മോദി സർക്കാറിനെതിരായ നിലപാടുകളിൽ, കേരളത്തിലെ ഇടതു സർക്കാറിനെ “കോപ്പിയടിച്ച്” മമതയുടെ തൃണമൂൽ സർക്കാർ

ശ്ചിമ ബംഗാളിലെ മമത സര്‍ക്കാറിനെ നിരന്തരം വെട്ടിലാക്കുന്നതിപ്പോള്‍ കേരളത്തിലെ പിണറായി സര്‍ക്കാറാണ്. മോദി ഭരണകൂടം കൊണ്ടുവന്ന…പൗരത്വ നിയമഭേദിക്കെതിരെ രാജ്യം പ്രതിഷേധ ചൂടില്‍ തിളച്ചു മറിഞ്ഞപ്പോള്‍ അതിന്റെ ക്രെഡിറ്റ് അടിക്കാന്‍ നോക്കിയ മമതയെയും തൃണമൂല്‍ ഭരണകൂടത്തെയും വെട്ടിലാക്കിയാണ് കേരള നിയമസഭ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രമേയം പാസാക്കിയിരുന്നത്. ഇതോടെ, ബംഗാള്‍ നിയമസഭയ്ക്കും ഇത്തരമൊരു പ്രമേയം പാസാക്കേണ്ട അവസ്ഥയാണ് ഉണ്ടായത്. സി.എ.എയ്ക്ക് എതിരായ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ പ്രതിഷേധം നനഞ്ഞ പടക്കമായപ്പോള്‍, ലക്ഷങ്ങളെ തെരുവിലിറക്കിയാണ് കേരളത്തിലെ ഇടതുപക്ഷം കേന്ദ്ര സര്‍ക്കാറിനെ ഞെട്ടിച്ചിരുന്നത്. 80 ലക്ഷത്തോളം പേര്‍, ഈ മഹാശ്യംഖലയില്‍ പങ്കെടുത്തതായാണ് കണക്കാക്കപ്പെടുന്നത്. സി.എ.എയ്ക്ക് എതിരെ രാജ്യത്ത് നടന്ന ഏറ്റവും ജനപങ്കാളിത്വത്തോടെയുള്ള സമരവും ഇതു തന്നെയായിരുന്നു.

ഇതിനുശേഷം, ഡല്‍ഹിയിലാണിപ്പോള്‍ മറ്റൊരു സമരം കേന്ദ്രത്തിനെതിരെ ഇടതുപക്ഷ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് കേരള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.ഫ്രെബുവരി എട്ടിന് നടക്കുന്ന ആ സമരത്തില്‍ മന്ത്രിമാരും, ഇടതുപക്ഷ എം.എല്‍.എമാരും പങ്കെടുക്കും. ഈ പ്രഖ്യാപനം അറിഞ്ഞപാടെ, മമതയും ഡല്‍ഹിയില്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.ബംഗാളിനുള്ള കേന്ദ്ര ഫണ്ടിലെ കുടിശ്ശിക ഉടന്‍ തന്നില്ലെങ്കില്‍, കടുത്ത സമരം തുടങ്ങുമെന്നാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 18,000 കോടിയോളം രൂപ വിവിധ പദ്ധതികളില്‍ നിന്നായി സംസ്ഥാന സര്‍ക്കാരിന് ലഭിക്കാനുണ്ടെന്നതാണ് ബംഗാള്‍ സര്‍ക്കാരിന്റെ നിലപാട്. പ്രധാനമന്ത്രി ആവാസ് യോജനയില്‍ 9,300 കോടിയും തൊഴിലുറപ്പ് പദ്ധതിയില്‍ 6,900 കോടിയും കേന്ദ്രം നല്‍കാനുണ്ടെന്നും മമത സര്‍ക്കാര്‍ ആരോപിക്കുന്നു.’

ഈ വിഷയത്തില്‍ ഡിസംബറില്‍ ഡല്‍ഹിയില്‍ എത്തി മമത പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നെങ്കിലും സമരത്തിലേക്ക് പോയിരുന്നില്ല. എന്നാല്‍, കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഡല്‍ഹിയില്‍ പ്രതിഷേധം പ്രഖ്യാപിച്ചതോടെ മമതയും ആ വഴിക്കു തന്നെ നീങ്ങാന്‍ നിര്‍ബന്ധിതമാവുകയാണ് ഉണ്ടായത്. അതിനു പ്രധാന കാരണം പശ്ചിമ ബംഗാളില്‍ അതിശക്തമായി ഇടതുപക്ഷം തിരിച്ചു വരുന്നു എന്നതു തന്നെയാണ്. അടുത്തയിടെ കൊല്‍ക്കത്ത ബ്രിഗേഡ് ഗ്രൗണ്ടില്‍ ഡി.വൈ.എഫ്.ഐ ഒറ്റയ്ക്ക് സംഘടിപ്പിച്ച റാലിയില്‍ പത്തുലക്ഷത്തില്‍ അധികം പേരാണ് പങ്കെടുത്തിരുന്നത്. താഴെതട്ടു മുതല്‍ സി. പി.എം സംഘടനാ സംവിധാനവും ഇപ്പോള്‍ കരുത്താര്‍ജിച്ച് തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ മോദി സര്‍ക്കാറിനെതിരെ നടത്തുന്ന പോരാട്ടം കണ്ടു പഠിക്കണമെന്ന പ്രചരണം ബംഗാളില്‍ വ്യാപകമാകുന്നതും മമതയെ അസ്വസ്ഥമാക്കുന്ന ഘടകമാണ്. ഇക്കാര്യവും ചൂണ്ടിക്കാട്ടി തൃണമൂലിനെതിരെ, ശക്തമായ കടന്നാക്രമണമാണ് സി.പി.എം നടത്തി കൊണ്ടിരിക്കുന്നത്.മോദിയുടെ ‘ബി’ ടീമാണ് മമതയെന്നും , ഇപ്പോഴത്തെ നിലപാടെല്ലാം നാടകമാന്നെന്നുമാണ് അവരുടെ വാദം.

