പലിശയടക്കം തിരിച്ചടിക്കാന്‍ ഒരുങ്ങി പിണറായി സര്‍ക്കാര്‍, ഇനി പൊടി പാറും

ദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞാല്‍ ബി.ജെ.പിക്കും യു.ഡി.എഫിനും എതിരെ ആഞ്ഞടിക്കാന്‍ സി.പി.എം തീരുമാനം. യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കൂടുതല്‍ ശക്തമായ നിയമ നടപടി വരുമെന്നാണ് സൂചന. നിലവില്‍ രണ്ട് എം.എല്‍.എമാര്‍ അറസ്റ്റിലാണ്. കെ.എം. ഷാജിയാകട്ടെ അറസ്റ്റിന്റെ നിഴലിലുമാണ്. ഇക്കാര്യത്തില്‍ നടപടി വേഗത്തിലാക്കാനാണ് തീരുമാനം. വി.എസ് ശിവകുമാറിനും, കെ.ബാബുവിനും എതിരായ അന്വേഷണത്തിന് ഗവര്‍ണ്ണര്‍ അനുമതി നല്‍കിയില്ലങ്കില്‍ ബദല്‍ മാര്‍ഗ്ഗം സര്‍ക്കാര്‍ തന്നെ തേടും.

ബി.ജെ.പി – കോണ്‍ഗ്രസ്സ് ഒത്തുകളിയെന്ന പ്രചരണവും ശക്തമാക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ കൂടുതല്‍ ശക്തമായ നടപടിക്കും ഇപ്പോള്‍ സാധ്യത വര്‍ദ്ധിച്ചിട്ടുണ്ട്. സ്പീക്കറെ ലക്ഷ്യമിട്ട് ചെന്നിത്തല നടത്തിയ നീക്കം, വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയത് കൊണ്ടാണെന്നാണ് സര്‍ക്കാര്‍ സംശയിക്കുന്നത്. ബാര്‍ കോഴ കേസിന് പുറമെ മറ്റ് ചില കേസുകള്‍ കൂടി ചെന്നിത്തലക്ക് എതിരെ വരുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. ‘ആക്രമണമാണ് ഏറ്റവും വലിയ പ്രതിരോധമെന്ന് ” കണ്ട് ശക്തമായി ആഞ്ഞടിക്കാന്‍ തന്നെയാണ് ഭരണപക്ഷത്തിന്റെ തീരുമാനം. കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ നിലപാടും പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇനി കടുപ്പിക്കും.

ബി.ജെ.പി ഇടപെടലോട് കൂടിയുള്ള അന്വേഷണങ്ങളെ അതേ രൂപത്തില്‍ തന്നെ കാണാനാണ് തീരുമാനം. സ്വപ്ന സുരേഷിനെ കൊണ്ട് മുഖ്യമന്ത്രിക്കെതിരെ മൊഴി കൊടുപ്പിക്കാന്‍ ശ്രമിച്ചതിനെ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. ഇതു സംബന്ധമായ ക്രൈംബ്രാഞ്ച് അന്വേഷണം അന്തിമഘട്ടത്തിലാണ്. കള്ളമൊഴി കൊടുക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സി സമ്മര്‍ദ്ദം ചെലുത്തി എന്ന ശബ്ദരേഖയില്‍ സ്വപ്ന ഉറച്ച് നിന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിലാകും. കേരള പൊലീസ് കേന്ദ്ര സംഘത്തെ അറസ്റ്റ് ചെയ്യേണ്ട അസാധാരണ സാഹചര്യവും ഉണ്ടാകും. പരിധിവിട്ടാല്‍ കേന്ദ്ര ഏജന്‍സികളും നടപടി നേരിടേണ്ടി വരുമെന്നാണ് സി.പി.എം നേതൃത്വവും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അതേസമയം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എന്‍ രവീന്ദ്രനെതിരായ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കില്ല. എന്നാല്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരായ നീക്കത്തിന് തുനിഞ്ഞാല്‍ സര്‍ക്കാര്‍ സര്‍വ്വ സന്നാഹവുമായി നേരിടും. ബംഗാളില്‍ നടന്ന കയ്‌പേറിയ അനുഭവത്തിനും മീതെ അനുഭവിക്കേണ്ടി വരുമെന്നതാണ് സി.പി.എം മുന്നറിയിപ്പ്. ബി.ജെ.പിയുടെ ആയുധമായി കേന്ദ്ര ഏജന്‍സി പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വ്യാപകമായി രംഗത്തിറക്കാനും സി.പി.എമ്മിന് പദ്ധതിയുണ്ട്.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രമിക്കപ്പെട്ടിട്ടു പോലും മമത സര്‍ക്കാറിനെ തൊടാന്‍ പറ്റാത്തവര്‍ക്ക് ഇടതുപക്ഷ കേരളത്തില്‍ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നാണ് സി.പി.എം നേതൃത്വം തുറന്നടിക്കുന്നത്. മോദി – പിണറായി ഏറ്റുമുട്ടലായി കാര്യങ്ങള്‍ വളര്‍ന്നാല്‍ അത് ആത്യന്തികമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുക എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

Top