പിണറായി മന്ത്രിസഭ ‘അറിഞ്ഞതിലും’ അപ്പുറമാകും, മിടുക്കര്‍ അണിനിരക്കും

ടതുപാര്‍ട്ടികള്‍ അവരുടെ മന്ത്രിമാരെ തീരുമാനിക്കും മുന്‍പെ മാധ്യമങ്ങളാണിപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്. ചാനലുകളും സോഷ്യല്‍ മീഡിയകളും സാധ്യതാ ലിസ്റ്റിന്റെ പേരില്‍ മന്ത്രിമാരെ പ്രഖ്യാപിക്കുന്ന തിരക്കിലാണിപ്പോള്‍ ഒരോരുത്തരും അവരവരുടെ യുക്തിക്ക് അനുസരിച്ചുള്ള തീരുമാനങ്ങളാണ് നിലവില്‍ പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ പലതിലും വസ്തുതയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

സി.പി.എം മന്ത്രിമാരെ തീരുമാനിക്കുന്നത് പാര്‍ട്ടി സംസ്ഥാന കമ്മറ്റിയാണ്. സി.പി.ഐയുടേത് സംസ്ഥാന കൗണ്‍സിലണ് അന്തിമ തീരുമാനമെടുക്കുക. ഈ രണ്ട് കമ്മറ്റികളും ചേരും മുന്‍പ് തന്നെ മന്ത്രിമാരെ മാത്രമല്ല വകുപ്പുകള്‍ കൂടി പ്രഖ്യാപിക്കാനാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ മത്സരിക്കുന്നത്. കഴിഞ്ഞ പിണറായി സര്‍ക്കാറില്‍ 20 മന്ത്രിമാരാണ് ഉണ്ടായിരുന്നത്. ഇത്തവണ പുതുതായി ചില ഘടക കക്ഷികള്‍ കൂടി എത്തിയ സ്ഥിതിക്ക് അവര്‍ക്കും മന്ത്രി സ്ഥാനം നല്‍കേണ്ടി വരും.അതായത് നിലവിലെ 19 എന്നത് വര്‍ദ്ധിക്കുകയോ അതല്ലങ്കില്‍ നിലവിലെ അംഗസംഖ്യയില്‍ വിട്ടുവീഴ്ച ചെയ്യുകയോ വേണ്ടി വരും. ഇക്കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനമെടുക്കേണ്ടത് സി.പി.എം, സി.പി.ഐ നേതൃത്വങ്ങളാണ്.

കഴിഞ്ഞ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം സി.പി.എമ്മില്‍ നിന്നും 13 പേരാണ് ഉണ്ടായിരുന്നത്. നാലു പേരാണ് സി.പി.ഐക്ക് ഉണ്ടായിരുന്നത്. ഇതിനു പുറമെ ജനതാദള്‍ എസ് , കോണ്‍ഗ്രസ്സ് എസ് , എന്‍.സി.പി കക്ഷികള്‍ക്കും മന്ത്രി സ്ഥാനം ലഭിച്ചിട്ടുണ്ട്. ഇത്തവണ ജനാധിപത്യ കേരള കോണ്‍ഗ്രസ്സ്, ഐ.എന്‍.എല്‍, ജോസ്.കെ മാണി വിഭാഗം കേരള കോണ്‍ഗ്രസ്സ്, ആര്‍.എസ്.പി ലെനിനിസ്റ്റ്, എല്‍.ജെ.ഡി പാര്‍ട്ടികള്‍ കൂടി മുന്നണിയുടെ ഭാഗമാണ്. ഇവര്‍ക്ക് എം.എല്‍.എമാരുമുണ്ട്.

കുന്ദമംഗലത്ത് നിന്നും നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് പി.ടി.എ റഹീമും വിജയിച്ചിട്ടുണ്ട്. ഇടതു സ്വതന്ത്രനായാണ് ഇദ്ദേഹം വിജയിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ്സ് ബി നേതാവ് കെ.ബി ഗണേഷ് കുമാറും ഇത്തവണ മന്ത്രി സ്ഥാനം ആഗ്രഹിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാ ഘടക കക്ഷികള്‍ക്കും മന്ത്രി സ്ഥാനം നല്‍കാന്‍ തീരുമാനിച്ചാല്‍ ജംബോ മന്ത്രിസഭയായാണ് അത് മാറുക. കേരളം പോലുള്ള കൊച്ചു സംസ്ഥാനത്ത് ഇത്തരമൊരു അവസ്ഥ സൃഷ്ടിക്കാന്‍ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ തയ്യാറാകാന്‍ സാധ്യതയില്ല.

