മന്ത്രി തോമസ് ചാണ്ടിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

കൊച്ചി: ഭൂസംരക്ഷണ നിയമ വകുപ്പ് 7, 8 പ്രകാരം മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.

അഡ്വ.രഞ്ജിത്ത് മുഖാന്തരം നെല്‍കര്‍ഷകനായ ടി.എന്‍ മുകുന്ദനാണ് കോടതിയെ സമീപിച്ചത്.

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റ വിഷയത്തില്‍ കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട് വന്നിട്ടും സര്‍ക്കാര്‍ മുഖം തിരിക്കുന്ന സാഹചര്യത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

കേരള ഭൂസംരക്ഷണ നിയമവും, നെല്‍വയല്‍ – നീര്‍ത്തട സംരക്ഷണ നിയമവും ലംഘിച്ച് മന്ത്രി ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നതെന്ന കളക്ടറുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി എന്നത് മന്ത്രിയെ സംബന്ധിച്ച് ആശങ്കയുളവാക്കുന്നതാണ്.

ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ സര്‍ക്കാരിനും പൊലീസിനും മുന്‍പാകെ നല്‍കിയിട്ടും നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് നെല്‍കര്‍ഷകനായ ടി.എന്‍ മുകുന്ദന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

തോമസ് ചാണ്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അദ്ദേഹത്തോട് ഇപ്പോഴും മൃദു സമീപനം സ്വീകരിക്കുന്ന ഇടതുമുന്നണിക്കും സര്‍ക്കാരിനും ഹൈക്കോടതി മുന്‍പാകെയുള്ള ഈ ഹര്‍ജി തിരിച്ചടിയാണ്.

കേസ് ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.

Top