ചിത്ര’ശലഭ’ത്തിന് പറക്കാൻ വഴി ഒരുക്കി പിണറായി സർക്കാർ, തഴഞ്ഞവർക്ക് തിരിച്ചടി

തിരുവനന്തപുരം :പി ടി ഉഷ ഉള്‍പ്പെട്ട അത്‌ലറ്റിക് ഫെഡറേഷന്‍ തഴഞ്ഞ കേരളത്തിന്റെ കറുത്ത മുത്ത് പി യു ചിത്രയ്ക്ക് പിണറായി സര്‍ക്കാറിന്റെ സഹായഹസ്തം.

പരിശീലനത്തിന് ധനസഹായം എന്ന നിലയില്‍ മാസത്തോറും കാല്‍ ലക്ഷം രൂപ നല്‍കാനാണ് തീരുമാനം. എപ്പോള്‍ വേണമെങ്കിലും ചിത്രയ്ക്ക് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനും സാധിക്കും.

ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയ ചിത്രയെ ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലേയ്ക്ക് തിരഞ്ഞെടുക്കാതെ തഴഞ്ഞത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

ഹൈക്കോടതി നിര്‍ദേശിച്ചിട്ടു പോലും തെറ്റുതിരുത്താന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ തയ്യാറായിരുന്നില്ല.

അത്‌ലറ്റിക് ഫെഡറേഷന്റെ പ്രധാനിയായ പി.ടി ഉഷ, അഞ്ജു ബേബി ജോര്‍ജ് അടക്കമുള്ളവര്‍ കേരളത്തിന് അപമാനമായി മാറിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനം

പയ്യോളി എക്‌സ്പ്രസ്സ് എന്ന് മലയാളികള്‍ ആവേശത്തോടെ വിളിക്കുന്ന പിടി ഉഷക്ക് മേലെ പാലക്കാട്ടുകാരി ‘ചിത്രശലഭം’ പറക്കുമെന്ന ഭയമാണ് അത്‌ലറ്റിക് ഫെഡറേഷന്റെ തലതിരിഞ്ഞ തീരുമാനത്തിന് പിന്നിലെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്.

ഹൈക്കോടതി ഉത്തരവിട്ടിട്ടും സാങ്കേതികത്വം പറഞ്ഞ് ഉത്തരവ് നടപ്പാക്കാതിരിക്കുന്ന ഉഷ ഉള്‍പ്പെട്ട ഏഴംഗ കമ്മിറ്റിയുടെ നിലപാട് ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റില്ലെന്നതാണ് കേരളത്തിന്റെ പൊതു വികാരം.

കോര്‍ട്ടലക്ഷ്യ നടപടി ചോദിച്ചു വാങ്ങിയിരിക്കുകയാണ് ഈ ‘ധിക്കാരി’ കമ്മിറ്റിയിപ്പോള്‍

പാലക്കാട് ജില്ലയിലെ മുണ്ടൂര്‍ ഗ്രാമത്തില്‍ കൂലിപ്പണിക്കാരായ ഉണ്ണികൃഷ്ണന്‍വസന്തകുമാരി ദമ്പതിമാരുടെ മൂന്നാമത്തെ കുട്ടിയാണ് ചിത്ര.

മുണ്ടൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ദീര്‍ഘദൂര ഇനങ്ങളില്‍ സീനിയര്‍ വിഭാഗത്തിലെ മുഴുവന്‍ സ്വര്‍ണമെഡലുകളും സ്വന്തമാക്കികൊണ്ടായിരുന്നു ചിത്രയുടെ തുടക്കം.

പി.യു. ചിത്രയെ ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതിയും, ഉത്തരവ് നടപ്പാക്കണമെന്ന് കേന്ദ്ര കായിക മന്ത്രാലയവും ആവശ്യപ്പെട്ടെങ്കിലും നിഷേധാത്മക നിലപാട് തുടരുകയായിരുന്നു അത്‌ലറ്റിക് ഫെഡറേഷന്‍.

പി.യു. ചിത്രയുടെ മെഡല്‍വേട്ടയുടെ നാള്‍ വഴികള്‍

2017 ഇന്ത്യയിലെ ഭുവനേശ്വറില്‍ വെച്ച് നടന്ന 22 ആമത് ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണമെഡല്‍
2014ദേശീയ സ്‌കൂള്‍ ഗെയിംസില്‍ 1500, 3000, 5000 ഇലും 3 കിലോമീറ്റര്‍ ക്രോസ് കണ്ട്രി ഈവന്റിലും സ്വര്‍ണമെഡല്‍
2013ആദ്യ ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ 3000 ഇല്‍ സ്വര്‍ണ മെഡല്‍
2013 ദേശീയ സ്‌കൂള്‍ ഗെയിംസില്‍ 1500, 3000, 5000 ഇലും 3 കിലോമീറ്റര്‍ ക്രോസ് കണ്ട്രി ഇനത്തിലും സ്വര്‍ണമെഡല്‍
2013കേരള സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ 1500, 3000, 5000 ഇവയില്‍ സ്വര്‍ണമെഡല്‍
2012കേരള സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ 1500, 3000, 5000 ഇവയില്‍ സ്വര്‍ണമെഡല്‍
2011ദേശീയ സ്‌കൂള്‍ ഗെയിംസില്‍ 1500, 3000, 5000 ഇവയില്‍ സ്വര്‍ണം. 3 കിലോമീറ്റര്‍ ക്രോസ് കണ്ട്രി ഇവന്റില്‍ വെങ്കലം

Top