ ശ്രീരാമനെയും ഹനുമാനെയും തുകല്‍ സ്ട്രാപ്പ് ധരിച്ച തരത്തില്‍ കാണിച്ചെന്നും കൃത്യമല്ലാത്തതായ ചിത്രീകരണമാണ് നടന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പുരാണങ്ങളില്‍ രാമനെ മഹാമനസ്‌കനും ശാന്തനുമായാണ് കാണിച്ചതെങ്കില്‍ സിനിമയില്‍ അദ്ദേഹത്തെ കോപാകുലനായ പോരാളിയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, പലതവണ റിലീസ് മാറ്റിവച്ച ആദിപുരുഷ് ജൂണ്‍ 16ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ജനുവരി 12ന് ആദിപുരുഷ് തിയറ്ററുകളിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് റിലീസ് മാറ്റുകയായിരുന്നു. തമിഴില്‍ വിജയ്‍യുടെ വരിശും അജിത്തിന്റെ തുനിവും പൊങ്കല്‍ റിലീസുകളായി എത്തിയിരുന്നു. തെലുങ്കില്‍ ചിരഞ്ജീവിയുടെ വാള്‍ട്ടര്‍ വീരയ്യ സംക്രാന്തി റിലീസായും എത്തി. ഇതാകാം റിലീസ് മാറ്റാൻ കാരണമായത് എന്നായിരുന്നു റിപ്പോർട്ടുകൾ.

ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സണ്ണി സിംഗ്, ദേവ്‍ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസർ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചിരുന്നു. ചിത്രത്തിന്റെ വിഎഫ്എക്സിനെ പരിഹസിച്ചും വിമർശിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയത്. കൊച്ചു ടിവിക്ക് വേണ്ടിയാണോ സിനിമ ഒരുക്കിയതെന്നാണ് പലരും ചോദിച്ചത്. രാമായണത്തെയും രാവണനെയും ആദിപുരുഷ് തെറ്റായി ചിത്രീകരിക്കുന്നുവെന്നും വിമർശനങ്ങൾ ഉയർന്നു.

Top