ആകാശമദ്ധ്യേ വിമാനത്തിന്റെ വാതില്‍ ഇളകി തെറിച്ചു; നിമിഷങ്ങള്‍ക്കകം അടിയന്തരമായി ലാന്റിങ്ങ്

കാലിഫോര്‍ണിയ: ആകാശമദ്ധ്യേ അലാസ്‌ക എയര്‍ലൈന്‍സ് വിമാനത്തിന്റെ ഡോര്‍ ഇളകിത്തെറിച്ചു. വിമാനം അടിയന്തരമായി തിരിച്ചിറക്കി. ടേക്ക് ഓഫ് കഴിഞ്ഞ് ഏതാനും മിനിറ്റുകള്‍ക്കുള്ളിലായിരുന്നു സംഭവം. പരിഭ്രാന്തരായ യാത്രക്കാരില്‍ പലരും ഉറക്കെ നിലവിളിച്ചു. അപകട നിമിഷങ്ങള്‍ക്കൊടുവില്‍ വിമാനം അടിയന്തിരമായി ലാന്റ് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന ആര്‍ക്കും പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

എയര്‍ലൈന്‍സിന്റെ 737-9 MAX ബോയിംഗ് വിമാനമാണ് യു.എസ് സംസ്ഥാനമായ ഒറിഗോണിലെ പോര്‍ട്ട്‌ലാന്‍ഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. പറന്നുയര്‍ന്ന ഉടന്‍ വിമാനത്തിന്റെ വാതില്‍ ഇളകി തെറിക്കുകയായിരുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ യാത്രക്കാര്‍ പങ്കുവച്ചിട്ടുണ്ട്.

ഒന്റാറിയോയില്‍ നിന്ന് കാലിഫോര്‍ണിയയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. 16,000 അടിയിലെത്തിയപ്പോള്‍ വിമാനത്തിന്റെ വലിയ ശബ്ദത്തോടെ വാതില്‍ ഇളകി തെറിക്കുകയായിരുന്നു. വിമാനത്തിന്റെ പിന്‍ഭാഗത്തെ മിഡ് ക്യാബിന്‍ എക്‌സിറ്റ് ഡോര്‍ ആണ് ഊരിത്തെറിച്ചത്. ഇതോടെ പിന്നാലെ വിമാനം പോര്‍ട്‌ലാന്‍ഡ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ തന്നെ എമര്‍ജന്‍സി ലാന്റിങ് നടത്തുകയായികുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന യുഎസ് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അറിയിച്ചു.

174 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ യാത്രക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

Top