അമിതമായി ഫോണ്‍ ചൂടാകുന്നു; ആന്‍ഡ്രോയിഡ് ചാര്‍ജറുകള്‍ നിരോധിക്കാനൊരുങ്ങി ആപ്പിള്‍

ന്യൂയോര്‍ക്ക് : ഐഫോണ്‍15 ഉപഭോക്താക്കള്‍ ഫോണ്‍ ചൂടാകുന്നുവെന്ന പ്രശ്‌നം ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരുന്നു. ഐഫോണില്‍ ആന്‍ഡ്രോയിഡ് യുഎസ്ബി-സി ചാര്‍ജറുകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശം ഉപയോക്താക്കള്‍ക്ക് നല്കിയിരിക്കുകയാണ് ആപ്പിള്‍ സ്റ്റോറുകള്‍. രണ്ട് ഇന്റര്‍ഫേസുകളുടെയും വ്യത്യസ്ത പിന്‍ ക്രമീകരണങ്ങള്‍ കാരണം അമിതമായി ഫോണ്‍ ചൂടാകുന്നതിനെക്കുറിച്ചുള്ള ആശങ്കകളും സ്റ്റോര്‍ ജീവനക്കാര്‍ പങ്കുവെച്ചു. ഐഫോണ്‍ 15 ചാര്‍ജ് ചെയ്യാന്‍ ആന്‍ഡ്രോയിഡ് യുഎസ്ബി-സി കേബിളുകള്‍ ഉപയോഗിക്കരുതെന്ന് ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ആപ്പിള്‍ സ്റ്റോര്‍, ഉപഭോക്താക്കളോട് നിര്‍ദ്ദേശിച്ചതായി ചൈനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വിഷയത്തില്‍ ആപ്പിള്‍ ഔദ്യോഗികമായി അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. എങ്കിലും ചൈനയില്‍ നിന്നുള്ള ഉപദേശം ഉപകരണ സുരക്ഷാ ആശങ്കകളെ പ്രതിഫലിപ്പിക്കുന്നതാണോ അതോ കമ്പനിയുടെ യുഎസ്ബി-സി വാങ്ങാന്‍ ഐഫോണ്‍ 15 ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നതാണോ എന്നതാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

ആപ്പിളിന്റെ യുഎസ്ബി-സി കേബിളിനെ അപേക്ഷിച്ച് സിംഗിള്‍-വരി 9-പിന്‍, സിംഗിള്‍-വരി 11-പിന്‍ കണക്ടറുകള്‍ തമ്മിലുള്ള ചെറിയ വിടവുള്ള ആന്‍ഡ്രോയിഡ് കേബിള്‍ ഉപയോഗിക്കുന്നത് അമിതമായി ഫോണ്‍ ചൂടാകാന്‍ ഇടയാക്കുമെന്ന് ആപ്പിള്‍ സ്റ്റോര്‍ അറിയിച്ചു. ചൈനീസ് പോര്‍ട്ടലായ സിഎന്‍എംഒയുടെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച്, ചൈനയിലുടനീളമുള്ള ഒന്നിലധികം ആപ്പിള്‍-എക്സ്‌ക്ലൂസീവ് സ്റ്റോറുകള്‍ സമാനമായ ജാഗ്രതാ നിര്‍ദേശം ഉപയോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.

പുതിയ ഐഫോണുകള്‍ക്കായി യുഎസ്ബി-സി ചാര്‍ജിംഗ് കേബിളുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള ആപ്പിളിന്റെ നിര്‍ദേശങ്ങളിലെ പോരായ്മയും ഉപയോക്താക്കള്‍ ചൂണ്ടിക്കാണിക്കുന്നു. ആപ്പിളിന്റെ ഔദ്യോഗിക ഗൈഡ് ആപ്പിള്‍-ബ്രാന്‍ഡഡ് കേബിളുകളുടെയും ചാര്‍ജിംഗ് അഡാപ്റ്ററുകളുടെയും ഉപയോഗം വ്യക്തമാക്കുന്നു. അതുപോലെ എല്ലാ തേര്‍ഡ് പാര്‍ട്ടി അഡാപ്റ്ററുകളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന മുന്നറിയിപ്പും ആപ്പിള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ ഈ മാനദണ്ഡങ്ങള്‍ പാലിക്കാത്ത അഡാപ്റ്ററുകള്‍ ഉപയോഗിക്കുന്നത് ഉപയോക്താവിന്റെ സുരക്ഷയ്ക്ക് മരണമോ, പരിക്കോ ഉള്‍പ്പെടെയുള്ള ഗുരുതരമായ അപകടസാധ്യതകള്‍ക്കോ കാരണമാകാമെന്നും കമ്പനി പറയുന്നു.

Top