നിതീഷിനെ ഇന്ത്യാ മുന്നണിയില്‍ എത്തിച്ച് ആ മുന്നണിയെ തന്നെ തകര്‍ക്കാന്‍ ശ്രമിച്ച ബി.ജെ.പിയുടെ മറ്റൊരു ആയുധമായാണ് മമതയെ സി.പി.എം നോക്കി കാണുന്നത്. പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകള്‍ ഇല്ലാത്തതു കൊണ്ടാണ് വാജ്പേയി മന്ത്രിസഭയില്‍ മമത മന്ത്രിയായതെന്നും ആ ചരിത്രം വീണ്ടും ആവര്‍ത്തിക്കുമെന്നുമാണ് സി.പി.എം വിലയിരുത്തുന്നത്. ഇതൊരു രാഷ്ട്രീയ ക്യാംപയിനായും , ഇടതുപക്ഷമിപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ തൃണമൂലും ബി.ജെ.പിയും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടന്നതെങ്കില്‍ ഇത്തവണ ചിത്രം അതല്ല. ഇടതുപക്ഷം ശക്തമായ നിലയിലാണ് പോര്‍മുഖത്ത് ഇറങ്ങിയിരിക്കുന്നത്. ത്രിശങ്കുവില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ്സിനും ബംഗാളില്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കേണ്ട രാഷ്ട്രീയ സാഹചര്യമാണുള്ളത്.

ഇതോടെ, ശക്തമായ ത്രികോണ മത്സരത്തിനാണ് പശ്ചിമബംഗാളില്‍ ഇപ്പോള്‍ തിരിതെളിഞ്ഞിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അവസ്ഥ നിലവില്‍ ബി.ജെ.പിക്ക് ഇല്ലാത്തതും , മമത സര്‍ക്കാറിനെതിരെ ജനരോക്ഷം ശക്തമായതും , വോട്ടായി മാറിയാല്‍ , മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഇടതുപക്ഷ സഖ്യത്തിന് സാധിക്കും. രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലും അതു തന്നെയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തെ ശക്തമായി തള്ളിപ്പറയാന്‍ ഇതുവരെ മമത ഭരണകൂടത്തിനും തൃണമൂല്‍ കോണ്‍ഗ്രസ്സിനും കഴിഞ്ഞിട്ടില്ലന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ , ഇടതുപക്ഷത്തിന്റെ നിലപാട് അങ്ങനെയല്ല. കേരളത്തിലായാലും പശ്ചിമ ബംഗാളിലായാലും മോദി സര്‍ക്കാറിനെതിരെ ഒറ്റ നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്. അതാകട്ടെ ശക്തവും വ്യക്തവുമാണ്.

ഈ പശ്ചാത്തലത്തില്‍ തൃണമൂലിനെ പിന്തുണച്ചിരുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇടതുപക്ഷത്തോട്ട് നീങ്ങുമെന്ന ഭയമാണ് ഇപ്പോള്‍ മമതയ്ക്കുള്ളത്. അതുകൊണ്ടാണ്, മോദി സര്‍ക്കാറിനെതിരെ മൗനം തുടര്‍ന്നിരുന്ന മമത ഇപ്പോള്‍ വീണ്ടും ചെറുതായാണെങ്കില്‍ പോലും പ്രതികരിച്ച് തുടങ്ങിയിരിക്കുന്നത്.കേന്ദ്ര അവഗണന വിഷയം ഉന്നയിച്ച്, പിണറായി സര്‍ക്കാര്‍ ഡല്‍ഹിയില്‍ സമരം തുടങ്ങാനിരിക്കെയാണ്, മമതയുടെ സമര പ്രഖ്യാപനമെന്നതും… ശ്രദ്ധേയമാണ്. പിണറായി ഡല്‍ഹിയില്‍ പ്രതിഷേധം പ്രഖ്യാപിച്ചതിനു പിന്നാലെ മമതയും സമരം പ്രഖ്യാപിച്ചപ്പോള്‍, ഒരു പടികൂടി കടന്നിപ്പോള്‍ കേരള നിയമസഭ കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും പ്രമേയം പാസാക്കിയിരിക്കുകയാണ്. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ്, ചട്ടം 118 അനുസരിച്ച് പ്രമേയം അവതരിപ്പിച്ചിരുന്നത്.പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് പ്രമേയം അവതരിപ്പിച്ചിരുന്നത്.

