ഷാന്‍ കൊലക്കേസ്; കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും

ആലപ്പുഴ: എസ്ഡിപിഐ നേതാവായിരുന്ന അഡ്വ. കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ ഭാഗത്തിന്റെ വാദം കേട്ട കോടതി കേസ് അഞ്ചിലേക്ക് മാറ്റി വെക്കുകയായിരുന്നു. ഹര്‍ജിയില്‍ കോടതി പ്രതിഭാഗത്തിന്റെ വാദം കേള്‍ക്കും. ഈ ഹര്‍ജി തീര്‍പ്പാക്കിയ ശേഷമേ വിചാരണ നടപടികള്‍ തുടങ്ങൂ. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ 11 പേരാണ് കേസിലെ പ്രതികള്‍. കൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന കെവി ബെന്നിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറാണ് കുറ്റപത്രം സമര്‍പ്പിക്കേണ്ടതെന്നും അതിനാല്‍ കുറ്റപത്രം മടക്കണം എന്നും വാദം ഉന്നയിച്ച് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ തന്നെയാണ് കുറ്റപത്രം നല്‍കിയതെന്നും അതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. 2021 ഡിസംബര്‍ 18 ന് രാത്രിയാണ് ഷാന്‍ കൊല്ലപ്പെട്ടത്. കൊല നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ബിജെപി ഓബിസി മോര്‍ച്ചാ നേതാവ് അഡ്വ രഞ്ജിത് ശ്രീനിവാസനെ വധിച്ചത്. ഈ കേസില്‍ 15 പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു.

Top