നിലവില്‍ പുതിയ നിയമസഭയില്‍ സി.പി.എമ്മിന് 68 ഉം സി.പി.ഐക്ക് 17ഉം സീറ്റുകളുമാണുള്ളത്. ഒരു എം.എല്‍.എ സ്ഥാനം മാത്രം ഉള്ള പാര്‍ട്ടികളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നാല്‍ ഈ പ്രതിസന്ധി എളുപ്പത്തില്‍ മറികടക്കാനാകും. കഴിഞ്ഞ തവണ കടന്നപ്പള്ളിയോട് കാട്ടിയ വിട്ടുവീഴ്ച മുന്‍ മന്ത്രി കൂടിയായ കെ.ബി ഗണേഷ് കുമാറിനോട് മുഖ്യമന്ത്രി കാണിച്ചാല്‍ അദ്ദേഹവും ഇത്തവണ മന്ത്രിസഭയിലെത്തും. കേരള കോണ്‍ഗ്രസ്സിന് രണ്ട് മന്ത്രി സ്ഥാനം ലഭിച്ചാല്‍ റോഷി അഗസ്റ്റ്യനും ജയരാജും മന്ത്രിമാരാകാനാണ് സാധ്യത. സി.പി.ഐയില്‍ നിന്നും പി.പ്രസാദ്, കെ രാജന്‍, ചിഞ്ചുറാണി, വാഴൂര്‍ സോമന്‍ എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത. സി.പി.എമ്മില്‍ നിന്നും മുഖ്യമന്ത്രി പിണറായിക്കു പുറമെ എം.വി ഗോവിന്ദന്‍, കെ.കെ ശൈലജ, കെ.രാധാകൃഷ്ണന്‍ , വി.ശിവന്‍കുട്ടി , കെ.എന്‍.ബാലഗോപാല്‍, സജി ചെറിയാന്‍, പി.പി ചിത്തരഞ്ജന്‍, പി.രാജീവ്, വി.എന്‍ വാസവന്‍, പി.നന്ദകുമാര്‍, മുഹമ്മദ് റിയാസ്, വീണ ജോര്‍ജ്, എം.ബി രാജേഷ് തുടങ്ങിയവരും പരിഗണനക്ക് വരും.

പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയാണെങ്കില്‍ എ.സി മൊയ്തീന്‍, എം.എം മണി, ടി.പി രാമകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്ക് മാറി നില്‍ക്കേണ്ടി വരും. നേമത്ത് ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചതാണ് ശിവന്‍കുട്ടിയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. മാത്രമല്ല അദ്ദേഹം സി.പി.എം സംസ്ഥാന കമ്മറ്റി അംഗവുമാണ്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ആണെന്നതാണ് കെ.എന്‍.ബാലഗോപാലിന്റെയും  പി.രാജീവിന്റെയും സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. പി.ഗോവിന്ദന്‍ , കെ.കെ ശൈലജ, കെ രാധാകൃഷ്ണന്‍ എന്നിവര്‍ സി.പി.എം കേന്ദ്ര കമ്മറ്റി അംഗങ്ങളാണ്. പാലക്കാട്ട് നിന്നും വിജയിച്ച ഏക സംസ്ഥാന കമ്മറ്റി അംഗമാണ് എന്നത് എം.ബി രാജേഷിന്റെയും സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ്. മലപ്പുറത്ത് നിന്നും വിജയിച്ച പി.നന്ദകുമാര്‍ സി.ഐ.ടി.യു ദേശീയ സെക്രട്ടറിയാണ്. വി.എന്‍ വാസവനും സജി ചെറിയാനും സി.പി.എം സംസ്ഥാന കമ്മറ്റി അംഗങ്ങളാണ്. ചിത്തരഞ്ജന്‍ ആകട്ടെ മത്സ്യ മേഖലയിലെ പ്രധാന നേതാവുമാണ്.

മുസ്ലീം പ്രാതിനിത്യം കൂടി പരിഗണിക്കുമ്പോള്‍ മുഹമ്മദ് റിയാസിന് സാധ്യത ഏറെയാണ്.അദ്ദേഹം നിലവില്‍ സി.പി.എം സംസ്ഥാന കമ്മറ്റി അംഗം മാത്രമല്ല ഡി.വൈ.എഫ്.ഐ ദേശീയ അദ്ധ്യക്ഷനുമാണ്. കഴിഞ്ഞ സഭയില്‍ തന്നെ ഏറെ ശ്രദ്ധേയമായ മുഖമാണ് വീണ ജോര്‍ജ്. മാധ്യമ രംഗത്തു നിന്നും രാഷ്ട്രീയത്തിലെത്തിയ ഇവര്‍ രണ്ടാം തവണയാണ് എം.എല്‍.എയാകുന്നത്. വനിതാ പ്രാതിനിത്യം കൂടി പരിഗണിക്കുമ്പോള്‍ വീണയുടെ സാധ്യത തള്ളിക്കളയാന്‍ കഴിയുകയില്ല. സ്പീക്കര്‍ പദവിയിലേക്കും ശക്തനായ ഒരാള്‍ തന്നെ വരുമെന്നാണ് സി.പി.എം നേതൃത്വം നല്‍കുന്ന സൂചന.

ഘടക കക്ഷികളുടെ മന്ത്രിമാര്‍ ഏതൊക്കെ ജില്ലകളില്‍ നിന്നാകും എന്നതു കൂടി പരിഗണിച്ചാകും മന്ത്രിമാരുടെ കാര്യത്തില്‍ സി.പി.എം അന്തിമ തീരുമാനമെടുക്കുക. കഴിഞ്ഞ തവണ എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ നിന്നുമാണ് മന്ത്രിമാരില്ലാതിരുന്നത്. മാത്യു ടി തോമസ് ഇടയ്ക്ക് വച്ച് രാജിവച്ചതിനാല്‍ കോട്ടയത്ത് നിന്നു കൂടി മന്ത്രിയില്ലാത്ത സാഹചര്യവുമുണ്ടായി. പുതുമുഖങ്ങള്‍ക്ക് തന്നെ അവസരം നല്‍കാന്‍ സി.പി.ഐയും തീരുമാനിച്ചാല്‍ ഇത്തവണ കാസര്‍ഗോഡ് നിന്നും മന്ത്രിമാരുണ്ടാകില്ല. വയനാടും മന്ത്രിമാരില്ലാത്ത ജില്ലകളിലാണ് സ്ഥാനം പിടിക്കാന്‍ പോകുന്നത്.

 

Top