രാജ്യത്ത് ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ സമീപനമെന്നാണ്, പ്രമേയത്തിലെ പ്രധാന കുറ്റപ്പെടുത്തല്‍. കേന്ദ്രത്തിന്റെ കീഴ്ഘടകങ്ങളായി സംസ്ഥാനങ്ങളെ കാണുന്നത് അവസാനിപ്പിക്കണമെന്നും , കേരളത്തിന്റെ വായ്പാപരിധി വെട്ടിക്കുറയ്ക്കുന്നതും ഗ്രാന്റുകള്‍ തടഞ്ഞുവയ്ക്കുന്നതും അവസാനിപ്പിക്കണമെന്നും , ഈ പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷ നിലപാടുകളെ കോപ്പിയടിക്കുന്ന മമത സര്‍ക്കാറിനും , സമാനമായ പ്രമേയം ഇനി ബംഗാള്‍ നിയമസഭയില്‍ അവതരിപ്പിക്കേണ്ടി വരും. അഥവാ അതിന് അവര്‍ തയ്യാറായില്ലങ്കില്‍ അതും, ബംഗാളിലെ ഇടതുപക്ഷത്തിന് ആയുധമാകും.

നരേന്ദ്രമോദി ഭരണകൂടത്തിനെതിരെ ചീറിയടുക്കുന്ന പെണ്‍പുലി എന്ന വീരപരിവേക്ഷമൊക്കെ, മമതയ്ക്ക് ഇപ്പോള്‍ നഷ്ടമായി കഴിഞ്ഞെന്നും അധികം താമസിയാതെ തന്നെ, പല്ലു കൊഴിഞ്ഞ ബംഗാള്‍ കടുവയുടെ അവസ്ഥയില്‍ അവരെത്തുമെന്നുമാണ് , ഇടതുനേതാക്കള്‍ തുറന്നടിക്കുന്നത്. 34 വര്‍ഷത്തെ നീണ്ട ഭരണത്തിനൊടുവില്‍ നഷ്ടപ്പെട്ട വംഗനാടിന്റെ ഭരണം തിരിച്ചുപിടിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ലോകസഭ തിരഞ്ഞെടുപ്പിലൂടെ കഴിയുമെന്നാണ് ഇടതുപക്ഷം കണക്ക് കൂട്ടുന്നത്. 42 ലോക സഭ അംഗങ്ങള്‍ ഉള്ള പശ്ചിമ ബംഗാളില്‍ , കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 22 സീറ്റില്‍ തൃണമൂല്‍ വിജയിച്ചപ്പോള്‍ ബി.ജെ.പി നേടിയത് 18 സീറ്റുകളാണ്.കോണ്‍ഗ്രസ്സിന് ഇടതുപിന്തുണയില്‍ 2 സീറ്റുകള്‍ ലഭിച്ചപ്പോള്‍ , ഇടതുപാര്‍ട്ടികള്‍ക്ക് ഒറ്റ സീറ്റു പോലും ലഭിച്ചിരുന്നില്ല. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തൃണമൂല്‍ കോണ്‍ഗ്രസ്സ് തന്നെയാണ് വലിയ മുന്നേറ്റം നടത്തിയിരുന്നത്.

എന്നാല്‍, അടുത്തയിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ബംഗാളില്‍ ഇടതുപക്ഷം തിരിച്ചു വരുന്നതിന്റെ സൂചന പ്രകടമാക്കുന്നതായിരുന്നു. ആ ആത്മവിശ്വാസമാണ് ബ്രിഗേഡ് ഗ്രൗണ്ടില്‍ നിറഞ്ഞു കവിഞ്ഞ ജനകൂട്ടത്തിലും ഇപ്പോള്‍ പ്രകടമായിരിക്കുന്നത്. തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള നല്ലൊരു വിഭാഗം ബി.ജെ.പിയോട് ഗുഡ് ബൈ പറഞ്ഞതിനാല്‍ ബി.ജെ.പിക്കും ഇപ്പോള്‍ ബംഗാളില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ട്. ബി.ജെ.പിയുടെ ഈ ആത്മവിശ്വാസ കുറവും തൃണമൂലിന്റെ ആശങ്കയും ഇടതുപക്ഷത്തിനാണിപ്പോള്‍ ഊര്‍ജ്ജം പകര്‍ന്നിരിക്കുന്നത്. അതാകട്ടെ, ഒരു യാഥാര്‍ത്ഥ്യവുമാണ് . . .

EXPRESS KERALA VIEW

Top