മോദിക്കും അമിത് ഷായ്ക്കു ക്ലീന്‍ ചിറ്റ്: തെര. കമ്മീഷനെതിരെയുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്തുള്ള കോണ്‍ഗ്രസിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.

മോദിയും അമിതാഷായും നിരവധി തെരഞ്ഞെടുപ്പ് റാലികളില്‍ ജനപ്രതിനിധ്യ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എം.പി സുഷ്മിത ദേവ് ഇന്നലെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. രാജീവ് ഗാന്ധിയ്ക്കെതിരായ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പരാമര്‍ശത്തിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുത്തില്ല എന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടാനാണ് മഹിളാ കോണ്‍ഗ്രസ് നേതാവ് കൂടിയായ സുഷ്മിത ദേവിന്റെ ശ്രമം.

ഒന്നാം നമ്പര്‍ അഴമതിക്കാരനാണെന്നായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. ബൊഫോഴ്‌സ് കേസില്‍ ആരോപണ വിധേയനായ രാജീവ് ഗാന്ധിയുടെ പേരില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്നായിരുന്നു മോദിയുടെ ചോദ്യം. ജാര്‍ഖണ്ഡിലെ ചായ്ബാസയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദി പരാമര്‍ശം നടത്തിയത്. തുടര്‍ച്ചയായ പത്താം തവണയാണ് മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ചിറ്റ് നല്‍കിയിരുന്നത്.

Top